Advertisment

പിജെ ജോസഫിനെ വെട്ടിലാക്കി ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും ! ജോസഫ് പരമ്പരയായി പ്രഖ്യാപിച്ച ഭാരവാഹിത്വങ്ങളും ഭാരവാഹികളുടെ എണ്ണവും പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമെന്ന് ജോസഫിനെ കണ്ട നാല്‍വര്‍ സംഘം ! മോന്‍സ് ജോസഫിന്‍റെയും ജോയി എബ്രാഹത്തിന്‍റെയും പദവികള്‍ ഭരണഘടനയില്‍ ഇല്ലാത്തത് ? തിരുത്തിയില്ലെങ്കില്‍ വേറെ വഴി നോക്കുമെന്ന് നേതാക്കളുടെ മുന്നറിയിപ്പ് ! കേരള കോണ്‍ഗ്രസില്‍ അടുത്ത പിളര്‍പ്പിന് കാഹളം മുഴങ്ങി !

New Update

publive-image

Advertisment

ഇടുക്കി: പിളര്‍പ്പിന്‍റെ സൂചന നല്‍കി പ്രമുഖ നേതാക്കള്‍ ചെയര്‍മാന്‍ പിജെ ജോസഫിനെ നേരിട്ട് കണ്ട് തിരുത്തല്‍ നടപടികള്‍ ആവശ്യപ്പെട്ടതോടെ കേരള കോണ്‍ഗ്രസില്‍ ഭന്നത രൂക്ഷം.

പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി ചെയര്‍മാനും പാര്‍ട്ടിയിലെ ചില തത്പരകക്ഷികളും ഏകപക്ഷീയമായി നടത്തിയ ഭാരവാഹി നിയമനങ്ങള്‍ പിന്‍വലിക്കുക, മോന്‍സ് ജോസഫ് എംഎല്‍എയെ എക്സിക്യൂട്ടീവ് ചെയര്‍മാനായും ജോയി എബ്രാഹത്തെ സെക്രട്ടറി ജനറലായും തെരഞ്ഞെടുത്ത ഭരണഘടനാ വിരുദ്ധ തീരുമാനങ്ങള്‍ റദ്ദാക്കുക എന്നിവ ഉള്‍പ്പെടെയുള്ള കടുത്ത നിലപാടുകളാണ് മുതിര്‍ന്ന നേതാക്കളുടെ നാല്‍വര്‍ സംഘം ജോസഫിനു മുമ്പില്‍ വച്ചത്.

ആലോചിക്കാം എന്ന തണുപ്പന്‍ പ്രതികരണത്തോടെ നേതാക്കളെ മടക്കിയ പിജെ ജോസഫും താന്‍ പിന്നോട്ടില്ലെന്ന സൂചനയാണ് നല്‍കിയത്.

ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ ജോസഫിനെ സന്ദര്‍ശിച്ചത്.

നേരത്തെ തിങ്കളാഴ്ച ജോസഫിനെ കാണാന്‍ ഇവര്‍ അനുമതി ചോദിച്ചെങ്കിലും സന്ദര്‍ശന വിവരം ചോര്‍ന്നതോടെ ജോസഫ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു. പിന്നീട് ബുധനാഴ്ച ജോസഫ് വീട്ടിലുള്ള സമയംനോക്കി നേതാക്കള്‍ ഒന്നിച്ചെത്തുകയായിരുന്നു.

അടുത്തിടെ ചെയര്‍മാന്‍ പ്രഖ്യാപിച്ച ചില ഭാരവാഹിത്വങ്ങളും ഭാരവാഹികളുടെ എണ്ണവും പാര്‍ട്ടി ഭരണഘടനയ്ക്കു നിരക്കുന്നതല്ലെന്നും അതു തിരുത്തണമെന്നും ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും ജോസഫിനോട് പറഞ്ഞു. അത് ഞങ്ങള്‍ ആലോചിച്ചെടുത്ത തീരുമാനമാണെന്നായിരുന്നു ജോസഫിന്‍റെ മറുപടി.

ഇത് മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചു. 'ഞങ്ങള്‍' എന്നതില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നും ഉന്നതാധികാര സമിതിയില്‍ അംഗങ്ങളായ തങ്ങളെ കൂടാതെ മറ്റാരൊക്കെയാണ് 'ഞങ്ങളില്‍' ഉള്‍പ്പെടുകയെന്നും നേതാക്കള്‍ ചോദിച്ചതോടെ ജോസഫും വെട്ടിലായി.

