Advertisment

അകത്ത് ബെൽറ്റുകൊണ്ടും വടികൊണ്ടും ആർക്കോ അടി കിട്ടുന്ന ഒച്ച എനിക്ക് കേൾക്കാമായിരുന്നു ; ഉച്ചത്തിലുള്ള നിലവിളികളും; കേട്ടപ്പോൾ അത് അച്ഛന്റേതാണെന്ന് എനിക്ക് മനസ്സിലായി ; ഓടിച്ചെന്ന എന്നെ അവർ തോക്കുചൂണ്ടി ഒരു മൂലയ്ക്കിരുത്തി; ലോക്കപ്പിനുള്ളിൽപത്തിലധികം പൊലീസുകാർ ചേർന്ന് എന്റെ അച്ഛനെ ഷോക്കടിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ബെൽറ്റുകൊണ്ട് തല്ലുന്നുമുണ്ടായിരുന്നു ; ഇടക്ക് അവർ സ്ക്രൂ ഡ്രൈവർ കൊണ്ട് അച്ഛനെ കുത്തി ; ഞാൻ അലറിക്കരഞ്ഞപ്പോൾ, ഒരു പാക്കറ്റ് ചിപ്സ് തന്നിട്ട് മിണ്ടാതെ ഇരുന്നോളണം എന്ന് പറഞ്ഞു." ; ഉത്തർപ്രദേശിൽ നിന്ന് ഞെട്ടിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ സാക്ഷ്യങ്ങൾ പുറത്ത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ഉത്തർപ്രദേശിലെ ഫിൽകുവയിൽ നിന്ന്, ഞെട്ടിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും പുതിയ സാക്ഷ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. നാട്ടിൽ ഏറെ ദുരൂഹമായ സാഹചര്യത്തിൽ നടന്ന ഒരു യുവതിയുടെ കൊലപാതകത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടുകൊണ്ട് പ്രദീപ് തോമർ എന്ന സെക്യൂരിറ്റി ജീവനക്കാരൻ ഫിൽകുവാ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തപ്പെട്ടു.

Advertisment

publive-image

പൂർണാരോഗ്യവാനായി ആ സ്റ്റേഷന്റെ പടികടന്ന് അകത്തേക്ക് പോയ പ്രദീപ് പക്ഷേ, പുറത്തേക്ക് പോയത് ആംബുലൻസിലായിരുന്നു. പൊലീസുകാരുടെ കൊടിയ പീഡനങ്ങൾക്കൊടുവിൽ നടക്കാൻ പോലുമാകാത്ത അവസ്ഥയിലായിരുന്ന പ്രദീപിനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രദീപിന്റെ കയ്യും പിടിച്ചുകൊണ്ട്, കൂടെ സ്റ്റേഷനിലേക്ക് വന്ന പത്തുവയസ്സുകാരൻ മകന്റെ മൊഴികളാണ് ഈ കേസിൽ ഏറെ നിർണായകമാകാൻ പോകുന്നത്.

അവൻ പറഞ്ഞ കാര്യങ്ങൾ ആരുടെയും മനസ്സുലക്കുന്നവയാണ്. "അച്ഛന്റെ കൂടെയാണ് ഞാൻ സ്റ്റേഷനിലേക്ക് ചെന്നത്. എന്തൊക്കെയോ ചോദിക്കാനുണ്ടെന്നും പറഞ്ഞാണ് അവർ വിളിപ്പിച്ചത്. എന്നെ അവർ സ്‌റ്റേഷനിലെ വെയ്റ്റിങ് റൂമിൽ ഇരുത്തിയശേഷം അച്ഛനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

ഞാൻ ഇടക്ക് അച്ഛനെവിടെ എന്ന് ചോദിച്ചപ്പോൾ ആരും ഒന്നും പറഞ്ഞില്ല. അകത്ത് ബെൽറ്റുകൊണ്ടും വടികൊണ്ടും ആർക്കോ അടി കിട്ടുന്ന ഒച്ച എനിക്ക് കേൾക്കാമായിരുന്നു. ഉച്ചത്തിലുള്ള നിലവിളികളും. കേട്ടപ്പോൾ അത് അച്ഛന്റേതാണെന്ന് എനിക്ക് മനസ്സിലായി. ഓടിച്ചെന്ന എന്നെ അവർ തോക്കുചൂണ്ടി ഒരു മൂലയ്ക്കിരുത്തി.

