Advertisment

പൗരത്വ വിവാദത്തില്‍ ജനങ്ങളുടെ ആദ്യ വിധിയെഴുത്തായി ജാർഖണ്ഡ് ! ബിജെപിയുടെ സകല പ്രതീക്ഷയും അസ്ഥാനത്തായി. നേട്ടം കൊയ്ത് വീണ്ടും കോണ്‍ഗ്രസ് !

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

റാഞ്ചി ∙ ജാര്‍ഖണ്ഡിൽ ബിജെപിയുടെ സകല പ്രതീക്ഷയും അസ്ഥാനത്തായി. തൂക്കുസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഘടകകക്ഷികളെ വിലയ്ക്കുവാങ്ങി അധികാരത്തില്‍ വരാമെന്ന ഒടുവിലത്തെ വ്യാമോഹവും പൊളിഞ്ഞു.

കോൺഗ്രസ്– ജാർഖണ്ഡ് മുക്തിമോർച്ച– രാഷ്ട്രീയ ജനതാ ദൾ മഹാസഖ്യം 48 സീറ്റുകളുമായി വ്യക്തമായ ഭൂരിപക്ഷ൦ നേടിയതോടെ മറ്റൊരു സംസ്ഥാനംകൂടി ബിജെപിയെ കൈയ്യൊഴിയുകയാണ്. ഒപ്പം പൗരത്വ നിയമം - പൌരത്വ രജിസ്റ്റര്‍ വിവാദത്തില്‍ ജനങ്ങളുടെ ആദ്യ വിധിയെഴുത്തുകൂടിയായി ജാർഖണ്ഡ് ഫലം മാറി.

ഇതോടെ ഭരണം തുടരുമെന്ന് ഇന്ന് ഉച്ചവരെ പറഞ്ഞുകൊണ്ടിരുന്ന മുഖ്യമന്ത്രി രഘുബർ ദാസ് രാജിവച്ചു. അടുത്ത സർക്കാർ രൂപീകരിക്കും വരെ സ്ഥാനത്തു തുടരാൻ ഗവർണർ ദ്രൗപതി മർമു ആവശ്യപ്പെട്ടു. ഇതുവരെ 31 സീറ്റുകളിലെ ഫലം മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്.

ആകെയുള്ള 81 സീറ്റുകളിൽ 48 ഇടത്തും മഹാസഖ്യം ലീഡ് ചെയ്യുകയാണ്. ജെ എം എം 30 സീറ്റുകളിലും കോണ്‍ഗ്രസ് 16 സീറ്റുകളിലും ലീഡ് ചെയ്യുമ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് കരുതിയിരുന്ന ബിജെപി 25 ല്‍ ഒതുങ്ങി.

മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് അറിയിച്ചു.

ധുംകയിലും ബാർഹെതിലും സോറൻ മുന്നിലാണ്. തൂക്കുസഭയാണെങ്കിൽ എജെഎസ്‌യു, ജെവിഎം പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നതിന് ബിജെപി ചർച്ച ആരംഭിച്ചിരുന്നു. ബിജെപി നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്നു മുഖ്യമന്ത്രി രഘുബർ ദാസ് പറയുകയും ചെയ്തു. ഗോത്രമേഖലകളിലാണ് ബിജെപിക്ക് അടിപതറിയത്.

ജംഷഡ്പുര്‍ ഈസ്റ്റില്‍ രഘുബര്‍ ദാസിനെതിരെ സ്വതന്ത്ര സ്ഥാനാർഥി സരയു റായിയാണ് ലീഡ് ചെയ്യുന്നത്. ജാർഖണ്ഡിലെ ആദ്യ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി മുന്നിലാണ്.

ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന എജെഎസ്‌യു, എൽജെപി, ജെഡിയു തുടങ്ങിയ പാർട്ടികൾ ഇത്തവണ ഒറ്റയ്ക്കാണു മത്സരിച്ചത്. തിരഞ്ഞെടുപ്പിന്‍റെ മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടപ്പോഴാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് ശക്തിപ്പെട്ടത്.

gujarath election
Advertisment