കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന്  അവസാനിക്കും

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Thursday, May 10, 2018

 

കർണ്ണാടക : കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന്  അവസാനിക്കാനിരിക്കെ അഭിപ്രായ സര്‍വേ ഫലത്തിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഇതുവരെ പുറത്തുവന്ന സര്‍വേകളിലെല്ലാം കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. ഭൂരിപക്ഷമില്ലെങ്കിലും കൂടുതല്‍ സീറ്റുനേടുമെന്ന പ്രവചനം, കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷപകരുന്നു. ഒടുവില്‍വന്ന ലോക്‌നീതി-സി.എസ്.ഡി.എസ്.-എ.ബി.പി. പുറത്തുവിട്ട സര്‍വേയില്‍ കോണ്‍ഗ്രസ് 92 മുതല്‍ 102 വരെ സീറ്റുനേടുമെന്നാണ് പറയുന്നത്. ബി.ജെ.പി.ക്ക് 79 മുതല്‍ 89 സീറ്റാണ് പ്രവചിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡെ എന്നിവയുടെ സര്‍വേകളിലും കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും മുഴുവന്‍സമയ പ്രചാരണത്തിനിറങ്ങിയത് ബി.ജെ.പി. ക്യാമ്പില്‍ ഉണര്‍വുപകര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തിയതോടെ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കന്നഡനാട് വേദിയാകുന്നത്.

കോണ്‍ഗ്രസ് ഭരണത്തെയും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണം അവസാനിപ്പിച്ചത്. അവസാനഘട്ടത്തില്‍ മോദി 21 റാലികളിലാണ് പങ്കെടുത്തത്. രാഹുല്‍ഗാന്ധിയാകട്ടെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പ്രചാരണത്തിന് നേതൃത്വം നല്‍കി. ഒരു തിരഞ്ഞെടുപ്പിലും കാണാത്ത വീറും വാശിയിലുമാണ് ബി.ജെ.പി.യും കോണ്‍ഗ്രസും ഇക്കുറി പ്രചാരണത്തിനിറങ്ങിയത്. സാമൂഹിക മാധ്യമങ്ങളും പ്രചാരണവേദിയായി.

 

ഗുജറാത്ത് മാതൃകയിലുള്ള പ്രചാരണമാണ് രാഹുല്‍ കര്‍ണാടകത്തില്‍ നടത്തിയത്. ക്ഷേത്രങ്ങളും മഠങ്ങളും ദര്‍ഗകളും സന്ദര്‍ശിച്ചുകൊണ്ടായിരുന്നു വോട്ടുചോദ്യം. വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, വ്യവസായ സംരംഭകര്‍, തൊഴിലാളികള്‍ എന്നിവരുമായി സംവാദം സംഘടിപ്പിച്ചും സര്‍ക്കാര്‍ നേട്ടങ്ങള്‍ വിവരിച്ചുമായിരുന്നു പ്രചാരണം. സര്‍വേഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണെങ്കിലും ബി.ജെ.പി. തങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുകയാണ്; സത്യപ്രതിജ്ഞാച്ചടങ്ങും പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് 130 സീറ്റാണ് അവകാശപ്പെടുന്നത്. ജനതാദള്‍-എസ് 113 സീറ്റ് ലഭിക്കുമെന്നും വാദിക്കുന്നു. ജനതാദളിനുവേണ്ടി എച്ച്.ഡി. ദേവഗൗഡയും എച്ച്.ഡി. കുമാരസ്വാമിയുമാണ് പ്രധാനമായും പ്രചാരണത്തിനിറങ്ങിയത്. ബി.എസ്.പി. നേതാവ് മായാവതിയും മജ്!ലിസ് പാര്‍ട്ടി നേതാവ് ഒവൈസിയും അവര്‍ക്കുവേണ്ടി പ്രചാരണത്തിനെത്തി. സംസ്ഥാനത്ത് തൂക്കുസഭ വന്നാല്‍ ജനതാദള്‍-എസായിരിക്കും ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്.

×