എസ്ബിഐയില്‍ നിന്നും 1000 കോടിയുമായി പ്രമുഖ സ്വര്‍ണ്ണ കമ്പനി ഉടമകള്‍ മുങ്ങി. പിഎന്‍ബിക്ക് പിന്നാലെ എസ്ബിഐയും വായ്പ്പാകുരുക്കില്‍

ന്യൂസ് ബ്യൂറോ, ചെന്നൈ
Wednesday, March 21, 2018

ചെന്നൈ∙ പഞ്ചാബ് നാഷനൽ ബാങ്കിനു പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും (എസ്ബിഐ) വന്‍ വായ്പാ തട്ടിപ്പ്. ചെന്നൈ ആസ്ഥാനമായ കനിഷ്ക് ഗോൾഡ് കമ്പനി 824.15 കോടി രൂപയാണ് എസ്ബിഐയില്‍ നിന്നും വായ്പയെടുത്തു മുങ്ങിയിരിക്കുന്നത് .

പലിശയുൾപ്പെടെ 1000 കോടി രൂപയ്ക്കു മുകളിലാണ് തിരിച്ചടയ്ക്കാനുള്ള തുക . ജ്വല്ലറി ഉടമകൾ മൗറിഷ്യസിലേക്കു കടന്നെന്നാണു കരുതുന്നത്. ജനുവരിയിൽ നടന്ന തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സിബിഐയ്ക്കു പരാതി നൽകിയതായി ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.

ഭൂപേഷ് കുമാര്‍ ജെയിന്‍, ഭാര്യ നീത ജെയിന്‍ എന്നിവരാണു കനിഷ്ക് ജ്വല്ലറി ശൃംഖലയുടെ പ്രമോട്ടർമാരും ഡയറക്ടർമാരും. എസ്ബിഐയുടെ നേതൃത്വത്തിൽ 14 പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ കണ്‍സോർഷ്യമാണു കനിഷ്കിനു വായ്പ നല്‍കിയത്.

2017 മാർച്ചിലാണു കമ്പനി തിരിച്ചടവ് മുടക്കിയത്. ആദ്യം എട്ടു ബാങ്കുകൾക്കും പിന്നീട് 14 ബാങ്കുകൾക്കും പണമടയ്ക്കുന്നത് നിർത്തി.

തിരിച്ചടവ് മുടങ്ങിയതോടെ മാർച്ച് 25ന് കനിഷ്കിന്റെ കോർപറേറ്റ് ഓഫിസിലും ഫാക്ടറിയിലും ഷോറൂമിലും ബാങ്ക് അധികൃതർ എത്തി. പക്ഷെ എല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു.

തുടർന്നു നവംബറിൽ, കനിഷ്ക് കമ്പനി അക്കൗണ്ട് തട്ടിപ്പാണെന്ന് എസ്ബിഐ റിസർവ് ബാങ്കിനെ അറിയിച്ചു. ജനുവരി 25ന് തട്ടിപ്പു നടന്നെന്നാണു എസ്ബിഐ സിബിഐയെ അറിയിച്ചത്. ബാങ്കുകൾക്കു ജ്വല്ലറി ഉടമകളെ ബന്ധപ്പെടാനായിട്ടില്ല.

×