Advertisment

ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റില്‍ പ്രഖ്യാപിച്ച തലസ്ഥാന വികസന പദ്ധതി നടപ്പായാല്‍ തിരുവനന്തപുരം അടിമുടി മാറും !!

New Update

publive-image

Advertisment

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റില്‍ പ്രഖ്യാപിച്ച തലസ്ഥാന വികസന പദ്ധതി നടപ്പായാല്‍ തിരുവനന്തപുരത്തിന് നേട്ടങ്ങളേറെ. വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 78 കിലോമീറ്ററില്‍ ആറുവരിപ്പാത, ഇരുവശത്തുമായി പതിനായിരം ഏക്കറില്‍ നോളഡ്ജ് ഹബുകള്‍, വ്യവസായ പാര്‍ക്കുകള്‍, വിനോദകേന്ദ്രങ്ങള്‍, ടൗണ്‍ഷിപ്പുകള്‍ എന്നിങ്ങനെ തലസ്ഥാന നഗരി ആകെ മാറുന്ന തരത്തിലാണ് ഐസകിന്റെ സ്വപ്നപദ്ധതി.

25000 കോടിയുടെ നിക്ഷേപവും രണ്ടരലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതോടെ തലസ്ഥാനത്തിന്റെ രൂപംതന്നെ മാറുമെന്നാണ് പ്രതീക്ഷ. വികസനത്തിനായി കമ്പനിയും ഉടന്‍ രജിസ്റ്റര്‍ ചെയ്യും.

പിന്നീട് ഈ മേഖലയില്‍ ആരെങ്കിലും ഭൂമി വില്‍ക്കാന്‍ തയ്യാറായാല്‍ കമ്പോളവിലയ്ക്ക് സര്‍ക്കാര്‍ വാങ്ങും. വില പണമായി വേണ്ടാത്തവര്‍ക്ക് ലാന്‍ഡ് ബോണ്ടായി നല്‍കും. ഭൂമി വില്‍ക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ലാന്‍ഡ് പൂളിംഗ് പദ്ധതിയുടെ ഭാഗമാവാം. കൈവശമുള്ള ഭൂമിക്ക് പത്തുവര്‍ഷം കൊണ്ട് നാലിരട്ടി വിലവര്‍ദ്ധന ഉറപ്പുനല്‍കും. അല്ലെങ്കില്‍ നാലിരട്ടി വിലയ്ക്ക് കമ്പനി ഭൂമി വാങ്ങും. കമ്പനി ഭൂമിയേറ്റെടുത്ത് അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കി സംരംഭകര്‍ക്ക് കൈമാറും.

പദ്ധതിക്കായി നൂറുകോടിയുടെ പ്രാരംഭവിഹിതവും ബഡ്‌ജറ്റിലുണ്ട്. ന്യൂഡല്‍ഹിക്ക് ഗുഡ്ഗാവ് എന്നപോലെ, 214ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള തലസ്ഥാനത്തിന് പതിനായിരം ഏക്കറില്‍ ഉപഗ്രഹനഗരമുണ്ടാക്കാനാണ് പദ്ധതി. വ്യാപാരകേന്ദ്രങ്ങളും ജനവാസ മേഖലകളും മാളുകളും ആശുപത്രികളും വ്യവസായ കേന്ദ്രങ്ങളുമെല്ലാം അടങ്ങുന്നതാവും ഉപഗ്രഹനഗരം.

കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഉപഗ്രഹനഗരം വരുന്നത്. നഗരത്തിന്റെ നട്ടെല്ലുപോലെ വരുന്ന ഔട്ടര്‍ റിംഗ് റോഡിന് ഇരുവശത്തുമായാണ് ഉപഗ്രഹനഗരം ഉയരുക. ആഗോളതലത്തില്‍ പ്രശസ്തരായ ആര്‍ക്കിടെക്ടുമാര്‍, നഗരാസൂത്രണ സ്ഥാപനങ്ങള്‍, ദേശീയ-അന്തര്‍ദേശീയ എന്‍ജിഒകള്‍ എന്നിവയെല്ലാം ചേര്‍ന്നാവും ഉപഗ്രഹനഗരം ഒരുക്കുക.

