Advertisment

ജ്യോതിരാദിത്യ സിന്ധ്യയിലൂടെ മധ്യപ്രദേശില്‍ അധികാരമുറപ്പിച്ച് ബിജെപി. ശിവരാജ് സിങ് ചൗഹാന് അധികാരത്തില്‍ തുടരാം ! കേന്ദ്രമന്ത്രി കസേര ഉറപ്പിച്ച് ജ്യോതിരാദിത്യ ! കമല്‍നാഥിന്റെ കണക്കുക്കൂട്ടലില്‍ അടിമുടി പിഴച്ച് അടിതെറ്റി വീണ് കോണ്‍ഗ്രസ് ! മധ്യപ്രദേശിലെ യാഥാര്‍ത്ഥ്യം ഇനിയും മനസിലാവാതെ ഹൈക്കമാന്‍ഡ്

New Update

publive-image

Advertisment

ഡല്‍ഹി: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ കരുത്തിനെ മറികടക്കാന്‍ കമല്‍നാഥിനായില്ല. ഫലമോ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് മുഖ്യമന്ത്രി കസേരയില്‍ അമര്‍ന്നിരുന്നു ഭരിക്കാം.

28 മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 21 സീറ്റുകളിലും വ്യക്തമായ മുന്നേറ്റത്തോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അധികാരമുറപ്പിച്ചു.

സിന്ധ്യക്ക് ശക്തിയില്ലെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡനെ കമല്‍നാഥ് വിശ്വസിപ്പിച്ച ബദ്‌നവാര്‍, സാന്‍വെര്‍, സുവാസ്ര, ബമോരി, അശോക് നഗര്‍, മന്‍ഗൗലി, മല്‍ഹാര, അനുപ്പുര്‍, ബയോറ തുടങ്ങിയ മണ്ഡലങ്ങളിലൊക്കെയും കോണ്‍ഗ്രസ് നിലംതൊട്ടില്ല.

കഴിഞ്ഞ മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യ പക്ഷക്കാരായ 25 അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ ഇത്രയധികം സീറ്റുകളില്‍ ഒരുമിച്ച് ഉപ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

230 അംഗങ്ങളുടെ നിയമസഭയില്‍ നിലവില്‍ 107 അംഗങ്ങളുള്ള ബിജെപിക്ക് ഭരണംനിലനിര്‍ത്താന്‍ ഒന്‍പത് സീറ്റുകളില്‍ വിജയം അനിവാര്യമായിരുന്നു. ഇനി 2023 വരെ മധ്യപ്രദേശില്‍ സിന്ധ്യ ഇടഞ്ഞില്ലെങ്കില്‍ ബിജെപിക്ക് സുഖഭരണം ഉറപ്പായി.

ജ്യോതിരാദിത്യ സിന്ധ്യ പോകുന്നതുകൊണ്ട് കോണ്‍ഗ്രസിന് നഷ്ടമുണ്ടാകില്ലെന്നു എപ്പോഴും ഉറപ്പു നല്‍കിയ കമല്‍നാഥിനുണ്ടായ തിരിച്ചടി എന്നു തന്നെ മധ്യപ്രദേശിലെ ഈ തോല്‍വിയെ വിശേഷിപ്പിക്കാം.

സിന്ധ്യയുടെ പൈതൃതകത്തെയും സ്വാധീനത്തെയും വിലകുറച്ചു കണ്ടതു കമല്‍നാഥിന്റെ ഉപദേശത്തെ തുടര്‍ന്നായിരുന്നു. പല പ്രശ്‌നങ്ങളിലും ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോഴേക്കും തിരിച്ചടി നേരിട്ടുകഴിഞ്ഞിരിക്കുമെന്ന യാഥാര്‍ത്ഥ്യം പാര്‍ട്ടി ഇനിയെങ്കിലും തിരിച്ചറിയും എന്നു പ്രതീക്ഷിക്കാം.

അതേസമയം ബിജെപിയാകട്ടെ പുത്തനുണര്‍വിലാണ്. സംസ്ഥാനത്ത് പാര്‍ട്ടിക്ക് പ്രമുഖനായ യുവ നേതാവിനെ ലഭിക്കുന്നുവെന്നതും, അതു സിന്ധ്യ കുടുംബത്തില്‍ നിന്നാണെന്നതും വലിയ നേട്ടമായി ബിജെപി നേതൃത്വം വിലയിരുത്തുന്നു. ശക്തനായ നേതാവിലൂടെ കുടുംബ പൈതൃകം തുടരാന്‍ സാധിക്കുമെന്നതും മെച്ചം.

സിന്ധ്യ കുടുംബത്തില്‍നിന്ന് ബിജെപിയില്‍ നിലവില്‍ വസുന്ധര രാജെയും യശോദര രാജെയും മകന്‍ ദുഷ്യന്തുമുണ്ട്. മുതിര്‍ന്ന നേതാക്കളായ വസുന്ധരയും യശോദരയും അമിത് ഷായ്ക്കും കൂട്ടര്‍ക്കും താല്‍പര്യമുള്ളവരല്ല. ഇവര്‍ക്കു ബദലായി ജ്യോതിരാദിത്യയെ ഉയര്‍ത്തിക്കൊണ്ടുവരുകയെന്നത് ഷായുടെ താല്‍പര്യമാണ്.

ജ്യോതിരാദിത്യയുടെ ഭാവിയാണ് ഇനി മധ്യപ്രദേശിലെ ചര്‍ച്ച. നിലവില്‍ എംപിയായ അദ്ദേഹം അടുത്ത കേന്ദ്രമന്ത്രിസഭാ വികസനത്തില്‍ പരിഗണിക്കപ്പെടുമെന്ന് ഉറപ്പാണ്. പക്ഷേ സിന്ധ്യയുടെ മോഹം അങ്ങ് മധ്യപ്രദേശിലെ മുഖ്യമന്ത്രി കസേര തന്നെയാണ്.

തല്‍ക്കാലം ആ കസേര സ്വപ്‌നമായി തന്നെ സിന്ധ്യയ്ക്ക് മുമ്പിലുണ്ടാകൂ. പക്ഷേ അതു യാഥാര്‍ത്ഥ്യമാകുന്ന കാലം വിദൂരമല്ല എന്നു തന്നെ പറയാം.

 

 

madhyapradesh election
Advertisment