Advertisment

അഭിനയത്തിന് രൂപവും നിറവുമൊന്നും പ്രശ്‌നമല്ലെന്ന് പറഞ്ഞാണ് ഞാൻ അയച്ചത്, എന്നാൽ സലിം കുമാറിനെ അവർ അഭിനയിപ്പിച്ചില്ല; അനുഭവം പങ്കുവെച്ച് കലൂര്‍ ഡെന്നിസ്

author-image
ഫിലിം ഡസ്ക്
New Update

സലിം കുമാറിന് ആദ്യമായി സിനിമയിൽ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ചും ഏറെ സന്തോഷത്തോടെ ലൊക്കേഷനിലെത്തിയ സലിം കുമാറിനെ അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിനെ കുറിച്ചും പറയുകയാണ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ്.

Advertisment

publive-image

സുരേഷ് ഗോപിയെ നായകനാക്കി സുവര്‍ണ സിംഹാസനം എന്ന സിനിമയുടെ തിരക്കഥ എഴുതുന്ന വേളയിലാണ് സലിം കുമാറിനെ താന്‍ ആദ്യമായി പരിചയപ്പെടുന്നതെന്നും സലിം കുമാറിന് സിനിമയില്‍ എങ്ങനെയെങ്കിലും എത്തണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.

അങ്ങനെയിരിക്കെ ഒരുദിവസം സലിംകുമാര്‍ ഒരു സന്തോഷ വാര്‍ത്തയും കൊണ്ടാണ് ഞങ്ങളുടെ മുറിയിലേക്ക് വന്നത് സംവിധായകന്‍ സിബി മലയിലിന്റെ ‘നീ വരുവോളം’ എന്ന ദിലീപ് ചിത്രത്തില്‍ സലിമിന് ഒരവസരം ലഭിച്ചിരിക്കുന്നു എന്നതായിരുന്നു ആ വാര്‍ത്തയെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.

എന്നെ അവര്‍ കണ്ടിട്ടുണ്ടോ എന്നറിയില്ല… എനിക്ക് പറ്റിയ വേഷമായാല്‍ മതിയായിരുന്നു. അപകര്‍ഷതാ ബോധത്തോടെ സലിം പറഞ്ഞപ്പോള്‍ ഞാനും വിശ്വംഭരനും കൂടി സലിമിന് ആത്മവിശ്വാസം പകരുകയായിരുന്നു.

‘അഭിനയത്തിന് അങ്ങനെ രൂപവും നിറവുമൊന്നും ഒരു പ്രശ്‌നമല്ല. കഥാപാത്രമായി മാറാനുള്ള കഴിവാണ് വേണ്ടത്…’, ഞാന്‍ പറഞ്ഞു. അങ്ങനെ ഞങ്ങളുടെ അനുഗ്രഹവും വാങ്ങിയാണ് പിറ്റേന്ന് രാവിലെതന്നെ സലിം കോട്ടയത്തേക്ക് പോയത്.

നാലഞ്ചു ദിവസം കഴിഞ്ഞ് ഞങ്ങളിരുന്ന് സുവര്‍ണ സിംഹാസനത്തിന്റെ ആര്‍ട്ടിസ്റ്റ് സെലക്ഷന്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് കോട്ടയത്തുനിന്ന് സുഹൃത്ത് അലക്‌സാണ്ടര്‍ വിളിക്കുന്നത്. സിബി മലയിലിന്റെ ലൊക്കേഷനില്‍ നിന്നാണ് അവന്‍ വിളിക്കുന്നത്.

സംസാരത്തിനിടയില്‍ സലിംകുമാറിന്റെ വിഷയവും കടന്നുവന്നു. സലിമിന്റെ അഭിനയം ശരിയാകാത്തതിനാല്‍ ലൊക്കേഷനില്‍നിന്ന് തിരിച്ചയച്ചെന്നും പകരക്കാരനായി ആ വേഷം അഭിനയിക്കുന്നത് ഇന്ദ്രന്‍സാണെന്നും പറഞ്ഞു. അതുകേട്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി.

രണ്ടു ദിവസം കഴിഞ്ഞ് സലിംകുമാര്‍ ഞങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലെത്തി. വളരെ പ്രത്യാശയോടെ അഭിനയിക്കാന്‍ പോയിട്ട് തന്നെ അഭിനയിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിന്റെ വിഷമമൊക്കെ സലിമിന്റെ മുഖത്ത് കാണാമായിരുന്നെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ ഒരു നനഞ്ഞ ചിരിയോടെ ഞങ്ങളുടെ മുന്നില്‍ ഭംഗിയായി അഭിനയിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ് ലൊക്കേഷനിലുണ്ടായ സംഭവങ്ങളൊക്കെ വിശദമായി പറയാന്‍ തുടങ്ങിയത്.

ഒരു മാസം കഴിഞ്ഞപ്പോള്‍ ‘സുവര്‍ണ സിംഹാസന ‘ത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് ആരംഭിച്ചു. ഞങ്ങള്‍ പറഞ്ഞുപോലെതന്നെ സലിംകുമാറിന് ചെറിയ വേഷമാണെങ്കില്‍ കൂടി ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം നല്‍കുകയും ചെയ്തു.

കൂടാതെ ഞാനെഴുതിയ ‘മേരാ നാം ജോക്കറി’ലും ഒരു മുഴുനീള ഹാസ്യകഥാപാത്രമാണ് സലിമിന് നല്‍കിയത്. തുടര്‍ന്ന് ചെറിയ ചെറിയ വേഷങ്ങളിലൂടെ വളര്‍ന്ന് മലയാള സിനിമയിലെ ഒന്നാം നമ്പര്‍ കൊമേഡിയനായി സലിം മാറി. അതോടെ സലിമിന്റെ സാന്നിധ്യത്തിനുവേണ്ടി നിര്‍മാതാക്കളും സംവിധായകരും കാത്തിരിക്കാന്‍ തുടങ്ങി.

salim kumar
Advertisment