ഇന്ത്യയുടെ ലോകകപ്പ് വിജയം സിനിമയാകുന്നു; സൂപ്പര്‍താരത്തിന്റെ റോളില്‍ അല്ലു അര്‍ജുനെന്ന് റിപ്പോര്‍ട്ട്

ഫിലിം ഡസ്ക്
Sunday, September 9, 2018

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതിയ വര്‍ഷമാണ് 1983. ലോകക്രിക്കറ്റിന്റെ നെറുകയില്‍ കപിലിന്റെ ചെകുത്താന്‍മാര്‍ ചരിത്രം കുറിച്ച വര്‍ഷം. ഇന്ത്യയുടെ ലോകകപ്പ് വിജയം സിനിമയാകുന്നുവെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 83 എന്ന പേരില്‍ കബീര്‍ഖാനാണ് ബോളിവുഡില്‍ സിനിമ സംവിധാനം ചെയ്യുന്നത്.

ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച കപില്‍ദേവിന്റെ റോളില്‍ രണ്‍വീര്‍ സിംഗാണ് എത്തുന്നത്. എന്നാല്‍ തെന്നിന്ത്യന്‍ താരങ്ങളെ ആവേശം കൊള്ളിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബോളിവുഡില്‍ നിന്നും വരുന്നത്.

വിന്‍ഡീസിനെതിരായ ഫൈനലില്‍ ഇന്ത്യക്ക് വേണ്ടി 38 റണ്‍സെടുത്ത ശ്രീകാന്തിന്റെ റോളില്‍ തെലുഗ് യൂത്ത് ഐക്കണ്‍ അല്ലു അര്‍ജുന്‍ എത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. അങ്ങനെയാണെങ്കില്‍ അല്ലുവിന്റെ ആദ്യ ബോളിവുഡ് സിനിമയായിരിക്കും 83. എന്നാല്‍ ഇക്കാര്യം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടില്ല.

നേരത്തെ ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് പ്രമേയമാക്കി മലയാളത്തില്‍ 1983 എന്ന സിനിമ പുറത്തിറങ്ങിയിരുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമയില്‍ നിവിന്‍ പോളിയായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.

×