മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ അറിയാം..

Friday, July 13, 2018

മഴക്കാലമായാല്‍ പകര്‍ച്ചവ്യാധികളെയും രോഗങ്ങളെയുമോര്‍ത്ത് ടെന്‍ഷന്‍ ആണ് ആളുകള്‍ക്ക്. ജലത്തിലൂടെയും മറ്റ്‌ ജീവികളിലൂടെയുമെല്ലാമുള്ള രോഗാണുപ്പകര്‍ച്ച മൂലം പലവിധ സാംക്രമിക രോഗങ്ങള്‍ മഴക്കാലത്ത് കൂടുതലാണ്.

മഴക്കാലത്ത് കൊതുകളുടെ പ്രജനനത്തിന് ആവശ്യമായ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം കൊതുകുകള്‍ പെരുകാനും തന്മൂലം കൊതുക് പകര്‍ത്തുന്ന രോഗങ്ങളുടെ ആധിക്യത്തിനും ഇടയാവുന്നു. ഇതിന് പുറമേ രോഗാണു വാഹകര്‍ ഈച്ചകള്‍ പെറ്റ് പെരുകുന്നതും വയറിളക്ക രോഗങ്ങള്‍ക്കും, ടൈഫോയിഡിനും ഒക്കെ കാരണമാവും.

മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ അറിയാം..

 1. രോഗങ്ങള്‍ തടയാന്‍ വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വം എന്നത് മറക്കാതെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും പരിസരവൃത്തിയിലും ഒരു പോലെ ശ്രദ്ധ ചെലുത്തുക.
 2. ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശേഷവും, മലവിസര്‍ജനത്തിന് ശേഷവും, ഭക്ഷണം പാചകം ചെയ്യുന്നതിന് മുന്‍പും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
  പഴങ്ങള്‍, പച്ചക്കറികള്‍ ഇവ വൃത്തിയായി കഴുകി ഉപയോഗിക്കുക.
 3. ആഹാരം വൃത്തിയായി പാകം ചെയ്ത് മാത്രം കഴിക്കുക, ഇടവേളകളില്‍ മൂടി വെക്കുക, പഴകിയതും തുറന്നുവച്ചിരിക്കുന്നതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കാതിരിക്കുക.തിളച്ച വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. വെള്ളം അഞ്ചു മിനുട്ടോളം വെട്ടി തിളപ്പിക്കണം. തിളച്ച വെള്ളത്തിലേക്ക് തിളപ്പിക്കാത്ത വെള്ളം ഒഴിച്ച് ഉപയോഗിക്കാന്‍ പാടില്ല.
 4. കുടിവെള്ള സ്രോതസുകള്‍ ബ്ലീച്ചിംഗ് പൗഡര്‍, ക്‌ളോറിന്‍ ഗുളികകള്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുക. പൊതുടാപ്പുകളിലൂടെ ശുദ്ധജലം ലഭിച്ചില്ലെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണം.
 5. വീടും പരിസരവും ശുചിയായി സൂക്ഷിക്കണം.
 6. തുറസായ സ്ഥലത്ത് മലവിസര്‍ജനം ചെയ്യാതിരിക്കുക.
 7. പഴകിയ ഭക്ഷണവും മാലിന്യവും അലക്ഷ്യമായി വലിച്ചെറിയരുത്.
 8. കൊതുകിന്റെ പ്രജനനം തടയാന്‍ :വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത് ഒഴിവാക്കണം.
  ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ഉള്ള ‘ഡ്രൈ ഡേ ആചരണം’ (കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍) നടത്തുന്നത് ശീലമാക്കുക.
  മഴവെള്ളമോ മറ്റു ശുദ്ധജലമോ കെട്ടിനില്‍ക്കുന്ന പാത്രങ്ങള്‍, ചിരട്ട, കുപ്പി, കപ്പ്, ആട്ടുകല്ല്, ടയര്‍, മരപ്പൊത്ത്, ഫ്രിഡ്ജിനു പിന്നിലെ ട്രേ മുതലായവയില്‍ വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാക്കുക.(ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ക്ക് പെറ്റ് പെരുകാന്‍ ഒരു സ്പൂണ്‍ വെള്ളം പോലും വേണ്ട എന്നത് ഓര്‍ക്കുക.)
  കൊതുക് കടിക്കാതെ ഇരിക്കാന്‍ വ്യക്തിഗത പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക.അതായത് കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശരീര ഭാഗം പരമാവധി മറയ്ക്കുന്ന വസ്ത്രം ധരിക്കുക, പുറത്തു കാണുന്ന ഭാഗങ്ങളില്‍ കൊതുകിനെ പ്രതിരോധിക്കുന്ന ലേപനങ്ങള്‍ പുരട്ടുക. കൊതുകുവല ഉപയോഗിക്കുക. ജനല്‍, മറ്റു ദ്വാരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊതുകു കടക്കാത്ത വല അടിക്കുക.
×