ഇടുക്കി എങ്ങനെ അതിജീവിക്കും.?!

Monday, September 3, 2018

തങ്ങൾക്കുമാത്രമായല്ല, രാജ്യത്തിനു വേണ്ടിക്കൂടിയും ഭക്ഷ്യവിളകളും നാണ്യവിളകളും ഉത്പാദിപ്പിക്കാനാണു ഒരുപാടു ദുർഘടദൂരങ്ങൾ നടന്നു താണ്ടി മനുഷ്യർ ഇടുക്കിയുടെ ഉള്ളിടങ്ങളിലേക്ക്‌- അടിമാലി/ഇടുക്കി/കട്ടപ്പന/രാജാക്കാട്‌/നെടുംകണ്ടം/മൂന്നാർ- എത്തിയത്‌. മണ്ണിൽ വിയർപ്പുവീഴ്ത്തി എല്ലുമുറിഞ്ഞ കുടിയേറ്റകർഷകന്റെ ആദ്യകാല ഇടുക്കി ജീവിതം ദുരിതങ്ങളും ദാരിദ്ര്യവും രോഗപീഢകളും നിറഞ്ഞതായിരുന്നു. മലമ്പനി പിടിച്ചുതന്നെ എത്രയോപേർ ചത്തുപോയി. മണ്ണിൽ പൊന്നുവിളഞ്ഞ്‌ പതിയെ മിടുമിടുക്കിയായിമാറി ഇടുക്കി.

കാലം പതിയെപ്പതിയെ മുന്നോട്ടു നീങ്ങവേ, പിന്നീടു നാം കാണുന്നത്‌ അർബൻ മനുഷ്യന്റെ അത്യാർത്തികളുടെ ഒരു പ്രത്യേക രസതന്ത്ര പാഠശാലയായി ഇടുക്കി മാറുന്നതാണു.!
മതവും ജാതിയും രാക്ഷ്ട്രീയവും സാമ്പത്തിക താത്പര്യങ്ങളുമെല്ലാം ഹൈറേഞ്ചിന്റെ വളക്കൂറുള്ള മണ്ണിൽ അരങ്ങുവാണു. നാമതൊരുപാടുകണ്ടു-ചർച്ചചെയ്തു-വിവാദങ്ങൾ ആസ്വദിച്ചു.

മെല്ലെമെല്ലെ ഇടുക്കിയുടെ മണ്ണുമാറി.! കാർഷികമേഖല തകരുന്നതാണു പിന്നീടു നമ്മൾ കണുന്നത്‌. കാർഷിക- നാണ്യവിളകൾ കൈവിട്ടതോടെ, ഇടുക്കിയുടെ സ്വന്തം കുടിയേറ്റകർഷകന്റെ രണ്ടാം തലമുറ പക്ഷേ പതിയെ ഹൈറേഞ്ചിൽ നിന്നിറങ്ങി നാട്ടിലേക്കു പോരാൻ തുടങ്ങി. അതിനു പകരം ജെ സി ബി കളും കുളിരുള്ള ടൂർ പാക്കേജുകളുമായി വിയർപ്പു പൊടിയാത്ത മറ്റൊരു ‘അർബൻ’ സംഘം, വില്ലീസ്‌ ജീപ്പുകളിൽ ഹൈറേഞ്ചിലേക്ക്‌ സുഖകരമായി മലകയറി വന്നു. മെലിഞ്ഞു മെലിഞ്ഞു അപ്പോഴേക്കും ഇടുക്കിയുടെ കാർഷിക സമ്പത്ത്‌ തൊഴുത്തിലായിക്കഴിഞ്ഞിരുന്നു.

മണ്ണുമാന്തി ഉയിരെടുത്ത്‌ ബഹുനിലമാളികകൾ പണിഞ്ഞ്‌ ഇടുക്കിയെ അവർ ലോക ടൂറിസം ഭൂപഠത്തിൽ ഇരുത്തിയെന്നു പറയുന്നു. ടൂറിസ്റ്റുകൾ ബഹുഭൂരിപക്ഷവും തേടി വന്നിരുന്നതു പക്ഷേ ഈ മണ്ണിനേയും പ്രക്രുതിയേയും അതിന്റെ തനതായ ഒരു ജൈവ ആവാസ വ്യവസ്ഥയേയും ആയിരുന്നുവെന്ന് ഈ ‘അത്യാർത്തികൾ’ മനസ്സിലാക്കാതെപോയി.! ടൂറിസത്തിന്റെ അനന്തസാധ്യതകളെപ്പോലും തങ്ങളുടെ ഇട്ടാവട്ടക്കാലത്തേക്ക്‌ ചുരുക്കാൻ വെമ്പിയ അൽപന്മാർ.!

ഇടുക്കിയുടെ മണ്ണിപ്പോൾ പഴയ മണ്ണല്ല-അത്‌ ഇടിഞ്ഞുതാഴുകയും തെന്നി ദൂരേക്ക്‌ മാറുകയുമാണു. വിശ്വസിക്കുവാൻ പ്രയാസമുള്ള ഒരു അപസർപ്പക കഥപോലെ തോന്നും ഇപ്പോൾ പലതും കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ.

കയേറ്റങ്ങളുടെ സർപ്പശീൽക്കാരങ്ങൾക്കിടയിൽ ഒരുപാടു കുടിയേറ്റ ഗദ്ഗദങ്ങളുടെ നെടുവീർപ്പുകൾ ഉയരുന്നിടമാണു ഇടുക്കി. അവരെയോർത്താണു ഇടനെഞ്ചിൽ ഒരു ചോദ്യം കനക്കുന്നത്‌‌- “ഇടുക്കി എങ്ങനെ ഈ പ്രളയക്കടലിനെ അതിജീവിക്കും.!?”

×