Advertisment

നാടക കുലപതി സെയ്ത്താൻ ജോസഫിനെ സ്മരിക്കുമ്പോൾ

author-image
രാജു കുന്നക്കാട്ട്
Updated On
New Update

റു പതിറ്റാണ്ടുകാലം മലയാള നാടക വേദിയുടെ ആത്മാവും നിറസാന്നിധ്യവുമായിരുന്ന സെയ്ത്താൻ ജോസഫ് കാല യവനികക്കുള്ളിൽ മറഞ്ഞിട്ട് ഇന്ന് 9 വർഷം.

Advertisment

ഏതാണ്ട് 4 പതിറ്റാണ്ടുകൾക്ക് മുൻപ് ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുന്നാളിനോടനുബന്ധിച്ചു നടത്തിയ 'ക്വോ വാദിസ്' എന്ന നാടകം ഇപ്പോഴും മറന്നിട്ടില്ല.

publive-image

അതിൽ ക്രിസ്തുവായും പത്രോസായും രണ്ട് വ്യത്യസ്ത വേഷങ്ങളിലൂടെ കാണികളുടെ മനം കവരാൻ അദ്ദേഹത്തിന് സാധിച്ചു. റോമാ സാമ്രാജ്യം കത്തിഎരിയുന്ന രംഗം അവതരിപ്പിച്ചത് അത്ഭുത സ്‌തംബദ്ധരായാണ് പ്രേക്ഷകർ വീക്ഷിച്ചത്.

ബൈബിൾ, ചരിത്ര, സാമൂഹ്യ നാടകങ്ങളെ ജനകീയമാക്കി അവതരിപ്പിച്ചും, സ്റ്റേജിൽ ദൃശ്യ വിരുന്നിന്റെ മായാജാലം തീർത്തും പ്രേക്ഷക മനസ്സിൽ അദ്ദേഹം ഇടം നേടി.

ചവിട്ടു നാടകത്തിലെ പ്രധാന കഥാ പത്രമായിരുന്ന പിതാവ് അന്ത്രയോസ് നാട്ടിൽ അവതരിപ്പിച്ച ഒരു നാടകത്തിൽ മാലാഖയുടെയും ചെകുത്താന്റെയും വേഷമിട്ടു. ചെകുത്താന്റെ വേഷം കൂടുതൽ ഭംഗിയായി ചെയ്ത അന്ത്രയോസിന് നാട്ടുകാർ ചെകുത്താൻ എന്ന വിളിപ്പേര് നൽകി.

അദ്ദേഹത്തിന്റെ പുത്രൻ നാടക കലാകാരനായപ്പോൾ ചെകുത്താൻ ജോസഫ് എന്ന് വിളിച്ചു ചിലർ.അത് പരിഷ്കരിച്ച് സെയ്ത്താൻ ജോസഫ് എന്നായപ്പോൾ മലയാളക്കരയിലെ വിഖ്യാതമായ പേരായി മാറി. കലാ കൈരളിക്ക് ഇദ്ദേഹം നാടകാചാര്യനുമായി.

1960 ലാണ് ഇദ്ദേഹം ആലപ്പി തിയേറ്റേഴ്‌സ് സ്ഥാപിച്ചത്. ക്രിസ്തുവിന്റെ ജനനം മുതൽ മരണവും ഉയർപ്പും വരെയുള്ള സംഭവങ്ങളെ കോർത്തിണക്കി അവതരിപ്പിച്ച 'മുപ്പത് വെള്ളിക്കാശ് ' എന്ന നാടകം കേരളത്തിലും ,പുറത്തുമായി നൂറുകണക്കിന് സ്റ്റേജുകളിൽ അവതരിപ്പിച്ചു.

പത്ത് കല്പനകൾ, നീതിമാനായ തോബിയാസ്, അബ്രാഹത്തിന്റെ ബലി, മോസ്സസ്, യാക്കോബിന്റെ പുത്രനായ ജോസഫ്, സഹനപിതാവായ ജോബ്, ദാവീദും ഗോലിയാത്തും, സ്നാപക യോഹന്നാൻ, പ്രവാചകർ, സമ്പൂർണ്ണ ബൈബിൾ, സെന്റ് പീറ്റർ, വിശുദ്ധ പൗലോസ്, തുടങ്ങി മുപ്പതോളം ബൈബിൾ നാടകങ്ങളും, മഹാനായ അലക്സാണ്ടർ , ബെൻഹർ ഉൾപ്പെടെ നിരവധി ചരിത്ര നാടകങ്ങളും അദ്ദേഹം കൈരളിക്ക് കാഴ്ച വച്ചു.

ഇദ്ദേഹത്തിന്റെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്നത് ആറാം തിരുമുറിവ് എന്ന വിവാദ നാടകത്തിന് മറുപടിയുമായെത്തിയ 'ക്രിസ്തുവിന്റെ അഞ്ചാം തിരുമുറിവ് 'എന്ന നാടകമായിരുന്നു.ദിവസേന രണ്ട് വേദികളിൽ അവതരിപ്പിച്ച ആ നാടകത്തിന് വൻ വരവേൽപ്പ് ലഭിച്ചു.

