Advertisment

അന്ന് നിപയെ നിര്‍ഭയം പൊരുതി തോല്‍പിച്ച് വരുതിയിലാക്കി, ഇന്ന് കൊറോണ വൈറസിനെ തുരത്താന്‍ പടപ്പുറപ്പാടുമായി ആരോഗ്യമന്ത്രി. ആരോഗ്യ വകുപ്പിന്‍റെ ഐശ്വര്യമായി കെ.കെ. ശൈലജ ടീച്ചര്‍

New Update

തൃശ്ശൂര്‍: വേവും വേവലാതിയും ഉള്ളിലൊതുക്കിയാണ് പാതിരായോടുകൂടി കേരളത്തിന്റെ ആരോഗ്യമന്ത്രി തൃശ്ശൂര്‍ മെഡിക്കല്‍കോളേജിലെത്തിയത്.

Advertisment

അനുധാവനം ചെയ്ത് വിദഗ്ധരായ മെഡിയ്ക്കല്‍ സംഘവും മന്ത്രിമാരും. മെഡിയ്ക്കല്‍ കോളേജില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഐസൊലേഷന്‍ വാര്‍ഡ് സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അവര്‍.

publive-image

ചൈനയില്‍ നിന്നും ലോകത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും പടര്‍ന്നുകൊണ്ടിരിയ്ക്കുന്ന, ജന്തുജാലങ്ങളെയും മനുഷ്യരെയും ഉന്മൂലനം ചെയ്യുന്ന, പ്രതിരോധമരുന്നുകള്‍ എന്താണന്നുപോലും നിശ്ചയമില്ലാത്ത കൊറോണ വൈറസ് ഇന്ത്യയില്‍ ആദ്യമായി തൃശ്ശൂരില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എത്തിയതായിരുന്നു മന്ത്രിയും സംഘവും.

പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയിലെ ഏറ്റവും ഊര്‍ജ്ജസ്വലയും കര്‍മ്മകുശലതയും ഉള്ള മന്ത്രിയാണ് കെ.കെ. ശൈലജ. മന്ത്രിസ്ഥാനം പാര്‍ട്ടി വച്ച് നീട്ടിയപ്പോള്‍ ഏത് വകുപ്പായാലും ജനങ്ങള്‍ക്ക് ഉപകാരപ്പെടുവാനായി പ്രവര്‍ത്തിയ്ക്കുമെന്ന് ഉറച്ചതീരുമാനം ഉള്ളിലെടുത്തിരുന്നു അവര്‍.

ആരോഗ്യമേഖലയില്‍ കേരളം അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടും സാധാരണക്കാര്‍ക്ക് വിദഗ്ധചികില്‍സ അപ്രാപ്യമായിരുന്നു.

പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുതല്‍ മെഡിയ്ക്കല്‍ കോളജ് വരെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉണ്ടങ്കിലും ജനങ്ങള്‍ പോകാന്‍ മടിയ്ക്കുന്നത് ഒട്ടും പ്രൊഫഷനല്‍ ആകാത്തതിനാലാണ്. അപരിമിതമായ സൗകര്യത്തിലും ലക്ഷക്കണക്കിന് സാധാരണക്കാര്‍ ആശ്രയിയ്ക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെ തന്നെയാണന്നത് അവിതര്‍ക്കിതവുമാണ്.

ഇന്ന്, പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുതല്‍ മെഡിയ്ക്കല്‍ കോളജ് വരെ അടിമുടി മാറിയിട്ടുണ്ടങ്കില്‍ അതിന്റെ പുറകില്‍ ഒരമ്മയുടെ ത്യാഗസന്നദ്ധതയും വാത്സല്യവും ഒരദ്ധ്യാപികയുടെ സേവനസന്നദ്ധതയും കാര്‍ക്കശ്യ നിലപാടുമാണ്. കെ.കെ.ശൈലജ അമ്മയാണ്, അദ്ധ്യാപികയാണ്,പ്രൊഫഷനലുമാണ്.

അപ്പര്‍ മിഡില്‍ക്ലാസ്സുകാര്‍ ഇന്ന് സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് വരാന്‍ തുടങ്ങിയിരിയ്ക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളുടെ മുന്നിലുള്ള റോഡിലൂടെ മൂക്കുപൊത്തി നടന്നുപോയിരുന്ന ആ പഴയ കാലമൊക്കെ ജനം മറന്നിരിയ്ക്കുന്നു.

കെട്ടിലും മട്ടിലും സ്വകാര്യ ക്ലിനിയ്ക്കുകളെയും മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രികളെയും വെല്ലുന്ന നിലവാരത്തിലെത്തിയിരിയ്ക്കുന്നു സര്‍ക്കാര്‍ ആശുപത്രികള്‍. ഇതിനായി നിയമസഭാ സാമാജികരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും സന്നദ്ധസംഘടനകളുടെയും എല്ലാം സഹകരണം നേടാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞത് കാര്യങ്ങള്‍ എളുപ്പമാക്കി.

ആരോഗ്യവകുപ്പിലെ മുന്‍ അഡീഷനല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ മെഡിയ്ക്കല്‍ ടീമിനെ ഏകോപിപ്പിച്ചത് ടീച്ചറിന് നിപയ്ക്കെതിരെ പൊരുതാന്‍ വീറും വാശിയും നല്‍കി. ഊണും ഉറക്കവും ഉപേക്ഷിച്ച് നിപയ്ക്കെതിരെ ടീച്ചര്‍ നടത്തിയ പോരാട്ടവും വിജയവും ലോകം ആദരവോടെ നോക്കികാണുകയായിരുന്നു.

