ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കി കല കുവൈറ്റ് “ഞാറ്റുവേല 2018”

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, April 16, 2018

കുവൈറ്റ് സിറ്റി: ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഞാറ്റുവേല 2018, നാടൻ പാട്ട് മത്സരം സംഘടിപ്പിച്ചു. കല കുവൈറ്റിന്റെ 40-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഫഹാഹീൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കുവൈറ്റിലെ വിവിധ ടീമുകൾ പങ്കെടുത്തു.

പ്രശസ്ത നാടൻ പാട്ട് കലാകാരൻ പ്രണവം ശശി മുഖ്യാതിഥിയായി പങ്കെടുത്തു. സദസ്സിൽ ആവേശമുണർത്തിയ നാടൻ പാട്ട് മത്സരത്തിൽ താരക പെണ്ണാൾ ടീം ഒന്നാം സ്ഥാനവും, പൊലിക ടീം രണ്ടാംസ്ഥാനവും കരസ്ഥമാക്കി. പൽപക് ടീമിനാണ് മൂന്നാം സ്ഥാനം.

ഫിന്റാസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ വച്ച് ഫഹാഹീൽ മേഖല പ്രസിഡണ്ട് അനുപ് മങ്ങാടിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി കലകുവൈറ്റ് പ്രസിഡണ്ട് ആർ.നാഗനാഥൻ ഉത്ഘാടനം ചെയ്തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ്സ് മാത്യു, വൈസ് പ്രസിഡണ്ട് പ്രസീദ് കരുണാകരൻ, ജോ. സെക്രട്ടറി എം.പി.മുസ്ഫർ, ട്രഷറർ രമേശ് കണ്ണപുരം സ്വാഗത സംഘം ചെയർമാൻ സി.എസ്സ്.സുഗതകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മേഖലാ സെക്രട്ടറി രവീന്ദ്രൻ പിള്ള സ്വാഗതം പറഞ്ഞ ചടങ്ങിന്, സ്വാഗതസംഘം ജനറൽ കൺവീനർ തോമസ് എബ്രഹാം നന്ദിപറഞ്ഞു. തുടർന്ന് മുഖ്യാതിഥി പ്രണവം ശശിയുടെ നേതൃത്വത്തിൽ നടന്ന നാടൻപാട്ട് അവതര ണം കാണികൾക്ക് ആവേശം പകരുന്നതായിരുന്നു. നൂറു കണക്കിന് പേരാണ് നാടൻ പാട്ട് ആസ്വദിക്കാൻ പരിപാടിക്ക് എത്തിച്ചേർന്നത്.

×