പാത്രങ്ങള്‍ വൃത്തിയാക്കാന്‍ സ്പോഞ്ചുകളാണോ ഉപയോഗിക്കുന്നത് ? ഇക്കാര്യങ്ങള്‍ അറിയാം

ഹെല്‍ത്ത് ഡസ്ക്
Tuesday, January 1, 2019

മിക്ക വീടുകളിലും പാത്രങ്ങൾ കഴുകാന്‍ സ്പോഞ്ച് ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ സ്‌പോഞ്ചുകൾ വീട്ടിലെ ടോയിലറ്റിനെക്കാൾ വൃത്തിഹീനമാണെന്നാണ് പഠനം പറയുന്നത്. ജെർമൻ റിസേർച്ച് സെന്റർ ഫോർ എൻവയോൺമെന്റൽ ഹെൽത്തിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ.

സ്‌പോഞ്ചുകളിൽ സാൽമോണല്ല, ഇ കോളി, സ്റ്റാഫൈലോകോക്കസ് പോലുള്ള ബാക്ടീരിയകളാണ് കൂടുതലായി കണ്ട് വരുന്നതെന്ന് വി​ദ​ഗ്ധർ പറയുന്നു. സ്പോഞ്ചുകൾ ഇടയ്ക്കിടെ മാറ്റാൻ പ്രത്യേ‍കം ശ്രദ്ധിക്കണമെന്നും പഠനത്തിൽ പറയുന്നു.

സ്‌പോഞ്ച് എപ്പോഴും കഴുകി വേണം ഉപയോ​ഗിക്കാൻ. അരക്കപ്പ് വെള്ളത്തിൽ ഒരു സ്പൂൺ നാരങ്ങ നീരും ഉപ്പും ചേർത്ത് 15 മിനിറ്റ് കലക്കി വയ്ക്കുക. ശേഷം നിങ്ങൾ ഉപയോ​ഗിക്കുന്ന സ്പോഞ്ച് ഈ വെള്ളത്തിൽ മുഴുവനായും മുക്കിവയ്ക്കുക.

ഒരു മണിക്കൂർ ഈ വെള്ളത്തിൽ മുക്കി വച്ച ശേഷം വെയിലത്ത് വച്ച് നല്ല പോലെ ഉണക്കുക. ആഴ്ച്ചയിൽ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്താൽ സ്പോഞ്ചിലെ അണുക്കൾ പൂർണമായും നശിക്കും. തിളച്ച വെള്ളത്തിൽ സ്പോഞ്ച് അൽപ നേരം മുക്കിവയ്ക്കുന്നതും അണുക്കൾ‌ നശിക്കാൻ സഹായിക്കും.

സാധാരണഗതിയിൽ സ്‌പോഞ്ച് തേഞ്ഞ് ഉപയോഗശൂന്യമാകുന്നത് വരെ നാം ഉപയോഗിക്കാറുണ്ട്. എന്നാൽ ഒരാഴ്ച്ചയേ ഒരു സ്‌പോഞ്ച് ഉപയോഗിക്കാവൂ എന്നാണ് വിദഗ്ധർ പറയുന്നത്.

×