ഒരു ശതമാനം പ്രളയസെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിന് ജിഎസ്ടി കൗണ്‍സിന്റെ അനുമതി: തീരുമാനം പ്രളയാനന്തരപുനര്‍നിര്‍മാണത്തിന് കേരളത്തെ സഹായിക്കാന്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, January 10, 2019

ദില്ലി: ചരക്ക് സേവനനികുതിക്ക് മേല്‍ ഒരു ശതമാനം പ്രളയസെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിന് ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്‍കി. പ്രളയാനന്തരപുനര്‍നിര്‍മാണത്തിന് കേരളത്തെ സഹായിക്കാനാണ് തീരുമാനം. നേരത്തേ ജിഎസ്ടി മന്ത്രിതല ഉപസമിതിയും പ്രളയസെസ് പിരിക്കാന്‍ സംസ്ഥാനത്തിന് അനുമതി നല്‍കാന്‍ ശുപാര്‍ശ നല്‍കിയിരുന്നു. ദില്ലിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് കാര്യമായ തുക സ്വരുക്കൂട്ടാന്‍ സംസ്ഥാനസര്‍ക്കാരിന് ഇതു വഴി കഴിയുമെന്നാണ് കണക്കുകൂട്ടല്‍. കേരളത്തിനകത്ത് മാത്രമേ പുതിയ വ്യവസ്ഥ പ്രകാരം സെസ് പിരിക്കാനാകൂ. പ്രകൃതിദുരന്തമുണ്ടാകുന്ന സംസ്ഥാനങ്ങളില്‍ പുനര്‍നിര്‍മാണത്തിനുളള ഫണ്ട് കണ്ടെത്താന്‍ ജിഎസ്ടി കൗണ്‍സിലിനെ കാര്യങ്ങള്‍ ധരിപ്പിച്ച് സെസ് പിരിക്കാന്‍ അനുമതി വാങ്ങുന്ന പുതിയ വ്യവസ്ഥയ്ക്കും ഇതിലൂടെ വഴി തെളിയുകയാണ്.

പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് വേണ്ട ഫണ്ട് കണ്ടെത്താന്‍ പുറംവായ്പയുടെ പരിധി ഉയര്‍ത്താനും സര്‍ക്കാരിന് അനുമതി കിട്ടിയിട്ടുണ്ട്. സെസ് നിരക്ക്, കാലയളവ്, ഏതൊക്ക ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തും – എന്നീ കാര്യങ്ങള്‍ സംസ്ഥാനത്തിന് തീരുമാനിക്കാം.

×