സര്‍ക്കാരിന് തിരിച്ചടി; കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 12, 2018

ന്യൂഡല്‍ഹി: കണ്ണൂർ, കരുണ മെഡിക്കൽ കോളജ് ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി. ജുഡീഷ്യറിയുടെ അധികാരത്തിൽ ഇടപെട്ടുവെന്ന് കോടതി സര്‍ക്കാരിനെ വിമർശിച്ചു. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം നേടിയവരെ സ്ഥിരപ്പെടുത്താനായാണ് ഓർഡിനൻസ് ഇറക്കിയതെന്നും കോടതി പറഞ്ഞു.

ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ ക്രമവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനയുടെ ഇരുനൂറാം അനുച്‌ഛേദം അനുസരിച്ചായിരുന്നു ഗവര്‍ണറുടെ നടപടി.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ മറികടന്ന് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ പ്രവേശനം നടത്തിയത് നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. ഈ വര്‍ഷം ഈ കോളജുകളിലെ പ്രവേശനവും സുപ്രീം കോടതി തടഞ്ഞു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി തള്ളി. ഇപ്പോഴിതാ, മെഡിക്കല്‍ ഓര്‍ഡിനന്‍സ് തന്നെ റദ്ദാക്കിയിരിക്കുകയാണ് കോടതി.

×