പാക്കിസ്ഥാന് തകര്‍പ്പന്‍ ജയം; സെമി കാണാതെ പുറത്തായി ദക്ഷിണാഫ്രിക്ക

സ്പോര്‍ട്സ് ഡസ്ക്
Sunday, June 23, 2019

ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന് തകര്‍പ്പന്‍ ജയം. പാക്കിസ്ഥാനോട് തോറ്റ് ദക്ഷിണാഫ്രിക്ക ലോകകപ്പ് ക്രിക്കറ്റിന്റെ സെമി കാണാതെ പുറത്തായി. 49 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ പരാജയം.

പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 309 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറില്‍ 259 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.ഓപ്പണര്‍ ഹാഷിം അംലയുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. രണ്ട് റണ്‍സ് എടുത്ത അംലയെ മുഹമ്മദ് ആമിര്‍ മടക്കി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡി കോക്കും ഡുപ്ലസിസും കരുതിക്കളിച്ചെങ്കിലും ഡി കോക്കിനെ പുറത്താക്കി ഷദാബ് ഖാന്‍ കൂട്ടുകെട്ട് പൊളിച്ചു. ഡി കോക്ക് 60 പന്തില്‍ 47 റണ്‍സ് നേടി.

അര്‍ധ സെഞ്ചുറി നേടിയ ഡുപ്ലെസിസിനെയും ആമിര്‍ മടക്കി. ഡുപ്ലെസിസ് 79 പന്തില്‍ 63 റണ്‍സ് എടുത്തു. ഏഴ് റണ്‍സ് എടുത്ത് മാര്‍ക്രാം പുറത്തായി. വാന്‍ ഡി ഡുസന്‍ 47 പന്തില്‍ 36 റണ്‍സും ഡേവിഡ് മില്ലര്‍ 37 പന്തില്‍ 31 റണ്‍സും എടുത്ത് പുറത്തായി. പാക്കിസ്ഥാന് വേണ്ടി ഷദാബ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ആമിറും രണ്ടും ഷഹീന്‍ അഫ്രീദി ഒരു വിക്കറ്റും നേടി.

×