Advertisment

രാജസ്ഥാനിലെ സച്ചിന്റെ പ്രകടനം ശ്രദ്ധേയമായെങ്കിലും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത് ഭാര്യ സാറ..!

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപിയുടെ ഭരണത്തിന് തിരശ്ശീല വീഴ്ത്തി കോണ്‍ഗ്രസിന്റെ ചരിത്ര വിജയത്തിന് പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്. എന്നാല്‍ വിജയത്തിലേക്ക് കോണ്‍ഗ്രസിനെ കൈപിടിച്ച് കയറ്റിയത് യുവജനങ്ങളുടെ പ്രതീകമായ സച്ചിന്‍ പൈലറ്റായിരുന്നു. രാഷ്ട്രീയ ലോകത്ത് സച്ചിന്റെ നേട്ടമായിരുന്നു ചര്‍ച്ച. രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാതെ സഫാ എന്ന പാരമ്പര്യ തലക്കെട്ട് അണിയില്ലെന്ന് 2014 ല്‍ പരസ്യമായി എടുത്ത പ്രതിജ്ഞയുടെ സാക്ഷാത്കാരമായിരുന്നു സച്ചിന് ഈ വിജയം. മുഖ്യമന്ത്രി പദം പാര്‍ട്ടി അശോക് ഗെഹ്‌ലോട്ടിനായി സമ്മാനിച്ചപ്പോള്‍ അണികളോട് പ്രകോപനം പാടില്ലെന്ന് ആഹ്വാനം ചെയ്താണ് സച്ചിന്‍ പൈലറ്റ് വീണ്ടും താരമാവുകയായിരുന്നു.

Advertisment

publive-image

രാജസ്ഥാനിലെ സച്ചിന്റെ പ്രകടനം ശ്രദ്ധേയമായെങ്കിലും സോഷ്യല്‍മീഡിയ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് സച്ചിന്റെ ഭാര്യ സാറ അബ്ദുള്ള പൈലറ്റിനെയായിരുന്നു. ഇന്ത്യക്കാര്‍ സച്ചിന്‍ പൈലറ്റിനേക്കാള്‍ ഗൂഗിളില്‍ തിരഞ്ഞത് അദ്ദേഹത്തിന്റെ ഭാര്യ സാറാ പൈലറ്റിന്റെ പേരാണ്. രാജസ്ഥാനിലെ മുഖ്യമന്ത്രി ആരാണെന്ന് അറിയുന്നതിനേക്കാള്‍ ആകാംക്ഷ സച്ചിന്റെ ഭാര്യ ആരെന്ന് തിരയുന്നതിലായിരുന്നു.

കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ മകളും ഒമര്‍ അബ്ദുള്ളയുടെ സഹോദരിയുമായ സാറയാണ് സച്ചിന്റെ ഭാര്യ. സാറ അബ്ദുളള എന്ന പേര് സാറ അബ്ദുളള പൈലറ്റ് എന്നാക്കുകയായിരുന്നു. വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതിനാല്‍ ഇവരുടെ വിവാഹത്തെ സാറയുടെ കുടുംബം എതിര്‍ത്തിരുന്നു.

സച്ചിനും സാറയും ലണ്ടനില്‍ പഠിച്ചു കൊണ്ടിരിക്കവേയാണ് പ്രണയത്തിലായതും വിവാഹിതരായതും. സച്ചിന്റെയും സാറയുടെയും വിവാഹത്തിന് അബ്ദുള്ള കുടുംബം സഹകരിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവരുടെ ബന്ധം സാറയുടെ വീട്ടുകാര്‍ അംഗീകരിച്ചതു പോലും. ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദവും അന്താരാഷ്ട്ര കാര്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ആളാണ് സാറ. ഐക്യരാഷ്ട്രസഭയുടെ സ്ത്രീകള്‍ക്കായുളള വികസന ഫണ്ടില്‍ സാറ ജോലി ചെയ്തിട്ടുണ്ട്.നേരത്തെ, കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പില്‍ എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് കുമാരസ്വാമിയുടെ ഭാര്യയും സിനിമാതാരവുമായ രാധികയുടെ പേരായിരുന്നു.

Advertisment