Advertisment

ഹജ്ജ് മിഷൻ പ്രവർത്തനങ്ങൾ സ്തുത്യർഹം; ഹാജിമാരുടെ എണ്ണം കൂടിയിട്ടും പരാതികൾ നന്നേ കുറഞ്ഞു; കൂടുതൽ സേവനങ്ങൾക്കായി കേന്ദ്രത്തിന്റെ ശ്രദ്ധ ക്ഷണിക്കും : ഇന്ത്യൻ ഹജ്ജ് അഭ്യൂദയ സംഘം

New Update

മക്ക: ഈ സീസണിൽ ഇന്ത്യയിൽ നിന്നെത്തിയ റെക്കോർഡ് എണ്ണം ഹജ്ജ് തീർത്ഥാടകർക്ക് ആയാസ രഹിതമായ വിധം വിശുദ്ധ കർമങ്ങൾ അനുഷ്ഠിക്കാനായെന്നും അതിനുള്ള സാഹചര്യങ്ങൾ ഒരുക്കിയ സൗദി ഭരണകൂടത്തോട് ഇന്ത്യയ്ക്കുള്ള മതിപ്പും നന്ദിയും അറിയിക്കുന്നതായും ഇന്ത്യയുടെ രണ്ടംഗ ഹജ്ജ് അഭ്യുദയ സംഘം പറഞ്ഞു. വെല്ലുവിളികൾ ഏറെ ഉണ്ടായിരുന്നിട്ടും ഇന്ത്യൻ അംബാസഡർ, കോൺസൽ ജനറൽ, ഹജ്ജ് കോൺസൽ എന്നിവരുടെ നേതൃത്വത്തിലുള്ള സൗദിയിലെ ഇന്ത്യൻ ഹജ്ജ് മിഷൻ സ്തുത്യർഹമായ പ്രകടനമാണ് കാഴ്ച വെച്ചതെന്നും ഹജ്ജിന് ശേഷം മക്കയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അഭ്യുദയ സംഘം മേധാവിയും മുൻ ഉത്തർപ്രദേശ് ആക്റ്റിംഗ്‌ മുഖ്യമന്ത്രിയുമായ ഡോ . സയ്യിദ് മുഹമ്മദ് അമ്മാര്‍ റിസ്‌വി, ഉപമേധാവി ജമാല്‍ സിദ്ധിഖി എന്നിവർ വിവരിച്ചു.

Advertisment

publive-image

ഇന്ത്യയിൽ നിന്നെത്തുന്ന ഹാജിമാർക്ക് സർവ സൗകര്യങ്ങളും ഉറപ്പാക്കുകയെന്നത് കേന്ദ്ര സർക്കാരിന് വലിയ താല്പര്യമുള്ള കാര്യങ്ങളിൽ പെടുന്നതാണ് . ഈ വര്ഷം ഹാജിമാരുടെ സേവനത്തിനായി 97 വനിതകൾ ഉൾപ്പെടെ അറുനൂറു ജീവനക്കാരെയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സൗദിയിലേക്ക് നിയമിച്ചത്. എന്നാൽ, ഇതിനിയും വർധിപ്പിക്കണമെന്നും ഹജ്ജ് ക്വാട്ട അനുസരിച്ചു നിയമിക്കുന്ന ജീവനക്കാരുടെ എണ്ണം, ഹജ്ജിനായി അയക്കുന്ന മരുന്നുകൾ, മറ്റു കാര്യങ്ങൾ എന്നിവയിൽ വര്ധനവുണ്ടാക്കണമെന്നും ഡോ. റിസ്‌വി ആവശ്യപ്പെട്ടു. ഹാജിമാർക്ക് കൂടുതൽ സേവനങ്ങൾ വരും വർഷങ്ങളിൽ ഏർപ്പെടുത്തണമെന്നും എന്നാൽ ഇതിനു വേണ്ടി വർധിച്ച ഫീസ് ചുമത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുൾപ്പെടെയുള്ള നിർദേശങ്ങൾ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം, ഹജ്ജ് കമ്മിറ്റി, മറ്റു ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങൾ എന്നിവയ്ക്ക് സമർപ്പിക്കുമെന്നും അദ്ദേഹം തുടർന്നു.