അടുത്ത 30 വര്‍ഷത്തെ എല്ലാ ആവശ്യങ്ങളും മുന്നില്‍ക്കണ്ട് ഏറ്റവും മികച്ച ആസൂത്രണത്തോടെയാവും ഉപഗ്രഹനഗരത്തിന്റെ നിര്‍മ്മാണം. താമസ,വ്യാപാര, വിദ്യാഭ്യാസ, ആരോഗ്യ കേന്ദ്രങ്ങള്‍ എവിടെയൊക്കെയാവണമെന്ന് മാസ്റ്റര്‍പ്ലാനിലുണ്ടാവും. ദേശീയപാതാ അതോറിട്ടിക്കാണ് 80കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഔട്ടര്‍റിംഗ് റോഡിന്റെ നിര്‍മ്മാണച്ചുമതല. ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ മൂന്നുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും.

കേന്ദ്ര സര്‍ക്കാരിന്റെ കാപി​റ്റല്‍ റീജിയണല്‍ ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായുള്ള ഔട്ടര്‍റിംഗ് റോഡ് വിഴിഞ്ഞം ബൈപാസില്‍ നിന്നാരംഭിച്ച്‌ വെങ്ങാനൂര്‍, അതിയന്നൂര്‍, ബാലരാമപുരം, പള്ളിച്ചല്‍, മലയിന്‍കീഴ്, മാറനല്ലൂര്‍,കാട്ടാക്കട, വിളപ്പില്‍, അരുവിക്കര, വേങ്കോട്, തീക്കട, തെമ്ബാമൂട്, പുളിമാത്ത്, നാവായിക്കുളം വഴി കടന്നുപോകും.

എഴുപത് മീറ്റര്‍ വീതിയിലാണ് ആറുവരിപ്പാത. ഇരുവശത്തും 10മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡുകളുണ്ടാവും. 500 ഹെക്ടറോളം ഭൂമിയേറ്റെടുക്കാന്‍ 2829 കോടി ചെലവുണ്ട്. പകുതി ചെലവ് സംസ്ഥാനം മുന്‍കൂറായി കേന്ദ്രത്തിന് നല്‍കണം. ഇതുമാത്രമാണ് റോഡ് പദ്ധതിയില്‍ സര്‍ക്കാരിനുള്ള മുടക്ക്. ആകെ നിര്‍മ്മാണ ചെലവ് 4868 കോടിയാവും.

താമസം, ജോലി, ബിസിനസ്, വിദ്യാഭ്യാസം, ആരോഗ്യം, കമ്മ്യൂണിക്കേഷന്‍, ഐ.ടി, വിനോദം, കായികം, ടൂറിസം മേഖലകളിലെല്ലാം 24മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതാവും ഉപഗ്രഹനഗരം. ടൗണ്‍ഷിപ്പുകളും എട്ട് സാമ്പത്തിക-വാണിജ്യ-ലോജിസ്റ്റിക്സ്-ട്രാന്‍സ്പോര്‍ട്ട് സോണുകളുണ്ടാവും.

വിദേശസഹായമായും വിദേശവായ്പയായും സ്വകാര്യ പങ്കാളിത്തമായും പൊതു-സ്വകാര്യ പങ്കാളിത്തമായുമെല്ലാം പണം കണ്ടെത്തും. സ്വകാര്യ പാര്‍പ്പിടസമുച്ചയ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമിയേറ്റെടുത്ത് കൈമാറില്ല, പാട്ടവുമില്ല. പൂര്‍ണമായും സ്വകാര്യനിക്ഷേപത്തിലായിരിക്കും ഇവ ഉയരുക.

 

trivandrum news
Advertisment