കെജ്‌രിവാളിന്റെ സമരവേദി പുതിയ രാഷ്ട്രീയ കൂട്ടായ്മക്ക് വേദിയാകുന്നു. ദേശീയ രാഷ്ട്രീയത്തിലും കെജ്‌രിവാള്‍ സ്വീകാര്യനായി. പ്രതിപക്ഷ നിര സമരവേദിയിലേയ്ക്ക്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, June 17, 2018

ന്യൂഡല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന നിസഹകരണ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ലഫ്.ഗവര്‍ണറുടെ ഓഫീസില്‍ ആറു ദിവസമായി മഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സഹമന്ത്രിമാരും നടത്തുന്ന സമരം ബിജെപിക്ക് തിരിച്ചടിയായി മാറുന്നു. സമരവേദി പുതിയ രാഷ്ട്രീയ കൂട്ടായ്മക്ക് വേദിയാകുകയാണ് .

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ ഇന്നലെ പിന്തുണയുമായെത്തിയതിനു പിന്നാലെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും കെജ്‌രിവാളിന് പിന്തുണയറിയിച്ചു രംഗത്തെത്തി.

ബിജെപിക്കെതിരായ വിശാല സഖ്യത്തിന് കെജ്‌രിവാളിന്റെ പ്രതിഷേധ സമരം സാഹചര്യ൦ സൃഷ്ടിച്ചിരിക്കുകയാണ്. മമത ബാനര്‍ജിയും പിണറായി വിജയനും ഒരു വേദിയില്‍ ഒന്നിച്ചെത്തുകയും കെജ്‌രിവാളിന് പിന്തുണ അറിയിക്കുകയും ചെയ്തത്, വിഘടിച്ചുനില്‍ക്കുന്ന കക്ഷികള്‍പോലും പൊതുവായ വിഷയത്തില്‍ ഒന്നിക്കുന്നതിന്റെ സൂചനയായാണ് കരുതുന്നത്. മാത്രമല്ല, കേന്ദ്രസര്‍ക്കാരിനെതിരെ ഒരേ സ്വരത്തിലാണ് ഈ മുഖ്യമന്ത്രിമാര്‍ രൂക്ഷമായി പ്രതികരിച്ചത്.

ദിവസങ്ങള്‍ മുന്‍പുവരെ ദേശീയ രാഷ്ട്രീയത്തില്‍ കെജ്‌രിവാള്‍ സ്വീകാര്യതയുള്ള നേതാവായിരുന്നില്ല. കോണ്‍ഗ്രസ് അടക്കമുള്ളവര്‍ വിശാലമായ ഒരു പ്രതിപക്ഷ സഖ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എഎപി അതിന്റെ ഭാഗമായി കടന്നുവന്നിരുന്നില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷി നേതാക്കാളുടെ യോഗം വിളിച്ചപ്പോഴും കെജ്‌രിവാള്‍ ക്ഷണിക്കപ്പെട്ടിരുന്നില്ല. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് നടത്തിയ ബിജെപി ഇതരരുടെ സംഗമത്തിലേക്കും കെജ്‌രിവാള്‍ ക്ഷണിക്കപ്പെട്ടില്ല. പക്ഷെ ഈ സമരവേദി അതെല്ലാം തകിടം മറിച്ചിരിക്കുകയാണ്
.

ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ കെജ്‌രിവാള്‍ സമരം ആംരഭിച്ച ആദ്യഘട്ടത്തില്‍ എഎപി ഒറ്റയ്ക്കായിരുന്നെങ്കിലും കഴിഞ്ഞ ദിവസം നീതി ആയോഗില്‍ പങ്കെടുക്കാനെത്തിയ വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ കെജ്‌രിവാളിന് പിന്തുണ പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ പുതിയ തലത്തിലേക്ക് വളരുകയായിരുന്നു. കഴിഞ്ഞ ദിവസം ആര്‍ജെഡി എംപി മനോജ് ഝാ കെജ്‌രിവാളിന്റെ വീട് സന്ദര്‍ശിക്കുകയും എഎപി നേതാക്കളെ കണ്ട് പിന്തുണയറിയിക്കുകയും ചെയ്തു.

രാഷ്ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി) നേതാവ് ജയന്ത് ചൗധരി കെജ്‌രിവാളിന് പിന്തുണയറിയിച്ച് ട്വീറ്റ് ചെയ്തു. കെജ്‌രിവാളിന് ലഭിക്കുന്ന പിന്തുണ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരായ സഖ്യത്തിന് വേദിയാകുമ്പോഴും കോണ്‍ഗ്രസ് ഇതിന്റെ ഭാഗമാകാന്‍ ഇതുവരെ തയ്യാറായിരുന്നില്ല . എന്നാല്‍ ഉരുത്തിരിഞ്ഞു വരുന്ന പുതിയ സാഹചര്യം കോണ്‍ഗ്രസിനെ മാറ്റി ചിന്തിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

×