നാലുനില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ തൂങ്ങിക്കിടന്ന ബാലനെ കെട്ടിടത്തിലൂടെ വലിഞ്ഞുകയറി രക്ഷപ്പെടുത്തി യുവാവ്, വീഡിയോ വൈറലാകുന്നു

Monday, May 28, 2018

പാരീസില്‍ നാലുനില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ തൂങ്ങിക്കിടന്ന ബാലനെ സാഹസികമായി രക്ഷപ്പെടുത്തിയ യുവാവിന്‍റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു.

മാലിയില്‍ നിന്ന് ആറ് മാസം മുമ്പ് പാരീസിലെത്തിയ മമോദൗ ഗസാമയാണ് അതിസാഹസിക കഥകളിലെ സ്പൈഡര്‍മാനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ രക്ഷാകവചങ്ങളൊന്നുമില്ലാതെ നാല് നിലകള്‍ വലിഞ്ഞുകയറി നാല് വയസുകാരന്‍റെ രക്ഷകനായത്.

വടക്കന്‍ പാരീസിലെ ഒരു കെട്ടിടത്തില്‍നിന്നാണ് കുട്ടി വീഴാന്‍ തുടങ്ങിയത്. അതുവഴി നടന്നു പോവുകയായിരുന്ന മമൗദ് ഇതു കാണുകയും കുഞ്ഞിനെ രക്ഷിക്കാന്‍ മുന്നോട്ടു വരികയായിരുന്നു.

ബാല്‍ക്കണില്‍ ഇരുകൈകളും കൊണ്ടുപിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നു കുട്ടി. മമൗദ് മുകളിലെത്തുന്ന സമയത്തു തന്നെ മറ്റൊരാളും ബാല്‍ക്കണിയുടെ മറുവശത്തുനിന്ന് കുട്ടിയെ രക്ഷിക്കാന്‍  ശ്രമിക്കുന്നത് കാണാം. എന്നാല്‍ അയാള്‍ക്ക് തനിയെ കുട്ടിയെ ഉയര്‍ത്താന്‍ സാധിക്കുന്നില്ല.

തുടര്‍ന്ന് കുട്ടി തൂങ്ങിക്കിടക്കുന്ന അതേനിലയില്‍ മമൗദ് എത്തുകയും കുട്ടിയെ ഒരുകൈ കൊണ്ട് എടുത്തുയര്‍ത്തി രക്ഷപ്പെടുത്തുന്നതുമാണ് വീഡിയോയില്‍ കാണാനാകുന്നത്.

അഭിനന്ദിക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മമൗദിനെ നേരിട്ടുകാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. പാരിസ് മേയര്‍ ആന്‍ ഹിഡാല്‍ഗോയും മമൗദിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

×