വിമത എം.എൽ.എമാരുടെ രാജിയിൽ ഇന്ന് തീരുമാനമില്ലെന്ന് സ്പീക്കർ; രാജിയുടെ ദൃശ്യങ്ങൾ നാളെ കോടതിയിൽ ഹാജരാക്കും

ജൂലി
Thursday, July 11, 2019

ബംഗളൂരു: കർണാടക മന്ത്രിസഭയിലെ പത്ത് വിമത എം.എൽ.എമാരും സ്പീക്കർ കെ. ആർ രമേശ് കുമാറിന് രാജിക്കത്ത് കൈമാറി. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയായിരുന്ന ഇവർ കർണാടക വിധാൻ സൗധയിലെത്തിയാണ് രാജിക്കത്ത് നൽകിയത്.

 

എന്നാൽ രാജിയിൽ ഇന്ന് തന്നെ തീരുമാനമെടുക്കാനാകില്ലെന്ന് സ്പീക്കർ കെ ആർ രമേശ് കുമാർ വ്യക്തമാക്കി. പത്ത് രാജിക്കത്തുകളും പരിശോധിക്കണം. രാജി നൽകുന്ന ദൃശ്യങ്ങളടക്കം പകർത്തിയിട്ടുണ്ട്.

ഭൂകമ്പം ഉണ്ടായപോലെ ആയിരുന്നു എം.എൽ.എമാരുടെ പെരുമാറ്റം. ഇതടക്കമുള്ള ദൃശ്യങ്ങൾ നാളെ സുപ്രീംകോടതിയിൽ ഹാജരാക്കുമെന്നും രമേശ് കുമാർ അറിയിച്ചു.

സ്പീക്കർ രാജി സ്വീകരിക്കുന്നില്ലെന്ന് കാട്ടി സുപ്രീംകോടതിയെ സമീപിച്ച 10 വിമത എംഎൽഎമാരോട് ആറ് മണിയോടെ നേരിട്ട് പോയി രാജി സമർപ്പിച്ച് ഇന്ന് വൈകിട്ട് തന്നെ സ്പീക്കർ തീരുമാനമെടുക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്.

അതേസമയം രാജിവച്ച ജെ.ഡി.എസ് എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി.എസ് സ്പീക്കർക്ക് കത്ത് നൽകി.

എന്നാൽ ഈ നിർദേശം സ്പീക്കർ കെ ആർ രമേശ് കുമാർ തള്ളി. മണിക്കൂറുകൾ കൊണ്ട് ഇത്രയധികം രാജിക്കത്തുകൾ പരിശോധിച്ച് തീരുമാനമെടുക്കാനാകില്ലെന്ന് സ്പീക്കർ സുപ്രീംകോടതിയെ അറിയിച്ചു.

ഇത് ഹർജിയായി നൽകാൻ സുപ്രീംകോടതി സ്പീക്കറോട് പറഞ്ഞു. ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. എന്നാൽ രാവിലത്തെ ഉത്തരവ് നടപ്പാക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ രണ്ടാമത് ഹർജി പരിഗണിച്ചപ്പോൾ സുപ്രീംകോടതി മൗനം പാലിച്ചു.

×