Advertisment

പാലക്കാട് ജില്ലയിലെ ഭരണകൂട വിവേചനം നേരിടുന്ന പ്രദേശങ്ങളിലൂടെ ഫ്രറ്റേണിറ്റി അവകാശ പ്രഖ്യാപന യാത്ര ഇന്ന് ആരംഭിക്കും

author-image
ജോസ് ചാലക്കൽ
New Update

publive-image

പാലക്കാട്‌: ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനസൗകര്യങ്ങളൊരുക്കുക, ആദിവാസി മേഖലകളിലെ പഠന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമാക്കുക, ഉപരിപഠനത്തിന് സൗകര്യമില്ലാതെ പൊതുവിദ്യാഭ്യാസ രംഗത്ത് നിന്നും പുറത്താക്കപ്പെടുന്ന ജില്ലയിലെ പതിനായിരങ്ങൾക്ക്‌ പഠനാവസരങ്ങൾ ഒരുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ജൂലൈ 16, 17, 18 ദിവസങ്ങളിൽ ജില്ലയിൽ ഭരണകൂട വിവേചനം നേരിടുന്ന പ്രദേശങ്ങളിലൂടെ അവകാശ പ്രഖ്യാപന യാത്ര സംഘടിപ്പിക്കുമെന്ന് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Advertisment

ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലെയടക്കം ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് ഇപ്പോഴും ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാത്തത്. എസ്.എസ്.എൽ.സി വിജയിച്ച 38,518 വിദ്യാർഥികൾക്കായി 24,150 പ്ലസ് വൺ സീറ്റുകളാണ് ജില്ലയിൽ ഗവൺമെന്റ്,എയ്ഡഡ് മേഖലയിലുള്ളത്. 14,620 സീറ്റുകളുടെ കുറവ്. മറ്റ് ഉപരിപഠന സാധ്യതകളായ വി.എച്ച്.എസ്.ഇ, പോളി ടെക്‌നിക്, ഐ.ടി.ഐ എന്നിവയുടെ 4951 സീറ്റുകൾ കൂട്ടിയാൽ പോലും 9417 സീറ്റികളുടെ കുറവ് പൊതുവിദ്യാഭ്യാസ മേഖലയിലുണ്ട്.

എസ്.എസ്.എൽ.സി സേ, സി.ബി എസ്.ഇ, ഐ.സി.എസ്.ഇ പത്താം തരം എന്നിവയുടെ ഫലങ്ങൾ കൂടി വരുന്നതോടെ വിദ്യാർത്ഥികളുടെ എണ്ണം കൂടി സീറ്റ്‌ അപര്യാപ്തത 15,000 ആകും. വർഷങ്ങളായുള്ള ഈ പ്രശ്നം പരിഹരിക്കാൻ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ മലബാർ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കാൻ ഇടത് സർക്കാർ തയ്യാറാകണം.

അവകാശപ്രഖ്യാപന യാത്രയുടെ ഭാഗമായി ഫ്രറ്റേണിറ്റി ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിൽ സന്ദർശനം നടത്തും. അവിടങ്ങളിൽ ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളുടെ വിവരശേഖരണം നടത്തും.

മുതലമട നരിപ്പാറ ചള്ളയിൽ വൈദ്യുതിയില്ലാത്തതിനാൽ വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങിയ 3 ആദിവാസി വീടുകളിൽ വയറിങ് ചെയ്തുകൊടുക്കുകയും കറണ്ട് ലഭ്യമാക്കുന്നതിനുള്ള കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യും.

ഓൺലൈൻ വിദ്യാഭ്യാസ വിവേചനം, സീറ്റ്‌ അപര്യാപ്തത എന്നിവ പരിഹരിക്കാൻ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾക്ക് നിവേദനം നൽകും. ഉദ്യോഗസ്ഥർ,സാമൂഹ്യ പ്രവർത്തകർ എന്നിവരെയും സന്ദർശിക്കും.

വെള്ളിയാഴ്ച പാലക്കാട് നിന്നും ഫ്ലാഗ് ഓഫ് ചെയ്ത് യാത്ര ഒന്നാം ദിനം മുതലമട, അംബേദ്കർ കോളനി എന്നിവിടങ്ങളിൽ പര്യടനം നടത്തും. രണ്ടാം ദിനം നെല്ലിയാമ്പതിയി ആദിവാസി ഊരുകളിളും മൂന്നാം ദിനം അട്ടപ്പാടി ഊരുകളിളും സന്ദർശനം നടത്തും. ഈ പ്രദേശങ്ങളിൽ എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർഥികളെ യാത്രയുടെ ഭാഗമായി അനുമോദിക്കുകയും ചെയ്യും.

ഫ്രെട്ടേണിറ്റി ജില്ല പ്രസിഡൻ്റ് റഷീദ് പുതുനഗരം;ജനറൽ സെക്രട്ടറി കെ. എം.സബീർ അസൻ: സെക്രട്ടറി - റഫീക്ക് പുതുപ്പള്ളി തെരുവ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

fraternity movement
Advertisment