Advertisment

രണ്ട് കോടിയാണോ 20 കോടിയാണോ കിട്ടുന്നത് എന്നതല്ല വിഷയം; ഹര്‍ഭജന്റെ പിന്മാറ്റത്തില്‍ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്പില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതുമായി ഹര്‍ഭജന്‍ സിങ്ങിന്റെ ഐപിഎല്‍ പിന്മാറ്റത്തിന് ബന്ധമില്ലെന്ന് താരത്തിന്റെ സുഹൃത്ത്. കുടുംബത്തിനൊപ്പം നില്‍ക്കാന്‍ വേണ്ടിയാണ് ഹര്‍ഭജന്‍ പിന്മാറിയത് എന്ന് ചെന്നൈ സ്പിന്നറുടെ സുഹൃത്ത് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

Advertisment

publive-image

'ഭാര്യയേയും കുഞ്ഞിനേയും വിട്ട് മൂന്ന് മാസത്തോളം നില്‍ക്കുമ്പോള്‍ അത് കളിയില്‍ നിന്ന് ശ്രദ്ധ തിരിക്കും. അവിടെ രണ്ട് കോടിയാണോ 20 കോടിയാണോ ലഭിക്കുന്നത് എന്നതൊന്നും വിഷയമല്ല. പണത്തെ കുറിച്ചുള്ള ചിന്ത അവസാനമേ നമ്മുടെ മനസിലേക്ക് വരികയുള്ളു'.

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഐപിഎല്‍ ഈ വര്‍ഷം കളിക്കുന്നില്ലെന്നും, ബുദ്ധിമുട്ടേറിയ ഈ ഘട്ടത്തില്‍ സ്വകാര്യത മാനിക്കണമെന്നും ഹര്‍ഭജന്റെ ട്വീറ്റില്‍ പറയുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എല്ലാ പിന്തുണയും തനിക്കുണ്ടെന്നും, ഐപിഎല്ലില്‍ ഈ വര്‍ഷം അവര്‍ക്ക് എല്ലാ ആശംസയും നേരുന്നതായും ഹര്‍ഭജന്‍ പറഞ്ഞു.

ഐപിഎല്ലിലെ വിക്കറ്റ് വേട്ടയില്‍ മൂന്നാമത് നില്‍ക്കുന്ന ബൗളറാണ് ഹര്‍ഭജന്‍. 150 വിക്കറ്റുകളാണ് ഇതുവരെ ഹര്‍ഭജന്‍ പിഴുതത്. 2018ലാണ് രണ്ട് കോടി രൂപയ്ക്ക് ഹര്‍ഭജന്‍ ചെന്നൈയിലേക്ക് എത്തിയത്.

ഈ സീസണില്‍ ഹര്‍ഭജന്‍ സിങ് ഇല്ലെങ്കിലും മൂന്ന് മുന്‍നിര ബൗളര്‍മാര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്പിലുണ്ട്, ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍, ഇടംകൈ സ്പിന്നര്‍ മിച്ചല്‍ സാന്ത്‌നര്‍, ലെഗ് ബ്രേക്ക് ബൗളര്‍ പീയുഷ് ചൗള.

 

sports news
Advertisment