Advertisment

സ്വന്തം നാടിൻറെ ബന്ധവും ഗന്ധവും എല്ലാം ഇട്ടെറിഞ്ഞു ഒന്നായി ജീവിക്കുന്ന പ്രവാസികൾ ..

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

ഷഹനാസ് എം എ

<മലയാള നോവലിസ്റ്റും ഒലിവ് പബ്ലിക്കേഷന്റെ എക്സിക്യൂട്ടീവ് എഡിറ്ററും>

Advertisment

publive-image

കാശത്ത് ഉയർന്ന് പറക്കുന്ന വിമാനത്തെ അത്രയും ഉയരത്തിൽ നോക്കി കണ്ണ് നിറച്ച് നിന്നിട്ടുണ്ട് .പ്രവാസം അത്രത്തോളം പ്രയാസവും ഭയവും സമ്മാനിച്ച ബാല്യം പിന്നെയെങ്ങനെയാണ് ഉയരെ പറന്നകലുന്ന യാത്രയെ പകച്ചു നോക്കാതിരിക്കുക.

അന്ന് മുതലാണ് പാതിരാത്രിയിൽ അണച്ചു പിടിക്കാൻ അലഞ്ഞ കൈകൾ പൊക്കിൾകൊടി പോലെ ഇന്നും തലയണയ്ക്കു ചുറ്റും ചുരുണ്ടു പിണഞ്ഞു ശീലമായി മാറിയത് .അത്രത്തോളം ഉയരത്തിൽ പറന്നു പൊങ്ങാൻ ഇന്നും പേടിക്കുന്നത് അത് കൊണ്ട് തന്നെ.

പ്രവാസം പോയിട്ട് ആ മണ്ണിൽ ഒന്ന് കാലുകുത്തണം എന്ന് പോലും ജീവിതത്തിന്റെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല . ആ മണ്ണിനെ തൊട്ട് വരുന്നവർ സ്വഭാവം പോലും മാറുമെന്നും സ്വന്ത ബന്ധങ്ങളെ മറക്കുമെന്നും അതിജീവനത്തിനു പോയവർ പോലും ജീവിതത്തിൽ തെളിയിച്ചു തന്നത് കൊണ്ട് അതൊരു പേടിയായി ഉള്ളിൽ അടിഞ്ഞു കൂടി കിടന്നു .

പ്രവാസത്തിൽ നിന്ന് സമ്മാനങ്ങളായി കുഞ്ഞുടുപ്പും പാവകളും മിട്ടായിയുമായി വരുന്ന മാതാപിതാക്കളെ കുറിച്ചുള്ള ഭാവനകൾ ഉണ്ടാക്കിയാണ് ആദ്യമായി കുഞ്ഞു മനസ്സിൽ കഥകൾ ഉണ്ടായത് .വേർപിരിഞ്ഞ നിൽക്കുന്ന എല്ലാത്തിനെയും ഭാവനകൾ കൊണ്ടും സ്വപ്നങ്ങൾ കൊണ്ടും ചേർത്ത് പിടിച്ചുകൊണ്ടേയിരുന്നു .

അങ്ങനെ കഥകൾ നിറഞ്ഞവളും ദുരൂഹത പേറിയവളും ജീവിതം തന്നെ കഥയാക്കി മാറ്റി. ഇന്ന് ഒരുപാട് പേരുടെ അക്ഷരങ്ങൾ മഷിചാലിച്ചു ആ മണ്ണിൽ നിരന്തരം ഇടപെടുമ്പോൾ മനസ്സ് പറയുന്നുണ്ട് ആഗ്രഹിക്കാത്തതൊക്കെ അംഗീകാരമായി കിട്ടുക എന്ന ഭാഗ്യം കൂടെ ഉണ്ട് എന്ന് .

അഭിമാനമായി അന്തസ്സോടെ സ്വന്തം ഇഷ്ടത്തെ തൊഴിലിടമാക്കുക എന്ന വലിയ അനുഗ്രഹത്തെ നെഞ്ചിലേറ്റുമ്പോൾ മനസ്സ് നിറഞ്ഞു ചിരിക്കാൻ സാധിക്കുന്നു ,ഏവരേയും സ്നേഹത്തോടെ കാണാൻ സാധിക്കുന്നു പുച്ഛിക്കുന്നവരെ പോലും .

പ്രവാസമണ്ണിൽ ഒരുപാട് പേരെ കാണാൻ സാധിച്ചു .ചിലരെയൊക്കെ നെഞ്ചിലേറ്റി തിരിച്ചു വരാനും സാധിച്ചത് തന്നെയാണ് ഈ ജീവിതത്തിന്റെ വലിയ വിജയം . കാലചക്രം ഇനിയുമുരുളും ആ യാത്രയിൽ ഇനിയുമേറെ അനുഭവിക്കാനത്ര... ഇന്ന് പ്രവാസികൾ അത്രമേൽ പ്രിയപെട്ടതായി മാറിയിരിക്കുന്നു .

ഒട്ടനേകം പര്യായ പദങ്ങളുമായി പിറന്നു വീണ ഒരു വാക്കാണ് പ്രവാസം. ജന്മ നാടിന്റെ മടിത്തട്ടിൽ നിന്നിറങ്ങി ഓരോ പ്രവാസിയും നടക്കാൻ തുടങ്ങുന്നു,വേദനകളും നൊമ്പരങ്ങളും,ഒറ്റപ്പെടലുകളും,അതിലുപരി എന്നെങ്കിലും സക്ഷാത്ക്കരിക്കപ്പെട്ടേക്കാവുന്ന കുറെ സ്വപ്നങ്ങളുടെ ഭാണ്ഡവും പേറി.

വ്യത്യസ്ത കോണുകളിൽ ജനനവും ജീവിതവും വിധിക്കപ്പെട്ടവർ ഓരോ കുഞ്ഞു ലോകമായി മാറുന്നു. ജാതിയോ മതമോ ഭാഷയോ വേഷമോ ദേശമോ കൊണ്ട് ആ കുഞ്ഞു ലോകത്തിനു മതിലുകൾ പണിയാനാവില്ല. അവിടെ വേദനകളുണ്ട്,വിഷമങ്ങളുണ്ട്,പരാതിയും പരിഭവങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമുണ്ട്, അതിലുപരി എല്ലാ വേദനകളെയും മായ്ച്ചു കളയുന്ന ഒത്തു ചേരലുകളുണ്ട്.

അതെ സ്വന്തം നാടിൻറെ ബന്ധവും ഗന്ധവും എല്ലാം ഇട്ടെറിഞ്ഞു ഒന്നായി ജീവിക്കുന്ന പ്രവാസി ഏറ്റവും പ്രിയപ്പെട്ടവർ തന്നെ ... പേരെടുത്ത് പറയുന്നില്ല ഒരുപാട് പേർ അവിടെ പ്രിയപെട്ടവരായി മാറിയിരിക്കുന്നു.

Advertisment