Advertisment

മലയാളികളുൾപ്പെടെ 84 നഴ്‌സുമാരെ പുറത്താക്കിയ വിഷയത്തിൽ ഡൽഹി സർക്കാരിന് ഹൈക്കോടതി നോട്ടീസ്

New Update

publive-image

Advertisment

ന്യൂഡൽഹി: മലയാളികളുൾപ്പെടെ 84 നഴ്‌സുമാരെ പുറത്താക്കിയ വിഷയത്തിൽ ഡൽഹി സർക്കാരിന് ഹൈക്കോടതി നോട്ടീസ്. 2020 ജൂലൈമാസം ഹംദർദ് ഹോസ്പിറ്റലിൽ മലയാളികളുൾപ്പെടെ 84 നഴ്സുമാരെ നോട്ടീസ്പോലും നൽകാതെ പുറത്താക്കിയിരുന്നു.

കോവിഡിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരെ പുറത്താക്കുകയോ, അവരുടെ ശമ്പളം കുറക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം പാലിക്കാതെയാണ് ഈ നടപടി ഉണ്ടായത്. ഇത് ചോദ്യം ചെയ്തുകൊണ്ട് നഴ്‌സുമാര്‍ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും, മൂന്ന് ആഴ്ചക്കകം വേണ്ട നടപടി സ്വീകരിക്കണം എന്ന് ഡൽഹി ഹൈക്കോടതി ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

എന്നാൽ, മാസങ്ങൾക്ക് ശേഷവും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് നഴ്‌സുമാരും, ഇന്ത്യൻ പ്രൊഫെഷണൽ നഴ്‌സസ് അസോസിയേഷനും വീണ്ടും ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

ഡൽഹി ഹൈക്കോടതിയുടെ വിധി പാലിച്ചില്ല എന്നും അടിയന്തിരമായി ഈ വിഷയത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ ജില്ല ഓഫീസർക്ക് നിർദേശം നല്കണം എന്നാവശ്യമുന്നയിച്ചുകൊണ്ടാണ് പ്രവാസി ലീഗൽ സെൽ മുഖേന നഴ്‌സുമാർ ഡൽഹി ഹൈക്കോടതിയെ വീണ്ടും സമീപിച്ചത്. ഡൽഹി സർക്കാരിന് നോട്ടീസ് അയച്ച കോടതി മാർച്ച് മാസം 17 ന് ഹർജി വീണ്ടും പരിഗണിക്കും.

ജസ്റ്റിസ് ജ്യോതി സിങ് അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിക്കാർക്കുവേണ്ടി അഡ്വ. ജോസ് ഏബ്രഹാം, അഡ്വ. വിഘ്‌നേശ് എം പി, അഡ്വ. റോബിൻ രാജു അഡ്വ. ദീപ ജോസഫ് എന്നിവർ ഹാജരായി. കോടതിയുടെ ഈ നടപടി സ്വാഗതാർഹമെന്ന് ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സിജു തോമസ് പറഞ്ഞു.

 

delhi news
Advertisment