ചാന്ദ്രയാൻ – 2 അടുത്ത മാസം കുതിച്ചുയരും: ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, June 12, 2019

ന്യൂഡല്‍ഹി: ഐഎസ്‌ആര്‍ഒയുടെ രണ്ടാം ചാന്ദ്ര ദൗത്യം അടുത്തമാസം. ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ എന്നിവയുടെ ചിത്രങ്ങള്‍ ഐഎസ്‌ആര്‍ഒ പുറത്തുവിട്ടു.

ജൂലൈ 16 ന് പേടകവുമായി റോക്കറ്റ് കുതിച്ചുയരും. ‘വിക്രം’ എന്ന് പേരിട്ടിരിക്കുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും വിധമാണ് ദൗത്യം.

10 വര്‍ഷം മുമ്ബായിരുന്നു ചന്ദ്രയാന്‍-2 ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. 800 കോടി രൂപ ചെലവിലാണ് ചന്ദ്രയാന്‍ 2 ഒരുക്കിയെടുക്കുന്നത്. 200 കോടി വിക്ഷേപണത്തിനും 600 കോടി ഉപഗ്രഹത്തിനും.

ജി.എസ്.എല്‍.വി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള റോക്കറ്റ് ഐ.എസ്.ആര്‍.ഒയുടെ ഫാറ്റ്‌ബോയ് എന്നറിയപ്പെടുന്നു.

ചന്ദ്രനില്‍ വെള്ളം, ടൈറ്റാനിയം, കാല്‍സ്യം, മഗ്‌നീഷ്യം, അലുമിനിയം, ഇരുമ്ബ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം, ചന്ദ്രന്‍ ഒരു കാലത്തു പൂര്‍ണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷന്‍ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണം എന്നിവയെല്ലാം ചന്ദ്രയാന്‍ 1 ദൗത്യത്തിന്റെ നിര്‍ണായക സംഭാവനകളായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണു ചന്ദ്രയാന്‍ 2ലൂടെ രാജ്യം ലക്ഷ്യമിടുന്നത്.

×