Advertisment

18 കാരന്റെ ചികിത്സാ ഫണ്ട് ശേഖരണാര്‍ത്ഥം കോട്ടായിയില്‍ ഒക്ടോബർ 27 ന് ദയയുടെ കാരുണ്യ വിപ്ലവം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  2000 ആളുകള്‍, 20 പേരടങ്ങുന്ന 100 സ്ക്വാഡുകള്‍, 100 ബക്കറ്റുകള്‍, കോട്ടായി ഗ്രാമ പഞ്ചായത്തില്‍ 6 മണിക്കൂര്‍ നീളുന്നകാരുണ്യ വിപ്ലവത്തിന്റെ ലക്ഷ്യം 20 ലക്ഷം രൂപ. വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്ന കോട്ടായി ചെറുകുളം , പള്ളത്തുപ്പുര സ്വദേശി ജയകൃഷ്ണന്‍ എന്ന 18 കാരന്റെ ചികിത്സാ സഹായനിധിയുടെ ഫണ്ട് ശേഖരണാര്‍ത്ഥം ദയചാരിറ്റബിള്‍ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശിയുടെ നേതൃത്വത്തിലാണ് 100 ബക്കറ്റുകളുമായി കാരുണ്യവിപ്ലവം നടത്തുന്നത്.

Advertisment

പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് കഴിഞ്ഞ ഒന്നര മാസമായി കോട്ടായി ഗ്രാമപഞ്ചായത്തിലുടനീളം തയ്യാറെടുപ്പുകള്‍ നടക്കുന്നത്. തയ്യാറെടുപ്പുകളുടെ വിവിധ ഘട്ടങ്ങള്‍ മുമ്പ് നടത്തിയ വിവിധ മേഖലകളിലെ കർമ പദ്ധതികളെ മുൻ നിർത്തിയാണ്.

publive-image

ഒന്നാംഘട്ടം : പൊതുയോഗം

15/09/19 ന് ഞായറാഴ്ച കോട്ടായി ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടേയും ,പൌരപ്രമുഖരുടേയും , സാമൂഹ്യപ്രവര്‍ത്തകരുടേയും, സുമനസ്സുകളായ നാട്ടുകാരുടേയും, ഒരു യോഗം വിളിച്ചുകൂട്ടി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ദയാകുടുംബാംഗങ്ങളും ദയയുടെ അഭ്യുദയകാംക്ഷികളും സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുത്തു.

കോട്ടയത്തുനിന്ന് ജയകൃഷ്ണന് വൃക്കദാനം ചെയ്യുന്ന സീതതമ്പിയും, തൃശ്ശൂരില്‍ നിന്നും വന്ന, 8 വര്‍ഷം മുമ്പ് തന്റെ ഓരു കിഡ്നി ദാനം ചെയ്ത അജിത് നാരങ്ങാളിലും, ആദ്യ സംഭാവനയായി 5 ലക്ഷം രൂപ നല്‍കിയ കൊടുവായൂരിലെ പൌരപ്രമുഖന്‍ എ.കെ. നാരായണനും സദസ്സിന്റെ ശ്രദ്ധാകേന്ദ്രങ്ങളായി.

ജയകൃഷ്ണന്റെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ഫണ്ടുശേഖരണാര്‍ത്ഥം നടത്താനുദ്ദേശിക്കുന്ന കാരുണ്യവിപ്ലവത്തെക്കുറിച്ച് ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ വിശദീകരിച്ചത് സദസ്സ് ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളെ ചെയര്‍മാന്‍മാരാക്കി 15 വാര്‍ഡുതല കമ്മിറ്റികള്‍ രൂപീകരിച്ചു. ഓരോ വാര്‍ഡിലെയും ദയയുടെ ഓരോ ലീഡര്‍മാരെ കണ്‍വീനര്‍മാരാക്കിയും അതാതു വാര്‍ഡുകളിലെ മികച്ചപ്രവര്‍ത്തകരെ കോ ഓര്‍ഡിനേറ്റര്‍മാരായും തിരഞ്ഞെടുത്തു.