ഇരു ഹറമിനും അടുത്ത് ഹാജിമാര്‍ക്ക് മികച്ച കെട്ടിടങ്ങൾ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് അേദ്ദഹം അഭിപ്രായപ്പെട്ടു.അപ്രകാരം, രക്തബന്ധത്തിലുള്ളവർ കൂടെയില്ലാത്ത തന്നെ വനിതാ ഹാജിമാർ ഇതാദ്യമായി ഇത്തവണ ഹജ്ജിനെത്തി. ഇത്തരത്തിലുള്ള 1,171 സ്ത്രീകളാണ് ഇതാദ്യമായി ഹജ്ജിനെത്തിയത്. ഇവർക്ക് പ്രത്യേകമായി ഇന്ത്യൻ ഹജ് മിഷൻ പ്രത്യേക സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. വനിതാ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും മാത്രം നിയമിച്ചു കൊണ്ടുള്ള കേന്ദ്രവും മെഡിക്കൽ സൗകര്യങ്ങളും ഇവർക്കായി പ്രവർത്തിപ്പിച്ചു. ഇത്തരത്തിലുള്ള കൂടുതൽ എണ്ണം സ്ത്രീകൾക്ക് ഹജ്ജിന് വരും വർഷങ്ങളിൽ സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെടുമെന്നും ഡോ. റിസ്‌വി തുടർന്നു.

publive-image

ഇന്തോനേഷ്യയ്ക്കും പാകിസ്ഥാനും ശേഷം ഏറ്റവും കൂടുതൽ ഹാജിമാരെത്തിയത് ഇന്ത്യയിൽ നിന്നായിരുന്നു (1,75,025 പേർ). മുൻ വർഷങ്ങളേക്കാൾ ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട വർധിപ്പിച്ചതിലും സൗദി ഭരണകൂടത്തോടു ഇന്ത്യക്കുള്ള നന്ദിയും ഡോ. റിസ്‌വി പ്രകടിപ്പിച്ചു. അതേസമയം, വർഷങ്ങളെ അപേക്ഷിച്ചു പരാതികൾ ഏറ്റവും കുറഞ്ഞ വര്ഷവുമായിരുന്നു ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും ജീവനക്കാരും വിശ്രമമറിയാതെ അധ്വാനിച്ചതിന്റെ ഫലമാണ് ഒന്നേ മുക്കാൽ ലക്ഷം കവിഞ്ഞ ഇന്ത്യൻ ഹാജിമാർ അനുഭവിക്കുന്ന സംതൃപ്തി. ഹാജിമാരുടെ യാത്ര, താമസം, ചികിത്സ മുതലായ കാര്യങ്ങളിൽ ഹജ്ജ് മിഷൻ കാഴ്ച വെച്ച പ്രകടനങ്ങൾ വിവരണാതീതമാണ്. ഇതിനു പുറമെ, കോൺസുലേറ്റ് 2014 ൽ രൂപം കൊടുത്ത ആപ്പ് (ഇന്ത്യൻ ഹാജി ഇൻഫർമേഷൻ സിസ്റ്റം) ഇത്തവണ കൂടുതൽ പരിഷ്കരിച്ച വിധം നടപ്പാക്കിയതും ഹാജിമാർക്ക് ഏറെ ആശ്വാസകരമായി.

ഈ വർഷം "ഇ - മസീഹ" (മെഡിക്കൽ അസ്സിസ്റ്റൻസ് സിസ്റ്റം ഫോർ ഇന്ത്യൻ ഹാജീസ് അബ്രോഡ്) എന്ന പേരിൽ ഓ പി ഡി സിസ്റ്റം കൂടി ഉൾപ്പെടുത്തിയിരുന്നു. ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായുള്ള ഈ സിസ്റ്റം പ്രകാരം വൈദ്യ സേവനം ആവശ്യമുള്ള തീർത്ഥാടകർക്ക് ഓൺലൈൻ വഴി റെജിസ്റ്റർ ചെയ്യാനും ആവശ്യമുള്ളപ്പോൾ ആരോഗ്യ വിവരങ്ങൾ നോക്കി തുടർ ചികിത്സയും ഡാറ്റാ പരിപാലനവും സാധിക്കും. ഇതും ആദ്യമായാണ് ഹാജിമാർക്ക് വേണ്ടി ഏർപ്പെടുത്തുന്നത്.

ഇന്ത്യൻ ഹജ്ജ് അഭ്യുദയ സംഘം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തുകയും വിജയകരമായ രീതിയിൽ ഹജ്ജ് സാധ്യമാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം കൈമാറുകയും ചെയ്തു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ഹജ്ജ് മന്ത്രി ഡോ.മുഹമ്മദ് സ്വാലിഹ് ബിൻതൻ എന്നിവർക്കുള്ള അഭിനന്ദനവും സംഘം പ്രകടിപ്പിച്ചു.

പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ്ജ് കോണ്‍സലുമായ മുഹമ്മദ് ഷാഹിദ് ആലം എന്നിവരും സംബന്ധിച്ചു.

Advertisment