Advertisment

ഇന്ത്യ എല്ലാവരുടേതുമാണ്: ഹൈദരലി തങ്ങള്‍

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

കോഴിക്കോട്:  ഇന്ത്യ ഏതെങ്കിലും വിഭാഗത്തിന്റെ സ്വന്തം സ്വത്തല്ലെന്നും എല്ലാ പൗരന്മാര്‍ക്കും അവകാശപ്പെട്ടതാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.

Advertisment

ആര്‍ക്കും ഇന്ത്യയെ തീറെഴുതി നല്‍കിയിട്ടില്ല. മതത്തിന്റെയും ജാതിയുടെയും കള്ളികളിലേക്ക് മനുഷ്യരെ നീക്കി നിര്‍ത്തുകയാണ് മോദി ഭരണകൂടം. പൗരാവകാശം നിഷേധിക്കപ്പെട്ട മനുഷ്യര്‍ക്കു വേണ്ടി ജനാധിപത്യ മാര്‍ഗങ്ങളിലൂടെ ഏതറ്റം വരെ പോകാനും മുസ്ലിംലീഗ് തയ്യാറാണ്. മുസ്‌ലിംലീഗ് പൗരാവകാശ സംരക്ഷണ റാലിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്തു സംഘടിപ്പിച്ച മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

publive-image

അസഹിഷ്ണുത വലിയ രോഗമായി രാജ്യത്ത് വളര്‍ന്നു വരികയാണ്. ആസ്സാമില്‍ മുസ്‌ലിംകളല്ലാത്ത ആരും പേടിക്കേണ്ടതില്ലെന്ന അമിത് ഷായുടെ പ്രസ്താവന ഗൗരവത്തോടെയാണ് നാം കാണുന്നത്. ആസ്സാമിലെ പൗരത്വ പട്ടികയില്‍നിന്ന് മുസ്‌ലിംകളെ മാത്രം പുറന്തള്ളാനുള്ള നീക്കമാണ് നടത്തുന്നത്. ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ വിരോധാഭാസവും നാണക്കേടുമാണിത്.

ആസ്സാമില്‍ സഹായം ആവശ്യമുള്ളവര്‍ക്കു വേണ്ടി ഇതിനകം തന്നെ മുസ്‌ലിംലീഗ് അഖിലേന്ത്യാ കമ്മിറ്റി ലീഗല്‍ സെല്‍ ആരംഭിച്ചിട്ടുണ്ട്. മുസ്‌ലിംലീഗിന്റെ വളണ്ടിയര്‍മാര്‍ ആസ്സാമിലെ പാവങ്ങളെ സഹായിക്കാനായി രംഗത്തുണ്ട്. മൗലാന മുഹമ്മദലി ജൗഹറിന്റെ വാക്കുകള്‍ ഓര്‍ക്കുന്നു.

മുസ്‌ലിം എന്ന നിലയില്‍ ഞാന്‍ ഒന്നാമതും രണ്ടാമതും മൂന്നാമതും മുസ്‌ലിമാണെന്നും ഇന്ത്യക്കാരനെന്ന നിലയില്‍ ഒന്നാമതും രണ്ടാമതും മൂന്നാമതും ഞാന്‍ ഇന്ത്യക്കാരനാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യയില്‍ ജീവിക്കുന്ന ഏതു മതവിശ്വാസിയെ സംബന്ധിച്ചിടത്തോളവും ഇതായിരിക്കണം നിലപാട്. സ്വന്തം വിശ്വാസത്തോടൊപ്പം മറ്റുള്ളവന്റെ വിശ്വാസ, ആചാരങ്ങളെയും ബഹുമാനിക്കാതെ ആരും ഇന്ത്യക്കാരനാവുകയില്ല.

