Advertisment

കല്‍പ്പറ്റയില്‍ നിര്‍ണായകമാകുക ക്രിസ്ത്യന്‍ വോട്ടുകള്‍ തന്നെ ! കഴിഞ്ഞ 5 വര്‍ഷത്തിനിടെ കത്തോലിക്കാ സഭ പ്രതിരോധത്തിലായ വിവാദങ്ങളില്‍ സഭയെ എതിര്‍ത്ത മാതൃഭൂമിയോടും കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്ത ശ്രേയാംസ് കുമാറിനോടുമുള്ള വിരോധം ഒരു വശത്തും സഭയുടെ നോമിനിയെ തഴഞ്ഞ മുന്നണികളോടുള്ള വിരോധം മറുവശത്തും ! കരുത്തര്‍ തമ്മിലെ തീപാറുന്ന പോരാട്ടത്തില്‍ നിര്‍ണായക നീക്കങ്ങള്‍ ഇങ്ങനെ !

New Update

publive-image

Advertisment

വയനാട്: കല്‍പ്പറ്റയില്‍ ഇത്തവണ പോരാട്ടം തീപാറും. രണ്ട് ശക്തര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ഫലം പ്രവചനാതീതം തന്നെ. വിജയത്തിന് ഘടകങ്ങളാകുന്ന സമവാക്യങ്ങള്‍ മണ്ഡലത്തില്‍ പലതുണ്ട്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകളെല്ലാം മണ്ഡലത്തില്‍ നിര്‍ണായകമാണെന്നതാണ് പ്രധാന പ്രത്യേകത. ഏത് സമുദായം തീരുമാനിച്ചാലും ഒരു സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ എളുപ്പമാണ്.

ഇത്തവണ പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ ഭിന്ന ധ്രുവങ്ങളില്‍ നിന്നാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖ് യുഡിഎഫ് അനുഭാവികള്‍ക്കു പുറമേ മുസ്ലിം വോട്ടുകളിലും സ്വാധീനം ഉറപ്പിക്കും. ഇടതു സ്ഥാനാര്‍ഥി എംവി ശ്രേയാംസ് കുമാര്‍ ഉടതു വോട്ടുകള്‍ക്കു പുറമേ ഹിന്ദു ഭൂരിപക്ഷം വോട്ടുകളിലും സ്വാധീനം ഉറപ്പിക്കുമെന്ന് കരുതാം. ഹിന്ദു വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥിക്കായി കൂടി ഭിന്നിച്ചു പോകുമെന്നത് ശ്രേയാംസിന് പ്രതികൂലമാണ്.

അതിനിടെയിലാണ് മുപ്പത്തി അയ്യായിരത്തോളം വരുന്ന മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമാകുന്നത്. ഇതില്‍ പകുതിയോളം കത്തോലിക്കാ സഭയുടെ വോട്ടുകളാണ്. മണ്ഡലത്തിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ ഈ വോട്ടുകള്‍ നിര്‍ണായകമാകും.

കല്‍പ്പറ്റയില്‍ സഭ നിര്‍ദേശിച്ച സ്ഥാനാര്‍ഥിക്ക് സീറ്റ് ലഭിച്ചില്ലെന്ന പരിഭവം കത്തോലിക്കാ സഭയ്ക്കുണ്ട്. ഇരു മുന്നണികളും സഭയുടെ വാക്ക് കേട്ടില്ല. രാഹുല്‍ ഗാന്ധി പോലും സഭയുടെ അഭിപ്രായങ്ങള്‍ മാനിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ലെന്നാണ് സഭയുടെ പരാതി.

അതേസമയം കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ കത്തോലിക്കാ സഭ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളില്‍ സഭക്കെതിരെ എംവി ശ്രയാംസ് കുമാറിന്‍റെ മാതൃഭൂമി മാധ്യമ സ്ഥാപനങ്ങളാണ് ഏറ്റവും ക്രൂരമായ ആക്രമണം നടത്തിയതെന്ന പരാതിയുണ്ട്. മാത്രമല്ല, മാതൃഭൂമി മാനേജിങ്ങ് ഡയറക്ടര്‍ കൂടിയായ ശ്രേയാംസ് കുമാര്‍ കൊച്ചിയില്‍ സഭാ വിരുദ്ധര്‍ സ്പോണ്‍സര്‍ ചെയ്ത കന്യാസ്ത്രീ സമരത്തില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്തിരുന്നു.

കൊച്ചിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഗൂഢാലോചന നടന്ന ഭൂമി വിവാദത്തില്‍ ശ്രേയാംസ് കുമാറിന്‍റെ മാധ്യമ സ്ഥാപനങ്ങള്‍ പ്രത്യേക അജണ്ട വച്ചുതന്നെ നിലപാടെടുത്തു എന്ന പരാതി സഭയ്ക്കുണ്ട്. അതിനു ശേഷം ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കേസിലും മാനന്തവാടി രൂപതാംഗമായിരുന്ന മുന്‍ കന്യാസ്ത്രീ ലൂസി കളപ്പുരയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഈ മാധ്യമസ്ഥാപനങ്ങള്‍ സഭാ വിരുദ്ധതയുടെ പ്രഘോഷകരായി മാറിയെന്നായിരുന്നു സഭക്കുള്ളില്‍ നിന്നും ഉയര്‍ന്ന വിമര്‍ശനം.

അതിനാല്‍ തന്നെ എംവി ശ്രേയാംസ് കുമാറിനോടുള്ള ക്രൈസ്തവ സമൂഹത്തിന്‍റെ നിലപാട് തൃപ്തികരമാകാനിടയില്ല. തെരഞ്ഞെടുപ്പിനു മുന്നോടിയായി ശ്രേയാംസ് കുമാര്‍ ഇടപെട്ട് മാനന്തവാടി രൂപതാ കേന്ദ്രവുമായി ചര്‍ച്ച നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും ചര്‍ച്ചകള്‍ വിജയം കണ്ടില്ല. മാത്രമല്ല, ഈ മാധ്യമ സ്ഥാപനങ്ങള്‍ അവരുടെ അപ്രഖ്യാപിത നിലപാടുകള്‍ വഴി കാലങ്ങളായി സഭാ സമൂഹത്തിന് വരുത്തുന്ന നഷ്ടങ്ങള്‍ സംബന്ധിച്ച് വിശ്വാസികള്‍ക്കും ഉറച്ച ബോധ്യങ്ങളുണ്ട്.

ഈ സാഹചര്യത്തില്‍ ക്രൈസ്തവ കേന്ദ്രങ്ങള്‍ ഏന്ത് നിലപാടുകള്‍ സ്വീകരിക്കുമെന്ന് കല്‍പ്പറ്റയിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമായേക്കാം.

wayanad news t siddique
Advertisment