കശ്മീരില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് നേടിയ ഷാ ഫൈസല്‍ ഐഎഎസില്‍ നിന്ന് രാജിവെച്ചു ; രാഷ്ട്രീയത്തില്‍ ഇറങ്ങി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നീക്കം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, January 10, 2019

ശ്രീനഗര്‍: കശ്മീരില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് നേടിയ ഷാ ഫൈസല്‍ ഐഎഎസില്‍ നിന്ന് രാജിവെച്ചു. രാഷ്ട്രീയത്തില്‍ ഇറങ്ങി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച തന്റെ ഭാവി പദ്ധതികളെപ്പറ്റി മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാജിക്കത്ത് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിലേക്ക് അയച്ചിട്ടുണ്ട്. 2010 ലാണ് ഷാ ഫൈസല്‍ ഐ.എ.എസ് പരീക്ഷയില്‍ ഒന്നാം സ്ഥാനക്കാരനായത്.

അതേസമയം ഷാ ഫൈസല്‍ കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. രാജി പ്രഖ്യാപനം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു.

കശ്മീരികളോട് ആത്മാര്‍ഥമായി ഇടപഴകാന്‍ കേന്ദ്രസര്‍ക്കാര്‍ വിമുഖത കാട്ടുന്നുവെന്നും അവരെ നിരന്തരം കൊലപ്പെടുത്തുന്നുവെന്നും ഷാ ഫൈസല്‍ ഫെയ്‌സ്ബുക്കിലൂടെ ആരോപിച്ചു. രാജ്യത്തെ 20 കോടിയോളം വരുന്ന മുസ്‌ലിം സമുദായത്തെ ഹിന്ദുത്വ ശക്തികള്‍ രണ്ടാംകിട പൗരന്മാരായി കാണുന്നുവെന്നും 35 കാരനായ അദ്ദേഹം കുറ്റപ്പെടുത്തി.

കശ്മിരിന്റെ പ്രത്യേക പദവിയോടുള്ള ആക്രമണം, രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുത, വിദ്വേഷം, തീവ്രദേശീയത എന്നിവയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കൂടിയാണ് രാജിവെക്കുന്നതെന്നും ഷാ ഫൈസല്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുന്ന പരാമര്‍ശങ്ങളാണ് ഫൈസലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുള്ളത്.

×