ഒരു സിറ്റിങ്ങില്‍ 15 ലക്ഷം വരെ വാങ്ങുന്ന ഹരീഷ് സാല്‍വെ:കുല്‍ഭൂഷണ്‍ ജാദവിനായി  വെറും ഒരു രൂപ പ്രതിഫലത്തിന് രാജ്യാന്തര കോടതിയില്‍ വാദിച്ചു… ഇന്ത്യ ജയിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, July 17, 2019

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിനായി രാജ്യാന്തര കോടതിയില്‍ വാദിച്ച്‌ ഇന്ത്യന്‍ വിജയം നേടിയെടുത്തത് ഹരീഷ് സാല്‍വയാണ്. അതും വെറും ഒരു രൂപ പ്രതിഫലത്തിന്..!

സുപ്രീംകോടതിയിലെ ഏറ്റവും പ്രശസ്തനായ അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്‍വ. നെതര്‍ലാന്‍ഡ്‌സിലെ ഹേഗിലുള്ള രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇന്ത്യയ്ക്കായി ഹരീഷ് സാല്‍വ വാദം ഉയര്‍ത്തിയപ്പോള്‍, പാക്കിസ്ഥാനായി വാദിച്ചത് ഖാവര്‍ ഖുറേഷിയാണ്.

ഒരൊറ്റ സിറ്റിങ്ങിന് ആറു മുതല്‍ പതിനഞ്ച് ലക്ഷം വരെ പ്രതിഫലം വാങ്ങുന്ന സാല്‍വെയാണ് കുല്‍ഭൂഷണിനായി ഒരു രൂപ പ്രതിഫലത്തില്‍ വാദിച്ചത്.

സാല്‍വെയുടെ പ്രതിഫല വിവരം പുറംലോകത്തെ അറിയിച്ചത് മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തന്നെയാണ്.കഴിഞ്ഞവര്‍ഷം നവംബര്‍ 18 നാണ്, കോടതി അന്തിമ വിധി വരും വരെ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കരുതെന്ന് പാക്കിസ്ഥാനോട് ഉത്തരവിട്ടത്.

തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയിലാണ് വാദത്തിന്റെ അവസാനഘട്ടം പുനരാരംഭിച്ചത്. ഖുറേഷി നടത്തിയ ‘ഹംപ്റ്റി-ഡംപ്റ്റി’ പരാമര്‍ശങ്ങളുടെ പേരില്‍ ഹരീഷ് സാല്‍വെ അദേഹത്തെ കടന്നാക്രമിച്ചു. രണ്ടു രാഷ്ട്രങ്ങള്‍ തമ്മില്‍ വാദം വരുമ്ബോള്‍ ഭാഷയും അതിന് ചേര്‍ന്നതാകണമെന്നും ഖുറേഷിയെ സാല്‍വെ ഓര്‍മ്മിപ്പിച്ചു.

കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാക്കിസ്ഥാന്‍ നിരത്തിയ ഓരോ തെളിവുകളും വ്യാജമാണെന്ന് തെളിയിച്ചുകൊണ്ടായിരുന്നു സാല്‍വെയുടെ വാദം. ഒടുവില്‍ രാജ്യാന്തര നീതിന്യയ കോടതിയില്‍ നിന്നും 16 അംഗ ബെഞ്ചില്‍ 15 ജഡ്ജിമാരുടെ പിന്തുണയോടെ ഇന്ത്യന്‍ നയതന്ത്രവിജയത്തിന് സാല്‍വെയുടെ വാദം അടിവരയിട്ടു, കുല്‍ഭൂഷണ് ആശ്വാസം, ഇന്ത്യന്‍ നയതന്ത്രവിജയം!

×