ന്യൂഡല്‍ഹി: അമിതാബ് ബച്ചനും മകള്‍ ശ്വേത ബച്ചനും അഭിനയിച്ച വിവാദ പരസ്യം കല്യാണ്‍ ജൂവലേഴ്സ് പിന്‍വലിച്ചു. ഒന്നരമിനിറ്റ് ദൈര്‍ഘ്യം വരുന്ന പരസ്യമാണ് പിന്‍വലിച്ചിരിക്കുന്നത്. പരസ്യത്തിനെതിരെ ബാങ്ക് ഓഫിസര്‍മാരുടെ സംഘടനയായ ഓള് ഇന്ത്യന്‍ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ രംഗത്തെത്തിയിരുന്നു. ബാങ്കിംഗ് സംവിധാനത്തോട് തന്നെ അവിശ്വാസം ജനിപ്പിക്കുന്ന തരത്തിലുള്ളതാണ് പരസ്യമെന്നായിരുന്നു സംഘടനയുടെ ആരോപണം. ഇതിനെ തുടര്‍ന്നാണ് പരസ്യം പിന്‍വലിച്ചിരിക്കുന്നത്.
ബാങ്കിലേക്ക് വരുന്ന പ്രായം ചെന്ന റിട്ടയേഡ് ഉദ്യോഗസ്ഥനും മകളുമായാണ് ബച്ചനും ശ്വേതയും അഭിനയിക്കുന്നത്. പെന്ഷന് അക്കൗണ്ടിലേക്ക് കൂടുതല്‍ തുക എത്തിയത് തിരിച്ചു നല്കാന് എത്തുന്ന വൃദ്ധനെ ബാങ്ക് ജീവനക്കാര്‍ കളിയാക്കുന്നതായാണ് ചിത്രീകരണം. ഒടുവില്‍ മാനേജരുടെ അടുത്തെത്തുമ്ബോള്‍ അദ്ദേഹം 'ഇതൊന്നും ആരും അറിയാന്‍ പോകുന്നില്ല' എന്ന് പറയുന്നു. അപ്പോള്‍ എനിക്കറിയാം, അത് തെറ്റാണ്, എന്ന് പറഞ്ഞു വൃദ്ധന് ദേഷ്യപെടുന്നതും ഒടുവില്‍ കല്യാണിന്റെ 'വിശ്വാസം അതല്ലേ എല്ലാം' എന്ന പരസ്യ വാചകം കേള്‍പ്പിക്കുന്നതുമാണ് പരസ്യം. മലയാളത്തിലുള്ള പരസ്യത്തില്‍ ബച്ചന്റെ മകളായി എത്തുന്നത് മഞ്ജു വാര്യരാണ്.