മണ്ണാർക്കാട്:കേരളീയ സമൂഹത്തിൽ ഇന്ന് സ്ഥിര പ്രതിഷ്ഠ നേടിയ ഒരു പദാവലിയാണ് 'ബൈത്തുറഹ്മ' അഥവാ കാരുണ്യഭവനം. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ആർദ്രതയുടെയും മഹനീയ വ്യക്തിത്വമായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം നിർമിച്ചു നൽകുന്ന ഈ ഭവന പദ്ധതിയിൽ കല്ലടിക്കോട്-മാപ്പിള സ്‌കൂൾ യൂണിറ്റ് മുസ്‌ലിം ലീഗ്അതിന്റെ പങ്കാളിത്തം വഹിച്ചിരിക്കുന്നു. പ്രായ പൂർത്തിയായ രണ്ടു പെണ്മക്കളുമൊത്ത് സുരക്ഷിതമല്ലാത്ത കൂരക്കുള്ളില്‍ കഴിച്ചു കൂട്ടേണ്ടി വന്ന യുവതിക്കും മക്കൾക്കുമാണ്റമദാനിന്റെ പുണ്യമായി ഈ ഭവനം കൈമാറിയത്.
അതുകൊണ്ടു തന്നെ ഷമീനയും രണ്ടു പെൺമക്കളും ഇത്തവണ പുതിയ വീട്ടിൽ പെരുന്നാൾ ആഘോഷിക്കും. 720 സ്‌ക്വയർ ഫീറ്റ് വലുപ്പത്തിൽ 12ലക്ഷം രൂപ ചെലവിൽഎല്ലാ സൗകര്യത്തോടെയുമുള്ള മനോഹരമായ ഈ വീട് പണിതു കൊടുക്കാൻ നിസ്സാരമായ അദ്ധ്വാനമല്ല പ്രാദേശിക ലീഗ് പ്രവർത്തകർ നടത്തിയത്. വീടിന്റെ സമീപത്തുള്ള സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചും അയൽക്കാരും നിർമാണ പ്രവർത്തനവുമായി പൂർണ്ണമായും സഹകരിച്ചു.
ജനനായകൻ എന്ന വാക്കിന്റെ അർഥം സൗമ്യമായ ജീവിതം കൊണ്ടു വരച്ചിട്ട ശിഹാബ് തങ്ങളുടെ പേരിൽ ഈ പ്രദേശത്ത് പൂർത്തിയാകുന്ന പ്രഥമ ഭവനമാണിത്. മഹാനായ ശിഹാബ് തങ്ങളുടെ നിത്യ സ്മരണികയായി ഇന്ന് കേരളത്തിനകത്തും പുറത്തും ആയിര കണക്കിന് കാരുണ്യവീടുകൾ തല ഉയർത്തി നിൽക്കുന്നുണ്ട്.
അർഹത എന്ന ഒറ്റ മാനദണ്ഡത്തിന്റെ അടിത്തറയിലാണ് ഓരോ പ്രദേശത്തും കാരുണ്യഭവനം പണിതുയർത്തുന്നത്.
ചില പ്രദേശങ്ങളിൽ ബൈത്തുറഹ്‌മ എന്ന പേരിൽ ഭവന സമുച്ചയം തന്നെയുണ്ട്. ബൈത്തുറഹ്മയുടെ സമർപ്പണത്തോടെ കരിമ്പ പഞ്ചായത്തിലെ സാധു കുടുംബങ്ങളിൽ കാരുണ്യത്തിന്റെ സഹായ ഹസ്തം ലക്ഷ്യമിടുന്ന മുസ്‌ലിം ലീഗിന്റെ യൂണിറ്റ് പ്രവർത്തനങ്ങൾക്കുള്ള ഊർജസ്വലമായ
പുതിയമുന്നേറ്റമാണിതെന്ന് പ്രവർത്തകർ പറഞ്ഞു. ലോക്ക് ഡൗൺ കാരണത്താൽ ഗൃഹപ്രവേശന ചടങ്ങ് ലളിതമായിരുന്നു.
തുപ്പനാട് മഹല്ല് ഖാസി ഷറഫുദ്ദീൻ അൻവരി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ.തോമസ് ജോൺ തടത്തിൽ വിശിഷ്ടാതിഥിയായിപങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് എം.എ.റഷീദ്,സെക്രട്ടറി ഷംസുദ്ദീൻ, അസ്‌കർ പാലക്കൽ തുടങ്ങിയവർ പങ്കെടുത്തു.