Advertisment

സ്വര്‍ണക്കടത്ത് അന്വേഷണവിഷയത്തില്‍ കെ സുരേന്ദ്രന് 'മൂക്കുകയര്‍' ! കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ അതിരുവിട്ട രാഷ്ട്രീയ പ്രസ്താവനകള്‍ പാടില്ലെന്ന് കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം !

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഡല്‍ഹി: കേരളത്തില്‍ സ്വര്‍ണക്കടത്തുമായും കള്ളപ്പണ ഇടപാടുകളുമായും ബന്ധപ്പെട്ട് നടക്കുന്ന കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ കാര്യങ്ങള്‍ സംബന്ധിച്ച് പരസ്യ പ്രസ്താവനകളില്‍നിന്നും ഒഴി‍ഞ്ഞു നില്‍ക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അതിരുകടന്ന പ്രസ്താവനകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

സുരേന്ദ്രന്‍റെ കഴിഞ്ഞ ദിവസങ്ങളിലെ ചില പ്രസ്താവനകള്‍ എടുത്തുകാട്ടി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന കടുത്ത വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ രംഗത്തുവന്ന സാഹചര്യത്തിലാണ് ബിജെപി ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ ഇടപെടുന്നത്.

അന്വേഷണ കാര്യങ്ങളില്‍ മുന്‍വിധിയോടെ ബിജെപി നേതാക്കള്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തുന്നത് മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതിനു തുല്ല്യമാകുമെന്ന വിലയിരുത്തലാണ് ബിജെപിയ്ക്കുള്ളത്.

'അന്വേഷണം അതിന്‍റെ വഴിക്കു പോകട്ടെ, രാഷ്ട്രീയം അതിന്‍റെ വഴിക്കും' എന്ന നിര്‍ദ്ദേശമാണ് സുരേന്ദ്രന് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയ ഘട്ടത്തില്‍തന്നെ ഇത്തരമൊരു നിര്‍ദ്ദേശം കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിനു നല്‍കിയിരുന്നു.

രാഷ്ട്രീയമായ സ്വാഭാവിക പ്രതികരണങ്ങള്‍ എന്നതിനപ്പുറമുള്ള പാര്‍ട്ടി ഇടപെടല്‍ പ്രതികരണങ്ങളായിപോലും നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നായിരുന്നു നിര്‍ദ്ദേശം.

ഇക്കാര്യത്തില്‍ സംസ്ഥാന നേതാക്കള്‍ മിതത്വം പാലിച്ചിരുന്നു. എന്നാല്‍ അടുത്ത നാളുകളായി ചില പരാമര്‍ശങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. അത് ബിജെപി ഭയപ്പെട്ടതുപോലെ സിപിഎം മുതലെടുക്കുകയും ചെയ്തു.

 

 

 

k surendran
Advertisment