ലോക്കപ്പിനുള്ളിൽ അവർ പത്തിലധികം പൊലീസുകാർ ചേർന്ന് എന്റെ അച്ഛനെ ഷോക്കടിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ബെൽറ്റുകൊണ്ട് തല്ലുന്നുമുണ്ടായിരുന്നു അവർ. വേറെ ഒരാൾ ലാത്തിയ്ക്ക് അടിക്കുന്നുണ്ടായിരുന്നു അച്ഛനെ. ഇടക്ക് അവർ സ്ക്രൂ ഡ്രൈവർ കൊണ്ട് അച്ഛനെ കുത്തി.

അവർ എല്ലാവരും തുടർച്ചയായി മദ്യപിക്കുന്നുമുണ്ടായിരുന്നു. ഇടയൊക്കെപ്പോഴോ, ദാഹിച്ചു വെള്ളം ചോദിച്ചപ്പോൾ, അവർ അച്ഛനെ പിന്നെയും തല്ലി. അതുകണ്ട ഞാൻ അലറിക്കരഞ്ഞപ്പോൾ, ഒരു പാക്കറ്റ് ചിപ്സ് എനിക്ക് തന്നിട്ട്, മിണ്ടാതെ ഇരുന്നോളണം എന്ന് അവർ പറഞ്ഞു."

പതറാത്ത ശബ്ദത്തോടെയാണ് അവൻ ഇതത്രയും പത്രക്കാർക്കുമുന്നിൽ ആവർത്തിച്ചത്. എസ്‌ഐ അടക്കം ഹാപുർ സ്റ്റേഷനിലെ മൂന്നു പൊലീസുകാരെ സംഭവത്തിൽ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തുകഴിഞ്ഞു. ഫിൽകുവാ സ്റ്റേഷനിലെ SHO യോഗേഷ് ബലിയാൻ, സബ് ഇൻസ്‌പെക്ടർ അജബ് സിങ്ങ്, കോൺസ്റ്റബിൾ മനീഷ് കുമാർ എന്നിവരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്.

ആശുപത്രിയിലെത്തിയ തോമറിന്റെ ബന്ധുക്കൾ അദ്ദേഹത്തിന്റെ ശരീരത്തിലെ ക്ഷതങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതിഷേധിക്കുന്ന ദൃശ്യങ്ങളും മീഡിയയിൽ വൈറലായിരുന്നു. അഞ്ചുമണിക്കൂറിലധികമാണ് തോമറിനെ പൊലീസുകാർ പീഡനങ്ങൾക്ക് വിധേയനാക്കിയത് എന്നാണ് കുടുംബം ആരോപിക്കുന്നത്. പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതുകൊണ്ടായില്ല, കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യുക തന്നെ വേണമെന്ന് തോമറിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

ഗാസിയാബാദിലെ ഒരു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രദീപ് തോമർ. കഴിഞ്ഞ ഓഗസ്റ്റ് 30 -നാണ് പ്രീതി എന്നുപേരായ ഒരു യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെടുന്നത്. പ്രദീപിന്റെ ഒരു ബന്ധുവായിരുന്ന പ്രീതിയുടെ കൊലപാതകത്തിന് പിന്നിൽ മറ്റൊരു ബന്ധുവായ അരുൺ എന്ന യുവാവായിരുന്നു.

ഈ കൊലയിൽ നേരിട്ട് പങ്കില്ല എങ്കിലും, ഗൂഢാലോചനയിൽ പ്രദീപ് തോമറിനും പങ്കുണ്ട് എന്ന സംശയത്തിന്മേലാണ് പൊലീസ് അയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ആ ചോദ്യം ചെയ്യൽ പക്ഷേ ആ മനുഷ്യജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ചെന്നവസാനിച്ചത്. ഈ ലോക്കപ്പ് മരണം പ്രദേശത്താകെ കലുഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. പൊലീസുകാരെ അറസ്റ്റുചെയ്യണം എന്നാവശ്യപ്പെട്ട് മരിച്ച പ്രദീപിന്റെ ബന്ധുക്കളും നാട്ടുകാരുമെല്ലാം സംഘടിച്ച് സമരത്തിനിറങ്ങിയിരിക്കുകയാണ്.

Advertisment