രാത്രി എപ്പോള്‍ വേണമെങ്കിലും മുഴങ്ങിയെക്കാവുന്ന അടിയന്തിരപ്രാധാന്യമുള്ള ഫോണ്‍കോള്‍ വരുമെന്നുള്ളതുകൊണ്ട് ഉറക്കം പോലും വേണ്ടന്ന് വച്ച നിപ വൈറസ് പടരുന്ന കാലമായിരുന്നു അത്.

നിപ വൈറസ് കേരളത്തില്‍ ആദ്യമായി സ്ഥിരീകരിച്ച സമയത്ത് നാഷനല്‍ വൈറോളജി ഇന്‍സ്ടിട്യൂട്ടിലെ വിദഗ്ധരായ മൂന്നുപേരുടെ സേവനം കൊച്ചി മെഡിയ്ക്കല്‍ കോളജില്‍ താല്‍ക്കാലികമായി തുടങ്ങിയ പൂനെ വൈറോളജി ഇന്‍സ്ടിട്യൂട്ടിന്റെ പോയിന്റ് ഓഫ് കെയറില്‍ ലഭിച്ചത് ടീച്ചറിന്റെ നേട്ടമാണ്.

രണ്ടാമത് വന്ന നിപയെ കേരളത്തില്‍ കാലുതൊടാന്‍ അനുവദിയ്ക്കാതെ ആട്ടിയോടിയ്ക്കാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്.

publive-image

ചൈനയില്‍ നിന്ന് ഇത്ര പെട്ടന്ന് കൊറോണ വൈറസ് ഇന്ത്യയിലെത്തുമെന്ന് ആരും കരുതിയിരുന്നില്ല. ആദ്യമായി അതെത്തിയതാകട്ടെ കേരളത്തിലും. അറിഞ്ഞ നിമിഷം ടീച്ചറും മെഡിയ്ക്കല്‍ ടീമും ജാഗരൂകരായി.തൃശ്ശൂര്‍ മെഡിയ്ക്കല്‍ കോളജിലേയ്ക്ക് സന്ദേശങ്ങള്‍ ഉത്തരവായി പറന്നു.

കൊറോണ വൈറസിനെ പ്രതിരോധിയ്ക്കാന്‍ ആശുപത്രിയെ സജ്ജമാക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ ഐപിഎസ് നിര്‍ദ്ദേശിയ്ക്കുന്നു.

രാത്രി മന്ത്രി ആശുപത്രി സന്ദര്‍ശിയ്ക്കുമ്പോള്‍ കൊറോണ വൈറസ് ബാധിതരായി വരുന്നവരെ പാര്‍പ്പിയ്ക്കാന്‍ ഐസൊലേഷന്‍ വാര്‍ഡ് തയ്യാറാക്കണം, ജില്ലയിലെ പ്രധാന ആശുപത്രികളുടെ സൂപ്രണ്ട്മാരും അവിടെ ഉണ്ടാകണമെന്നും രാത്രി വൈകിയാണങ്കിലും അടിയന്തിരയോഗം ഉണ്ടാകുമെന്നും അറിയിച്ചു.

നിപയ്ക്കെതിരെ സ്വീകരിച്ച പ്രതിരോധപ്രവര്‍ത്തനങ്ങളുടെ രീതിതന്നെ പിന്‍തുടര്‍ന്ന്കൊണ്ട് കൊറോണ വൈറസിനെ ചെറുത്തുതോല്‍പിയ്ക്കാന്‍ തൃശ്ശൂര്‍ മെഡിയ്ക്കല്‍ കോളജ് കേന്ദ്രമാക്കി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ മെഡിയ്ക്കല്‍ സംഘം സജ്ജമായിട്ടുണ്ട്.

കൊറോണ വൈറസിനെ കേരളത്തില്‍ നിന്നും തുരത്താന്‍ ടീച്ചറിനും മെഡിയ്ക്കല്‍ സംഘത്തിനും സാധിയ്ക്കും.എങ്കില്‍ ലോകം അത്ഭുതപ്പെടും കേരളത്തെ നോക്കി.

ജനങ്ങളുടെ പ്രശ്നങ്ങളെ സര്‍ക്കാര്‍ ഫയലില്‍ ഉറങ്ങാന്‍ അനുവദിയ്ക്കാതെ ഗൗരവത്തോടെ സമീപിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ ടീച്ചറിന് സാധിയ്ക്കുന്നത് ''ഓരോ ഫയലും ഓരോ ജീവിതമാണ് '' എന്ന മുഖ്യമന്തിയുടെ വാക്കുകള്‍ നല്‍കിയ പ്രചോദനമായിരിയ്ക്കാം.

കേരളം നെഞ്ചിലേറ്റിയ ആരോഗ്യമന്ത്രിയാണ് കെ.കെ.ശൈലജ ടീച്ചര്‍. ലക്ഷക്കണക്കിന് സാധാരണക്കാരായവരുടെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ ടീച്ചര്‍ നടത്തുന്ന ശ്രമം ശ്ലാഘനീയമാകുന്നു. അതിനൂതനമായ രോഗനിര്‍ണയ ഉപകരണങ്ങള്‍ ടീച്ചറിന്റെ താത്പര്യാര്‍ത്ഥം കേരളത്തിലെ പല ആശുപത്രികളിലും അനുവദിച്ചത് ആ അമ്മമനസ്സിന്റെ അലിവാണ്.

Advertisment