അരങ്ങിൽ സാമൂഹ്യ പ്രതിബദ്ധതയുടെ അഗ്നിസ്പുലിംഗങ്ങൾ പാറിച്ച നിരവധി സാമൂഹ്യ നാടകങ്ങളും ആലപ്പി തിയേറ്റേഴ്‌സ് അവതരിപ്പിച്ചു കൈയടി നേടി. 1952കാലഘട്ടത്തിൽ , ജന്മിത്വത്തിനെതിരെ പടവാളുയർത്തിയ നാടകം ' അഞ്ച് സെന്റ് ഭൂമി ' ശ്രദ്ധ നേടി.

ആളിപ്പടരുന്ന തീ നാളങ്ങൾ, മലനാടുണരുന്നു, കടലിന്റെ മക്കൾ, മലനാടിന്റെ മക്കൾ, ഹിരോഷിമ, കടൽ, കയർ, മുസ്ലീം പശ്ചാത്തലത്തിൽ അവതരിപ്പിച്ച ഏഴാം സ്വർഗം,ജലോത്സവം, ബന്ദ്‌ തുടങ്ങിയ നാടകങ്ങൾ മണ്ണിന്റെ മണമുള്ളതും, സമൂഹത്തിലെ അധ്വാന വർഗ്ഗത്തിന്റെ നോവും നൊമ്പരവും തുറന്നു കാട്ടുന്നതുമായിരുന്നു.

ഏഴാം സ്വർഗം അവതരിപ്പിച്ച കാലത്ത് ഒരു അപകടത്തിൽ അദേഹത്തിന്റെ കൈ ഒടിഞ്ഞു. എന്നാൽ സ്റ്റേജിൽ നിന്നും മാറി നിൽക്കുവാൻ അദ്ദേഹം കൂട്ടാക്കിയില്ല.

അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കൈ ഒടിഞ്ഞതായി നാടകത്തിൽ ഒരു മാറ്റം വരുത്തി അരങ്ങിൽ അവതരിപ്പിച്ചതായി അദ്ദേഹം രചിച്ച 'എന്റെ നാടകാനുഭവങ്ങൾ 'എന്ന ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നുണ്ട്.

നിരീശ്വര വാദത്തിന്റെയും , കാലഹരണപ്പെട്ട പ്രത്യയ ശാസ്ത്രങ്ങളുടെയും തടവറയിലായിരുന്നില്ല അദ്ദേഹം എന്നതും ശ്രദ്ധേയമാണ്.

മികവുറ്റ രചനയും, സംവിധാനവും, അനായാസമായ അഭിനയ അവതരണ ശൈലിയും കഥാപാത്ര വിന്ന്യാസവുമെല്ലാം ആലപ്പി തീയേറ്റേഴ്സിന് നിരവധി ആരാധകരെ സൃഷ്ടിച്ചു.

തന്റെ തൂലിക സമൂഹ നന്മക്കായി ഉപയോഗിക്കാൻ അദ്ദേഹം എന്നും പ്രതിജ്ഞാ ബദ്ധനായിരുന്നു. കടലമ്മ, ഭാര്യ, പോസ്റ്റ്മാനെ കാണ്മാനില്ല തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ കേരള സന്ദർശനവേളയിൽ 'സെന്റ് പീറ്റർ ' എന്ന നാടകം അദ്ദേഹം അവതരിപ്പിച്ചു. ആദ്യത്തെ മാർപ്പാപ്പയായ വിശുദ്ധ പത്രോസിനെ തല കീഴായി കുരിശിൽ തറയ്ക്കുന്ന ക്ലൈമാക്സ്‌ രംഗം ഏവരെയും വികാര ഭരിതമാക്കിയിരുന്നു. നിരവധി അവാർഡുകളും അദ്ദേഹത്തെ തേടിയെത്തി.

1976, 1984 വർഷങ്ങളിൽ സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ്, സംഗീത നാടക അക്കാദമി പുരസ്‌കാരം, 2009ൽ 'ദൈവ ദൂതിക' എന്ന നാടകത്തിൽ മികച്ച നടനുള്ള പി ഓ സി അവാർഡ്, 1982ൽ മാർപ്പാപ്പയുടെ ബനമരേന്തി അംഗീകാരം, അഖില കേരള കാത്തലിക് അവാർഡ്, ചാവറ അവാർഡ് എന്നിവയും അദ്ദേഹം കരസ്ഥമാക്കി.

2010ൽ മരുമകൻ ഷിബു ജോസഫ് രചിച്ച 'വചനം 'എന്ന നാടകമാണ് അദ്ദേഹം അവസാനമായി സംവിധാനം നിർവഹിച്ചത്.

Advertisment