Advertisment

പ്രതിപക്ഷ കക്ഷികളുടെ നിരുത്തരവാദിത്തം ഫാഷിസ്റ്റുകൾക്ക് കരുത്ത് പകരുന്നുവെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം

New Update

ജിദ്ദ: നാഗ്പൂർ അജണ്ടക്കനുസരിച്ചു രാജ്യത്തെ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ കിരാത ഭരണത്തിനെതിരെ പ്രതികരിക്കുന്നതിലും ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതിലും പ്രതിപക്ഷകക്ഷികൾ ഉത്തരവാദിത്തം മറന്നു ഒളിച്ചോടുന്നതാണ് ഫാഷിസ്റ്റുകൾക്ക് അവരുടെ ഗൂഢ ലക്ഷ്യങ്ങൾ അടിച്ചേൽപ്പിക്കാനും തന്നിഷ്ടപ്രകാരം ഭരണം നടത്താനും സാധിക്കുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ പ്രസിഡണ്ട് അഷ്റഫ് മൊറയൂർ പറഞ്ഞു.

Advertisment

publive-image

സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി ഓഫ് ഇന്ത്യയുടെ 12 ആം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനജീവിതം ദുസ്സഹമാക്കുന്ന വിധം നിത്യേനയെന്നോണം പെട്രോൾ-ഡീസൽ-ഗ്യാസ് വിലകൾ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത് ജനങ്ങളെ ദുരിതത്തിലേക്ക് നയിക്കുന്നതാണ്‌. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ താഴോട്ട് കൂപ്പു കുത്തുന്ന അവസ്ഥയിലും കുത്തകകളെ പരിപോഷിപ്പിക്കുന്ന നയമാണ് സർക്കാർ തുടർന്ന് കൊണ്ടിരിക്കുന്നത്. എന്നാൽ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികൾ അവരുടെ താൽക്കാലിക നേട്ടത്തിനു വേണ്ടി മാത്രമാണ് കൊടിയേന്തുന്നതെന്നും ജനകീയ വിഷയങ്ങളിൽ കുറ്റകരമായ മൗനവലംബിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കശ്മീരിലെ ജനങ്ങളെ അരക്ഷിതാവസ്ഥയിലാക്കി പരീക്ഷിച്ചു തുടങ്ങിയ ഫാഷിസ്റ്റ് പദ്ധതിഇപ്പോൾ ലക്ഷദ്വീപിലും നടപ്പാക്കി ജനങ്ങളുടെ സമാധാന ജീവിതം തകർത്തു മുന്നേറുകയാണ്. പ്രതിഷേധ സമരങ്ങൾക്ക് പുല്ലുവില കൽപ്പിക്കുകയും എതിർ ശബ്ദങ്ങളെ നിർവീര്യമാക്കാൻ രാജ്യദ്രോഹ മുദ്രകുത്തിയും ഭരണകൂട സംവിധാനങ്ങളെ ദുരുപയോഗം ചെയ്‌തും അജണ്ട നടപ്പാക്കാനാണ് ഭരണകൂടം മുതിരുന്നത്.

രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങളും അവിടങ്ങളിലെ ജനങ്ങളുടെ പരമ്പരാഗതമായ ജീവിതരീതികളും സംരക്ഷിക്കേണ്ടതിനു പകരം കോർപ്പറേറ്റുകളുടെ കച്ചവട താല്പര്യങ്ങൾക്കുവേണ്ടിയുള്ള നടപടികൾ നാടിനെ നശിപ്പിക്കുകയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക ജനാധിപത്യം നിലനില്കുവാനും ഭരണഘടന അനുശാസിക്കുന്ന വിധം രാജ്യത്തെ ജനങ്ങൾക്ക് തുല്യനീതി ലഭ്യമായി ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി ഓരോ പൗരനും രംഗത്ത് വരണമെന്ന് സംഗമം ആഹ്വാനം ചെയ്തു.

സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഇ.എം.അബ്ദുല്ല അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് പ്രോഗ്രാമിന്റെ ഉദ്‌ഘാടനം അഷ്‌റഫ് മൊറയൂർ നിർവ്വഹിച്ചു. സയ്യിദ് അലി കൊൽക്കത്ത, അബുൽ ഗനി മലപ്പുറം വിവിധ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളായ മുജാഹിദ് പാഷ (ബാംഗ്ലൂർ), ഹനീഫ കടുങ്ങല്ലൂർ, അൽ അമാൻ നാഗർകോവിൽ തുടങ്ങിയവർ സംസാരിച്ചു.സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം സ്വാഗതം പറഞ്ഞു.

indian social forum
Advertisment