Advertisment

സപ്തതി ആഘോഷിക്കുന്ന ജോസ് മാവേലിയെ ആദരിച്ച് ആലുവയിലെ സാമൂഹ്യപ്രവര്‍ത്തക കൂട്ടായ്മ

New Update

publive-image

Advertisment

ആലുവ: സപ്തതി ആഘോഷിക്കുന്ന ആലുവ ജനസേവ സ്ഥാപകന്‍ ജോസ് മാവേലിയെ ആലുവയിലെ സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മ ആദരിച്ചു. സാമൂഹ്യസേവനരംഗത്ത് അരനൂറ്റാണ്ടിലധികമായി ജീവിതമര്‍പ്പിക്കുന്ന ജോസ് മാവേലിയെ പത്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസാണ് കൂട്ടായ്മയ്ക്കുവേണ്ടി പൊന്നാടയണിയിച്ചത്.

പതിനേഴ് വയസിന്‍റെ ചുറുചുറുക്കോടെ എന്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്ന ജോസ് മാവേലിക്ക് എഴുപത് വയസായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഇതേ ഊര്‍ജ്ജസ്വലതയോടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും കായികമേഖലയിലും കൂടുതല്‍ തിളങ്ങുവാന്‍ ധാരാളം വര്‍ഷങ്ങള്‍ ഇനിയും ജോസിന് സര്‍വ്വേശ്വരന്‍ നല്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ഇന്നലെ രാവിലെ ആലുവ പ്രസ്ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ കേരളാ ആക്ഷന്‍ഫോഴ്സിനുവേണ്ടി ഡോ. സി. എം. ഹൈദരാലിയും ആലുവ ധര്‍മ്മദീപ്തിക്കുവേണ്ടി മുന്‍ ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരിയും, കേരള കരാട്ടെ ഫെഡറേഷനുവേണ്ടി ഓ. കെ. എസ്. കെ. രവികുമാര്‍, അന്‍വര്‍ മെമ്മോറിയല്‍ പാലിയേറ്റിവ് കെയറിനുവേണ്ടി ചിന്നന്‍ പൈനാടത്ത്, ആലുവ റസിഡന്‍ഷ്യല്‍ അസോസിയേഷനു(കോറ)വേണ്ടി ഹംസക്കോയ എന്നിവരും മാവേലിയെ പൊന്നാടയണിയിച്ച് ആദരിച്ചു.

publive-image

ജനസേവ ചീഫ് ലീഗല്‍ അഡ്വൈസര്‍ അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്‍, സാമൂഹ്യ പ്രവര്‍ത്തകരായ അഡ്വ. ടി. ഇ. ഇസ്മയില്‍, ഉദയകുമാര്‍, ജനസേവ പ്രസിഡന്‍റ് അഡ്വ. ചാര്‍ളിപോള്‍, ജനറല്‍ കണ്‍വീനര്‍ ജോബി തോമസ് തുടങ്ങിയവരും പങ്കെടുത്തു.

എറണാകുളം ജില്ലയില്‍ എടക്കുന്ന് ഗ്രാമത്തില്‍ മാവേലി തോമസിന്‍റേയും, ഏല്യയുടേയും പത്ത് മക്കളില്‍ ഏഴാമനായിട്ടാണ് ജോസ് ജനിച്ചത്. ആലപ്പുഴ ലിയോ തേര്‍ട്ടീന്‍ത് അനാഥാലയത്തിലാണ് ഹൈസ്കൂള്‍പഠനം പൂര്‍ത്തീകരിച്ചത്.

പതിനേഴാം വയസില്‍ ഇടവക പള്ളിയിലെ 'വിന്‍സെന്‍റ് ഡീ-പോള്‍ സൊസൈറ്റി'യുടെ വൈസ്പ്രസിഡന്‍റ്, 1987 മുതല്‍ കറുകറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, 1996-ല്‍ ജനസേവ സ്കോളര്‍ഷിപ്പ് പദ്ധതി, 1997-ല്‍ ജനസേവ സൗജന്യ ഉച്ചഭക്ഷണ പരിപാടി, 1999-ല്‍ ജനസേവ ശിശുഭവന്‍, 2002-ല്‍ ജനസേവ ഫൗണ്ട്ലിംഗ് ഹോം, 2008-ല്‍ ജനസേവ സ്പോട്സ് അക്കാദമി, 2011-ല്‍ ജനസേവ യൂത്ത് ഹോസ്റ്റല്‍, 2014-ല്‍ ജനസേവ സ്ത്രീ രക്ഷാസമിതി, 2016-ല്‍ ജനസേവ കാരുണ്യഭവന പദ്ധതി, തെരുവുനായ ഉന്‍മൂലന സംഘം, 2017-ല്‍ ജനസേവ സൗജന്യ വിദ്യാഭ്യാസ പദ്ധതി തുടങ്ങിയവ ജോസ് മാവേലി എന്ന മനുഷ്യസ്നേഹിയുടെ സംഭാവനകളാണ്. സാമൂഹ്യ തിന്മകള്‍ക്കെതിരെയും അഴിമതിക്കെതിരേയുമുള്ള പോരാട്ടത്തിനിടയില്‍ ജയില്‍വാസംവരെ അനുഭവിച്ചിട്ടുണ്ട്.

കാരുണ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അനേകം അംഗീകാരങ്ങള്‍ നേടിയ ജോസ് മാവേലി

അറിയപ്പെടുന്ന ഒരു കായികപ്രേമി കൂടിയാണ്. അത്ലറ്റിക്ക്സില്‍ കേരളത്തിന്‍റെയും ഭാരതത്തിന്‍റെയും യശസ്സുയര്‍ത്തിയ വെറ്ററന്‍ കായികതാരം. ദേശീയ അന്തര്‍ദ്ദേശീയ പുരസ്കാരങ്ങള്‍ പലതവണ നേടിയ ജോസ് മാവേലി 2020-ല്‍ നടന്ന നാഷണല്‍ മീറ്റില്‍ 'ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വെറ്ററന്‍ ഓട്ടക്കാരന്‍' എന്ന ബഹുമതിക്ക് അര്‍ഹനായിട്ടുണ്ട്.

-അഡ്വ. ചാര്‍ളി പോള്‍

 

kochi news
Advertisment