Advertisment

ഗോണ്‍സാലോ റാമോസ്; റൊണാൾഡോക്ക് പകരമിറങ്ങി ചരിത്രം കുറിച്ച പോർച്ചുഗീസ് നക്ഷത്രം

New Update

publive-image

Advertisment

ദോഹ: ഗോൺസാലോ റാമോസ്, ഖത്തർ ലോകകപ്പിൽ ഉദിച്ചുയർന്ന പോർച്ചുഗീസ് നക്ഷത്രം. ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ സ്വിസ് പടയെ തകര്‍ത്തെറിഞ്ഞത് ഈ 21കാരന്റെ മിന്നും പ്രകടനത്തോടെയാണ്. മൂന്ന് തവണയാണ് റാമോസ് സ്വിസ് വലകുലുക്കിയത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരമായി ഇറങ്ങിയ റാമോസ് അത്ഭുതകരമായ പ്രകടനമാണ് കാഴ്ചവെച്ചത്. 17ാം മിനിറ്റിലാണ് റാമോസ് ഗോളടിക്ക് തുടക്കമിടുന്നത്. പെനാല്‍റ്റി ബോക്‌സിനുള്ളില്‍ നിന്ന് ഉഗ്രന്‍ ഇടങ്കാലന്‍ ഷോട്ടിലൂടെയാണ് റാമോസ് വലകുലുക്കിയത്. ഖത്തര്‍ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു അത്.

51ാം മിനിറ്റില്‍ റാമോസ് മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ നേടി. വലത് വിങ്ങില്‍ നിന്നുള്ള ഡാലോയുടെ ക്രോസില്‍ നിന്ന് അനായാസം റാമോസ് ഗോളടിച്ചു. 67ാം മിനിറ്റില്‍ ആ ബൂട്ടുകളില്‍ നിന്ന് മൂന്നാം ഗോളും പിറന്നു. ജാവോ ഫെലിക്‌സിന്റെ പാസ് സ്വീകരിച്ച റാമോസ് മികച്ചൊരു ചിപ്പിലൂടെ സ്വിസ് ഗോള്‍കീപ്പര്‍ സോമ്മറിനെ മറികടന്ന് പന്ത് വലയിലെത്തിച്ചു. ഇതോടെ താരം ഹാട്രിക്കും കുറിച്ചു.

റാമോസിന്റെ രാജ്യാന്തര കരിയറിലെ ആദ്യ ഹാട്രിക്കാണിത്. അതും തന്റെ ലോകകപ്പിലെ ആദ്യ ഇലവനിൽ ഇടം പിടിച്ച മത്സരത്തിൽ തന്നെ. 2002 ലോകകപ്പില്‍ മിറോസ്ലാവ് ക്ലോസേയ്ക്ക് ശേഷം ആ നേട്ടം കൈവരിക്കുന്ന താരം കൂടിയാണ് റാമോസ്. ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കും ഈ 21കാരന്‍ സ്വന്തമാക്കി.

1990ല്‍ തോമസ് സകുഹ്‌റാവിക്ക് ശേഷം ലോകകപ്പ് നോക്കൗട്ട് സ്‌റ്റേജില്‍ ഹാട്രിക്ക് തികയ്ക്കുന്ന താരമായും റാമോസ് മാറി. ലോകകപ്പ് നോക്കൗട്ട് സ്‌റ്റേജില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ പോര്‍ച്ചുഗീസ് താരമാണ് റാമോസ്. ഇതിന് മുന്നേ ഇതിഹാസതാരം യുസേബിയോയാണ് ഈ നേട്ടം കൈവരിച്ചത്.

Advertisment