Advertisment

‘നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മോദി മുന്നറിയിപ്പ് നല്‍കിയത് പേടിച്ചാണ് അഭിനന്ദനെ പാക്കിസ്ഥാന്‍ മോചിപ്പിച്ചത്: യെദ്യൂരപ്പ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താക്കീത് ഭയന്നാണ് പാക്കിസ്ഥാന്‍, ഇന്ത്യന്‍ വ്യോമ സേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ മോചിപ്പിച്ചതെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ ബി.എസ് യെദ്യൂരപ്പ. ‘നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത് പേടിച്ചാണ് അദ്ദേഹത്തെ മോദിപ്പിച്ചത്,’ യെദ്യൂരപ്പ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞു.

Advertisment

publive-image

ബെംഗളൂരുവിലും പുറത്തുമുള്ള ഏഴ് ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് യോഗത്തില്‍ പങ്കെടുത്തത്. ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളെ കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു യോഗം ചേര്‍ന്നത്.

‘ഇന്ന് നമ്മുടെ അഭിമാനമായ പൈലറ്റ് അഭിനന്ദന്‍ ഇന്ത്യയിലേക്ക് തിരിച്ചു വരികയാണ്. അദ്ദേഹത്തിന്റെ ധീരത തീര്‍ച്ചയായും പ്രശംസനീയമാണ്. തന്റെ പാരച്യൂട്ട് പാക്കിസ്ഥാനില്‍ എത്തിയപ്പോള്‍ പാക്കിസ്ഥാന്‍ പട്ടാളക്കാരുടെ കൈവശം എത്താതിരിക്കാന്‍ അദ്ദേഹം തന്റെ പക്കലുണ്ടായിരുന്ന രേഖകള്‍ നശിപ്പിച്ചു കളഞ്ഞു. ഇതെല്ലാം ഒരു ദേശഭക്തനായ ഇന്ത്യക്കാരന്റേയും പൈലറ്റിന്റേയും അടയാളങ്ങളാണ്. ഒരു രാജ്യസ്‌നേഹി എങ്ങനെയാകണമെന്ന് മുഴുവന്‍ ലോകത്തിനും അദ്ദേഹം കാണിച്ചു തന്നു,’ യെദ്യൂരപ്പ പറഞ്ഞു.

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണമെന്നും യെദ്യൂരപ്പ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

‘നരേന്ദ്ര മോദിയുടെ തന്ത്രങ്ങള്‍ പാക്കിസ്ഥാനെ വെളിപ്പെടുത്തുന്നതിന് സഹായിച്ചു. ഇപ്പോള്‍ ലോകത്ത് പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ ചൈന പോലും പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നില്ല, ഇതവരെ ശരിക്കും മെരുക്കി കളഞ്ഞു. കഴിഞ്ഞ 40 വര്‍ഷത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ എത്തുന്നത്. സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം കൊടുത്തതിന്റെ തെളിവാണത്,’ അദ്ദേഹം പറഞ്ഞു.

‘പുല്‍വാമ ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യന്‍ വ്യോമസേന പാക് അതിര്‍ത്തി കടന്ന് ചെന്ന് ജെയ്ഷിന്റെ പരിശീലന കേന്ദ്രങ്ങളും കണ്‍ട്രോള്‍ റൂമുകളും നശിപ്പിച്ചു. നൂറുകണക്കിന് ഭീകരരെ അവര്‍ കൊന്നു. പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് അവരുടെ വിമാനങ്ങള്‍ അയച്ചു എന്നാല്‍ അതും പ്രതിരോധിച്ചു. പാക്കിസ്ഥാനെ മെരുക്കി. മോദി പ്രധാനമന്ത്രിയായതിന് ശേഷം ലോകത്തെമ്പാടും ഇന്ത്യയോടുള്ള ആദരവ് വര്‍ദ്ധിച്ചു,’ യെദ്യൂരപ്പ ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞു.

Advertisment