മോന്‍സ് ജോസഫിനോടും ജോയി എബ്രാഹത്തോടും മാത്രം ആലോചിച്ച് ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കാനാണ് ചെയര്‍മാന്‍റെ തീരുമാനമെങ്കില്‍ തങ്ങള്‍ ഒപ്പമുണ്ടാകില്ലെന്ന മുന്നറിയിപ്പും നേതാക്കള്‍ നല്‍കി.

പാര്‍ട്ടി ഭരണഘടന പ്രകാരം എക്സിക്യൂട്ടീവ് ചെയര്‍മാന്‍, സെക്രട്ടറി ജനറല്‍ എന്നീ പദവികളില്ല. 3 വൈസ് ചെയര്‍മാന്‍മാര്‍ മാത്രമാണ് ഭരണഘടനയിലുള്ളത്. അതിനുപകരം 16 പേരെ ഇതിനോടകം നിയമിച്ചു കഴിഞ്ഞു. 4 പേരെക്കൂടി വേറെയും നിയമിക്കുമെന്നും കേള്‍ക്കുന്നു.

ഡെപ്യൂട്ടി ചെയര്‍മാന്‍ പദവി ഒന്നേയുള്ളു. ആ പദവിയില്‍ 3 പേരെ നിയമിച്ചു. 25 ജനറല്‍ സെക്രട്ടറിമാര്‍ എന്ന് ഭരണഘടനയില്‍ പറയുന്നിടത്ത് ലിസ്റ്റ് 82 പിന്നിട്ടു. ഇത്തരത്തില്‍ പാര്‍ട്ടി ജനങ്ങള്‍ക്കു മുമ്പില്‍ അപഹാസ്യരായി മാറിയിരിക്കുകയാണെന്ന് നേതാക്കള്‍ ജോസഫിനോട് പറഞ്ഞു.

ജോയി എബ്രാഹത്തിന്‍റെ നിലവാരത്തിലേയ്ക്ക് കേരള കോണ്‍ഗ്രസ് മാറരുതെന്ന് പറഞ്ഞ നേതാക്കള്‍ ജോയിക്കും മോന്‍സ് ജോസഫിനുമെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.

പാര്‍ട്ടി ഭരണഘടന തിരുത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം പാര്‍ട്ടിയുടെ എല്ലാ ഉന്നതാധികാര സമിതികളിലും അംഗങ്ങളായ തങ്ങളെ അറിയിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. ഫലത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ചിരിക്കുന്ന നിയമ പ്രശ്നങ്ങള്‍ ജോസഫ് വിഭാഗത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

പാര്‍ട്ടി ഭരണഘടനയ്ക്കു പുറത്താണ് പകുതിയിലേറെ കാര്യങ്ങളും ചെയ്തിരിക്കുന്നത്. അതിന് ചെയര്‍മാന് അധികാരമില്ല. സാധാരണഗതിയില്‍ കേരള കോണ്‍ഗ്രസുകളില്‍ ഇതൊക്കെ പതിവാണെങ്കിലും അന്നൊന്നും അതിനെ ചോദ്യം ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ കേരള കോണ്‍ഗ്രസിലെ കാര്യങ്ങള്‍ നേരെ തിരിച്ചാണ്. പാര്‍ട്ടിയില്‍ ബഹൂഭൂരിപക്ഷത്തിന്‍റെയും പിന്തുണ ഫ്രാന്‍സിസ് ജോര്‍ജിനും കൂട്ടര്‍ക്കുമാണ്. പരമ്പരാഗത ജോസഫ് വിഭാഗത്തിലെ നല്ലൊരു ശതമാനം പ്രവര്‍ത്തകരും ഫ്രാന്‍സിസ് ജോര്‍ജിനെ അനുകൂലിക്കുന്നവരാണ്.

ജോസഫിനൊപ്പമുള്ളത് മോന്‍സ് ജോസഫ് എംഎല്‍എയും ജോയി എബ്രഹമും മാത്രമാണ്. ജോയിക്കൊപ്പം അണികളില്ല. മോന്‍സിനൊപ്പം കടുത്തുരുത്തിയിലെ വിരലിലെണ്ണാവുന്ന നേതാക്കള്‍ മാത്രമാണെന്നും വിമതര്‍ കരുതുന്നു. ഈ സാഹചര്യത്തില്‍ പിജെ ജോസഫ് തിരുത്തല്‍ നടപടികള്‍ക്ക് തയ്യാറായില്ലെങ്കില്‍ കേരള കോണ്‍ഗ്രഗസ് മറ്റൊരു പിളര്‍പ്പിനുകൂടി ഉടന്‍ സാക്ഷ്യം വഹിക്കും.

pj joseph
Advertisment