15 കണ്‍വീനര്‍മാരും 15 കോ ഓര്‍ഡിനേറ്റര്‍മാരും , ജനറല്‍ കണ്‍വീനറും , ദയയുടെ ചെയര്‍മാനും ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ആക്ഷന്‍ കമ്മിറ്റിയാണ് ജയകൃഷ്ണന്‍ ചികിത്സാ സഹായനിധിയുടെ ദ്രുതകര്‍മ്മ സേന. ദയ ചാരിറ്റഹിള്‍ ട്രസ്റ്റ് ചെയര്‍മാന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഇവര്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തന സജ്ജമാകും.

വാട്സാപ്പിലൂടെ അപ്പപ്പോള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിനു പുറമെ വിവിധഘട്ടങ്ങളിലായി ദ്രുതകര്‍മ്മസേനയുടെ 3 ഓപ്പണ്‍ മീറ്റിങ്ങുകള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും.

രണ്ടാം ഘട്ടം : പ്രചരണം 

15 വാര്‍ഡുകളിലും കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡുതലയോഗങ്ങള്‍ വിളിച്ചുകൂട്ടി. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ റോളാണ് കണ്‍വീനര്‍മാര്‍ക്ക്. കോ ഓര്‍ഡിനേറ്റര്‍മാര്‍ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചു. പരിപൂര്‍ണ്ണ പിന്തുണയുമായി വാര്‍ഡ് മെമ്പര്‍മാര്‍ മുന്നില്‍നിന്ന് നയിച്ചു. എല്ലാ വാര്‍ഡ് യോഗങ്ങളിലും ദയയുടെ ചെയര്‍മാന്‍ ജയകൃഷ്ണനെകുറിച്ചും കാരുണ്യവിപ്ലവത്തെ കുറിച്ചും വിശദികരിച്ചു.

ജയകൃഷ്ണന്‍ ചികിത്സാ സഹായനിധി ജനറല്‍ കണ്‍വീനറും മറ്റ് സീനിയര്‍ ലീഡേഴ്സും പ്രചരണം കൊഴുപ്പിക്കാന്‍ ഒപ്പമുണ്ടായിരുന്നു. വാര്‍ഡുതലയോഗങ്ങളില്‍ നിന്നും വാര്‍ഡുകമ്മിറ്റി രൂപീകരിച്ചു 35 പേരടങ്ങുന്ന വാര്‍ഡുകമ്മിറ്റികളില്‍ ചേരാന്‍ പലയിടങ്ങളിലും തിക്കും തിരക്കുമായിരുന്നു.

പല വാര്‍ഡുതല യോഗങ്ങളിലും നൂറിലധികം പേരുടെ പങ്കാളിത്തമുണ്ടായിരുന്നു. വാര്‍ഡ് മെമ്പര്‍മാരുടെയും കണ്‍വീനറുടെയും കോ ഓര്‍ഡിനേറ്ററുടെയും നേതൃത്വത്തില്‍ വാര്‍ഡുകമ്മിറ്റിയോഗം വിളിച്ചുകൂട്ടി വാര്‍ഡിലെ 50 കുടുംബങ്ങള്‍ക്കൊരു ബൂത്ത് എന്ന നിലയില്‍ വിവിധ ബൂത്തുകളായി തരം തിരിച്ചു.

ബൂത്തുതല യോഗങ്ങള്‍

കണ്‍വീനര്‍മാരുടേയും കോ ഓര്‍‍ഡിനേറ്റര്‍മാരുടേയും നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍മാരുടെ സഹകരണത്തോടെ ബൂത്തുതല കുടുംബയോഗങ്ങള്‍ വിളിച്ചുകൂട്ടി. ബക്കറ്റുവിപ്ലവത്തെക്കുറിച്ചും ജയകൃഷ്ണന്റെ ജീവന്‍ സംരക്ഷിക്കേണ്ടതിനെകുറിച്ചും വിശദീകരിച്ചു. തുടര്‍ന്ന് ബൂത്തുതല സ്ക്വാഡംഗങ്ങളെ തിരഞ്ഞെടുത്തു.

