മോളി റ്റിബിറ്റ്‌സിന്റെ മൃതദേഹം കണ്ടെത്തി; അനധികൃത കുടിയേറ്റക്കാരനായ യുവാവ് അറസ്റ്റില്‍ 

Thursday, August 23, 2018

അയോവ:  ജൂലൈ 18 ന് അയോവാ ബ്രൂക്കിലിനില്‍ നിന്നും കാണാതായ അയോവ യൂണിവേഴ്‌സിറ്റി സൈക്കോളജി വിദ്യാര്‍ഥിനി മോളി റ്റിബിറ്റ്‌സിനെ ജീവനോടെ കണ്ടെത്തുന്നതിന് എഫ്ബിഐയും ലോക്കല്‍ പൊലീസും നൂറു കണക്കിന് വൊളണ്ടിയര്‍മാരും നടത്തിയ വിശ്രമ രഹിതമായ അന്വേഷണത്തിന് ദുഃഖകരമായ പരിസമാപ്തി.

മോളി താമസിച്ചിരുന്ന വീടിനു പത്തു മൈല്‍ അകലെയുള്ള ഫാം ഫീല്‍ഡില്‍ നിന്നും മൃതദേഹം ഓഗസ്റ്റ് 21 ചൊവ്വാഴ്ച രാവിലെ കണ്ടെടുത്തു. മോളിയുടെ ഘാതകനെന്ന് വിശ്വസിക്കുന്ന 20 വയസ്സുള്ള മെക്‌സിക്കന്‍ യുവാവിനെ (ക്രിസ്ത്യന്‍ റിവെറ) ഫസ്റ്റ് ഡിഗ്രി മര്‍ഡറിന് അറസ്റ്റ് ചെയ്തു മോണ്ടിസുമ ജയിലിലടച്ചു.

ദേശീയ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ കേസിനെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം ചൊവ്വാഴ്ച 4 മണിക്ക് നടത്തിയ പത്രസമ്മേളനത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സെപ്ഷല്‍ ഏജന്റ് റിക്ക് റാന്‍ വിശദീകരിച്ചു.

ജൂലൈ 18 ന് രാത്രി 8 മണിക്ക് ജോഗിങ്ങിന് പോയ മോളിയെ പിന്തുടര്‍ന്ന് ഷെവി മാലിമ്പുവില്‍ എത്തിയ പ്രതി വാഹനത്തില്‍ നിന്നും ഇറങ്ങി ഇവരോടൊപ്പം ഓടാന്‍ ആരംഭിച്ചു. ഇതു ഇഷ്ടപ്പെടാതിരുന്ന മോളി സെല്‍ഫോണില്‍ പൊലീസിനെ വിളിക്കുവാന്‍ ശ്രമിച്ചത് പ്രതിയെ കൂടുതല്‍ പ്രകോപിപ്പിച്ചു. തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ എന്തായിരുന്നുവെന്ന് ഓര്‍ക്കുന്നില്ലെന്നാണ് പ്രതി പൊലീസിനെ അറിയിച്ചത്.

വാഹനം പത്തു മൈലോളം ഓടിച്ച ശേഷം പുറത്തിറങ്ങി ഡിക്കിയില്‍ നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന മോളിയെ കണ്ടു. പിന്നീട് പുറത്തേക്ക് വലിച്ചിട്ടു. കുറച്ചു ദൂരം വലിച്ചിഴച്ചു കോണ്‍ഫീല്‍ഡില്‍ കൊണ്ടിടുകയായിരുന്നു. മുഖത്തു കോണ്‍ ചെടികള്‍ ഇട്ട് മറയ്ക്കുകയും ചെയ്തു. കുറച്ചു നേരത്തേക്ക് ബ്ലാക്ക് ഔട്ടായിരുന്നുവെന്നും പ്രതി മൊഴി നല്‍കി. മോളി അപ്രത്യക്ഷമായ രാത്രിയില്‍ അവിടെ കണ്ട വാഹനത്തെ ചുറ്റിപറ്റി നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.

ഇന്നു രാവിലെ കസ്റ്റഡിയിലെടുത്ത പ്രതിയാണ് മൃതദേഹം കിടന്നിരുന്ന സ്ഥലം കാണിച്ചു കൊടുത്തത്. മോളിയെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 400,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. മോളിയുടെ മരണത്തില്‍ മാതാപിതാക്കളോടൊപ്പം ബ്രൂക്കിലിന്‍ നഗരവും കേഴുകയാണ്.

×