Advertisment

ഇന്ത്യയ്ക്ക് ഉണ്ടായ ലോകസമ്മതിയായിരിക്കാം ചൈനയെ ചൊടിപ്പിക്കുന്നതെന്ന് ടി.പി. ശ്രീനിവാസന്‍; സഹകരണമാണ് കാലഘട്ടത്തിന്റെ ആവശ്യം; അതിര്‍ത്തി മാര്‍ക്ക് ചെയ്യാതെ സഹകരണം നടത്താന്‍ സാധിക്കില്ലെന്നും മുന്‍ അംബാസിഡര്‍

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

ഇന്ത്യയ്ക്ക് ഉണ്ടായ ലോകസമ്മതിയായിരിക്കാം ചൈനയെ ചൊടിപ്പിക്കുന്നതെന്ന് വിദേശകാര്യ വിദഗ്ധനും മുന്‍ അംബാസിഡറുമായ ടി.പി. ശ്രീനിവാസന്‍. ഗ്ലോബല്‍ മലയാളി മീഡിയ സംഘടിപ്പിച്ച വെബിനാറില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാല്‍വാനില്‍ നിന്നുള്ള ചൈനയുടെ പിന്മാറ്റം നിലവിലെ സംഘര്‍ഷത്തിന്റെ സമാപനമായി കാണാം. അതിര്‍ത്തി അടയാളപ്പെടുത്താത്തോളം കാലം പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടും. മനുഷ്യരാശിയുടെ ഭാവിയക്കുറിച്ച് ഉത്തരമില്ലാതെ ഇരിക്കുന്ന കാലഘട്ടത്തില്‍ ചൈന ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത് ലോകം അത്ഭുതത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

publive-image

ഇന്ത്യയോട് മാത്രമല്ല വിയറ്റ്‌നാം പോലുള്ള മറ്റുരാജ്യങ്ങളോടും ചൈനയുടെ സമീപനം ഇതുപോലെയായിരുന്നു. ലോകത്തിന്റെ നേതൃത്വം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം ചൈനയുടെ ഈ നടപടികള്‍ കാണാന്‍. പ്രശ്‌നങ്ങളല്ല, സഹകരണമാണ് കാലഘട്ടത്തിന്റെ ആവശ്യം.

ഇന്ത്യയുടെ നയം മാറ്റേണ്ടിയിരിക്കുന്നു. അതിര്‍ത്തി മാര്‍ക്ക് ചെയ്യാതെ സഹകരണം നടത്താന്‍ സാധിക്കില്ലെന്ന് നിശ്ചയിക്കുകയും സമയബന്ധിതമായി അത്‌ നടപ്പിലാക്കാന്‍ നടപടികള്‍ ഉണ്ടാവുകയും ചെയ്യണം. അതിനുവേണ്ട ശ്രമങ്ങളായിരിക്കണം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്നും ടിപി ശ്രീനിവാസന്‍ വ്യക്തമാക്കി.

അമേരിക്കയുടെ ആലിംഗനത്തിലേക്കാണ് ചൈന ഇന്ത്യയെ തള്ളിവിടുന്നത്. അതിജീവിക്കുക എന്നതാണ് ഇപ്പോള്‍ മനുഷ്യരാശി ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്.

publive-image

കൊവിഡ് കാലം പ്രവാസിയെ സാരമായി ബാധിച്ചു

കൊവിഡ് കാലം പ്രവാസിയെ സാരമായി ബാധിച്ചിരിക്കുകയാണെന്നും ടിപി ശ്രീനിവാസന്‍ പറഞ്ഞു. പ്രവാസികളില്ലായിരുന്നുവെങ്കില്‍ കേരളം എന്ന സംസ്ഥാനം ഉണ്ടാകുമോ എന്ന് ചിന്തിക്കണം. അവിടെ നിന്ന് വരാനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും സംരക്ഷണവും ഒരുക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസരംഗത്ത് സമുചിതമായ മാറ്റം അനിവാര്യം

വിദ്യാഭ്യാസരംഗത്ത് സമുചിതമായ മാറ്റം ആവശ്യമാണ്. ആറു വര്‍ഷം മുമ്പ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെക്കുറിച്ച് താന്‍ പറഞ്ഞിരുന്നതാണെങ്കിലും ശക്തമായ എതിര്‍പ്പുകളാണ് ഉണ്ടായത്. പുതിയത് കണ്ടാല്‍ ആദ്യം എതിര്‍ക്കുകയും പിന്നീട് അംഗീകരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ നാടിന്റെ രീതി. ഓണ്‍ലൈന്‍ മാത്രമായ കാലത്തേക്ക് മാധ്യമങ്ങള്‍ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ അഞ്ജു സ്വാഗതം പറഞ്ഞു. ജോര്‍ജ് എം കാക്കനാട് അധ്യക്ഷത വഹിച്ചു. സജീവ് കെ പീറ്റര്‍ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ഉബൈദ് എടവണ്ണ മോഡറേറ്ററായിരുന്നു. ഫിജിന കബീര്‍ നന്ദി പറഞ്ഞു.

Advertisment