ബൂത്തുതല സ്ക്വാഡുകളുടെ ലീഡര്‍മാരായി ബൂത്തുക്യാപ്റ്റന്‍മാരെ തിരഞ്ഞെടുത്തു. 15 വാര്‍ഡുകളിലും ഏഴും എട്ടും വീതം ബൂത്തു കമ്മിറ്റികള്‍ രൂപീകരിക്കുന്നതില്‍ കണ്‍വീനര്‍മാരും കോ ഓര്‍ഡിനേറ്റര്‍മാരും കാണിച്ച ആവേശകരവും ആരോഗ്യകരവുമായ മത്സരങ്ങള്‍ തിരഞ്ഞെടുപ്പിന്റെ തീവ്രപ്രചരണത്തെ അനുസ്മരിപ്പിച്ചു. വാര്‍ഡ്കമ്മിറ്റി പ്രവര്‍ത്തകര്‍ വാര്‍ഡിലുടനീളം ജയകൃഷ്ണന്റെ ഫോട്ടോ ആലേഖനം ചെയ്ത ബാനറുകള്‍ സ്ഥാപിച്ചു.

ഓരോ വാര്‍ഡിലും 1000 രൂപയോ അതിനുമുകളിലോ തരാന്‍ സാദ്ധ്യതയുള്ള ആളുകളുടെ ലിസ്റ്റ് തയ്യാറാക്കി വാര്‍ഡുകമ്മിറ്റിയുടെ നേതൃത്വത്തില്‍ രസീത് പിരിവ് നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാരുണ്യത്തിന്റെ ബക്കറ്റ് വിപ്ലവത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാനായി ഗൂഗിള്‍ ഷീറ്റിലൂടെ ഓണ്‍ലെന്‍ രജിസ്ട്രേഷന്‍ സംവിധാനം നടപ്പിലാക്കി.

പ്രചരണ രംഗം കൊഴിപ്പിക്കുന്നതിനായി ഓക്ടോബര്‍ 24 മുതല്‍ 27 വരെ മൈക്ക് അനൌണ്‍സ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാരുണ്യ വിപ്ലവത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നാമം ആലേഖനം ചെയ്തിട്ടുള്ള വട്ടത്തൊപ്പികളും ജയകൃഷ്ണന്റെ ചിത്രത്തോടുകൂടിയ ടാഗുകളും പ്ലക്കാര്‍ഡുകളും റെഡിയായിക്കഴിഞ്ഞു.

കാരുണ്യ വിപ്ലവ ദിനത്തിലെ ഉച്ചഭക്ഷത്തിനുവരെ ഐക്യരൂപ്യം നിഷ്കര്‍ഷിച്ചിട്ടുണ്ട്. കഞ്ഞിയും പ്ലാവില കുമ്പിളും പുഴുക്കും അച്ചാറും. ഓരോ ബൂത്തുതല സ്ക്വാഡിനുമുള്ള ഉച്ചഭക്ഷണം ആ ബൂത്തിലെ വീട്ടുകാര്‍ സ്പോണ്‍സര്‍ചെയ്യും . സ്ക്വാഡ് അംഗങ്ങള്‍ക്കുള്ള കുടിവെള്ളം വീടുകളില്‍ തയ്യാറാക്കി വെല്‍ഫെയര്‍ കമ്മിറ്റി സ്റ്റീല്‍ ബോട്ടിലുകളില്‍ വിതരണം ചെയ്യും. പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ആളുകളെ വിവിധ സ്ക്വാഡുകളിലേക്ക് വിന്യസിച്ചുകൊണ്ട് 100 സ്ക്വാഡുകളുടേയും ടീമംഗങ്ങളുടെ പേരും മൊബൈല്‍ നമ്പറുമടങ്ങിയ ലിസ്റ്റ് ഓക്ടോബര്‍ 23നു പ്രസിദ്ധപ്പെടുത്തും.