publive-image

മൗലാന മുഹമ്മദലിയും മഹാത്മാ ഗാന്ധിയും തമ്മിലുള്ള ബന്ധം ഇന്ത്യാ ചരിത്രത്തിലെ മഹത്തായ അദ്ധ്യായമാണ്. ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം മൈത്രിയുടെ അറ്റുപോകാത്ത ആ കണ്ണികള്‍ വീണ്ടും വിളക്കിച്ചേര്‍ക്കാനാണ് ഗാന്ധി ജയന്തി ദിനത്തില്‍ നാം പ്രതിജ്ഞ ചെയ്യേണ്ടത്. എല്ലാവര്‍ക്കും ഭയമില്ലാതെ ജീവിക്കണം. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും നേരെ ഭീഷണിയുയര്‍ത്തുന്ന ഫാസിസ്റ്റുകള്‍ പൗരാവകാശങ്ങളെയാണ് വെല്ലുവിളിക്കുന്നത്. ഒരു വ്യക്തി എന്തു ഭക്ഷിക്കണമെന്നും എന്തു പറയണമെന്നും ഏതു മതത്തില്‍ വിശ്വസിക്കണമെന്നും മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്. അതില്‍ ഇടപെടുന്നത് പൗരാവകാശങ്ങളുടെ ലംഘനമാണ്.

അനേകം മതങ്ങളും സംസ്‌കാരങ്ങളും ഭാഷകളും ദേശങ്ങളും ഒത്തൊരുമിച്ചു വാഴുന്ന നാടാണിത്. ഈ ഐക്യമാണ് ഇന്ത്യയുടെ ശക്തി. അത് തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ, തീവ്രവാദ ശക്തികളെ പരാജയപ്പെടുത്തല്‍ ഓരോ രാജ്യസ്‌നേഹിക്കും ബാധ്യതയാണ്. ഈ ഐക്യം തകര്‍ക്കാന്‍ ആദ്യം ശ്രമിച്ചവര്‍ ഗാന്ധിയെ കൊന്നവരാണ്. എത്ര അലക്കി വെളുപ്പിച്ചാലും അവരുടെ കുപ്പായത്തില്‍നിന്ന് ഗാന്ധിയുടെ രക്തക്കറ മായില്ല. ആ വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടം കൂടിയാണ് ഈ ദിവസം ഇവിടെ പ്രഖ്യാപിക്കപ്പെടുന്നത്.

publive-image

നോട്ട് നിരോധനത്തിന്റെ ഫലമായുണ്ടായ സാമ്പത്തിക മാന്ദ്യം രാജ്യത്തെ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുകയാണ്. ഈ കാര്യങ്ങളെല്ലാം ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ വൈകാരികമായ വിഷയങ്ങളില്‍ ശ്രദ്ധയൂന്നി മുന്നോട്ടു പോകുന്നത്.

ആ ദുഷ്ടലാക്ക് തിരിച്ചറിയാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് കഴിയണം. തുറന്ന ജയിലിന് സമാനമായി കശ്മീരികളെ ബന്ദികളാക്കിയ നടപടിയും നിരപരാധികളെ ജയിലില്‍ അടയ്ക്കാനുള്ള കരിനിയമങ്ങളും അംഗീകരിക്കാനാവില്ല.

പാക്കിസ്്താന്‍ ചാരനെന്ന ചാപ്പ കുത്തി മുസ്‌ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തിയപ്പോള്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അഭിമാനകരമായ അസ്തിത്വത്തോടെ ജീവിക്കാന്‍ സാധിക്കണമെന്ന് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്്മാഈല്‍ സാഹിബ് പറഞ്ഞു. അതിനു വേണ്ടി അദ്ദേഹം മുസ്്‌ലിംലീഗിന്റെ ഹരിത പതാക നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നമുക്ക് കൈമാറി. ആ പതാക കരുത്തോടെ മുറുകെ പിടിച്ച് മുസ്‌ലിംലീഗ് ന്യൂനപക്ഷ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്നത് തുടരുക തന്നെ ചെയ്യുമെന്നും ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചു.

Advertisment