തുടര്‍ന്ന് ഓരോ ബുത്തുക്യാപ്റ്റന്റെയും നേതൃത്വത്തില്‍ സ്ക്വാഡ് അംഗങ്ങളെ ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് രുപീകരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാരുണ്യ വിപ്ലവത്തെക്കുറിച്ചുള്ള വിവരങ്ങളും നിര്‍ദ്ദേശങ്ങളും ഗ്രൂപ്പിലൂടെ പങ്കുവെക്കും.

മൂന്നാംഘട്ടം : ബക്കറ്റ് പിരിവ്, ഫലപ്രഖ്യാപനം

കോട്ടായി ഗവ.ഹൈസ്ക്കുളില്‍ കണ്‍ട്രോള്‍ റൂം , ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍, റിസപ്ഷന്‍ സെന്റര്‍ എന്നിവ അറേഞ്ച് ചെയ്തിട്ടുണ്ടാകും. എല്ലാകണ്‍വീനര്‍മാരും കോ ഓര്‍ഡിനേറ്റര്‍മാരും ബൂത്തു ക്യാപ്റ്റന്‍മാരും കൃത്യം 7 മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. ബൂത്തുക്യാപ്റ്റന്‍മാര്‍ തങ്ങളുടെ സ്ക്വാഡിനുള്ള ബക്കറ്റ്, തൊപ്പികള്‍, പ്ലക്കാര്‍ഡ്, ടാഗുകള്‍ എന്നിവ കൈപ്പറ്റി 7.30 നുമുമ്പ് ടീം അംഗങ്ങളെ കണ്ടെത്തണം.

7.30മുതല്‍ 8.30 വരെ കുന്നത്ത് കലാസമിതിയുടെ ശിങ്കാരിമേളം ആസ്വദിക്കും. 8.30 ന് എല്ലാ ബൂത്തു ക്യാപ്റ്റന്‍മാരും സ്ക്വാഡംഗങ്ങളോടൊപ്പം തങ്ങള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള ബൂത്തിലേക്ക് പോകും. കൃത്യം 9 മണിക്ക് ബക്കറ്റ് വിപ്ലവത്തിനു തുടക്കം കുറിക്കും.

ബക്കറ്റിലേക്ക് 2000 രൂപ തരാമെന്ന് മുന്‍കൂട്ടി കണ്ടെത്തിയ വ്യക്തിയുടെ വീട്ടില്‍ നിന്ന് ഓരോ ബൂത്തിലും ജനപ്രതിനിധികളോ പൌരപ്രമുഖരോ ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിക്കും. 100 ബക്കറ്റുകളിലേക്ക് ആദ്യ സംഭാവന 2000 രൂപ വെച്ച് ആദ്യ മിനിറ്റില്‍ തന്നെ 2 ലക്ഷം രൂപ കളക്ഷനാവും.

അടച്ചുകെട്ടിയ ബക്കറ്റുകളാണ് പിരിവിന് ഉപയോഗിക്കുന്നത്. ബാലറ്റ്പെട്ടിയുടെ മോഡലില്‍, പണം നിക്ഷേപിക്കാനുള്ള ഓരു സുഷിരം മാത്രമേ ഉണ്ടാവൂ. ബൂത്തുക്യാപ്റ്റന്‍ പണം സ്വീകരിച്ച് ഗൃഹനാഥന്റെ പേരും തുകയും ഉറക്കെ വിളിച്ചുപറഞ്ഞ് തുക ബക്കറ്റില്‍ നിക്ഷേപിക്കും . രണ്ടാമന്‍ അത്യുച്ഛത്തില്‍ ആവര്‍ത്തിക്കും. മൂന്നാമന്‍ എക്സല്‍ ഷീറ്റില്‍ ക്രമ നമ്പര്‍, പേര്, തുക, ആകെ തുക എന്നിവ രേഖപ്പെടുത്തും.

ഓരോ നിമിഷവും ബക്കറ്റിലേക്ക് വീഴുന്ന തുകയോടൊപ്പം ആകെത്തുകയും ടീമംഗങ്ങള്‍ക്കും എല്ലാവര്‍ക്കും അപ്പപ്പോള്‍ അറിയാം. തുടര്‍ന്ന് ഓരോ അരമണിക്കൂറിലും പ്രിസൈഡിങ്ങ് ഓഫീസ്സര്‍ പോളിംഗ് ശതമാനം അറിയിക്കുന്നതുപോലെ കണ്‍ട്രോള്‍ റൂമിലേക്ക് ഗൂഗിള്‍ ഷീറ്റില്‍ നാലാമന്‍ തുക അപ്ഡേറ്റ് ചെയ്യണം.

ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും തിരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനം നടത്തുന്നതുപോലെ ആകെ പിരിച്ചതുക , ഓരോ ബൂത്തിലേയും അതുവരെ പിരിച്ച തുക എന്നിവ വാട്സാപ്പ് ഗ്രൂപ്പിലൂടെ കണ്‍ട്രോള്‍ റൂമില്‍ നിന്നും പ്രസിദ്ധപ്പെടുത്തും. അരമണിക്കൂര്‍ കൂടുമ്പോള്‍ ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കും.

തങ്ങളുടെ ബക്കറ്റിലെ കളക്ഷന്‍ അറിയുന്നതിനോടൊപ്പം ഓരോ സ്ക്വാഡംഗങ്ങള്‍ക്കും മറ്റ് 99 സ്ക്വാഡുകളുടെയും കളക്ഷന്‍ വിവരം കിട്ടിക്കൊണ്ടേയിരിക്കും. ബൂത്തിലെ മുഴുവന്‍ വീടുകളും പിരിച്ചുകഴിഞ്ഞാല്‍ സ്ക്വാഡംഗങ്ങള്‍ തങ്ങള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കിയിട്ടുള്ള വീട്ടിലെത്തി കഞ്ഞികുടിച്ച് നേരെ കോട്ടായി ഹൈസ്കൂളിലെത്തും . അവിടെ സജ്ജീകരിച്ചിട്ടുള്ള ക്ലാസ്സ്മുറികളില്‍ വച്ച് ടീമംഗങ്ങളെല്ലാവരും ചേര്‍ന്ന് ബക്കറ്റ് തുറന്ന് തുക എണ്ണിത്തിട്ടപ്പെടുത്തും.

അതിനുശേഷം കളക്ഷന്‍ സെന്ററില്‍ തുക ഏല്‍പ്പിച്ച് രസീത് വാങ്ങും. തുടര്‍ന്ന് ടീമംഗങ്ങളെല്ലാവരും ചേര്‍ന്ന് വേദിയില്‍ കേറി, ടീം ക്യാപ്റ്റന്‍ തങ്ങള്‍ പിരിച്ച ആകെ തുക പ്രഖ്യാപിക്കുന്നതിനോടൊപ്പം പിരിവിന്റെ അനുഭവങ്ങളും പങ്കുവെക്കും. ഓരോ ടീം ക്യാപ്റ്റനും അനുവദനീയമായ സമയം 2 മിനിറ്റാണ്.

ഇടയ്ക്കിടക്ക് കലാപരിപാടികളും, നാടന്‍പാട്ടും അരങ്ങേറും. ഓന്നരമാസത്തെ അനുഭവങ്ങള്‍ കണ്‍വീനര്‍മാരും , കോ ഓര്‍ഡിനേറ്റര്‍മാരും , ജന പ്രതിനിധികളും പങ്കുവെക്കും. 3 മിനിറ്റാണ് ഓരോരുത്തര്‍ക്കും അനുവദിച്ചിരിക്കുന്ന പരമാവധി സമയം. അവസാനം പിരിവിന്റെ അന്തിമ ഫലം ചെയര്‍മാന്‍ പ്രഖ്യാപിക്കും. പിരിച്ച തുക അവിടെ വെച്ചുതന്നെ ബാങ്കിന്റെ പ്രതിനിധികള്‍ ഏറ്റുവാങ്ങും.

നാട്ടുകാരുടെ പൂർണ്ണ സഹകരണത്താൽ നടത്തുന്ന ഈ കാരുണ്യ മുന്നേറ്റത്തിൽ സുമനസ്സുകളായ ആർക്കും പങ്കു ചേരാം.

ഫോൺ: 9744 95 97 56.

Advertisment