Advertisment

കൊടിയേരിയുടെ പ്രസ്താവന അവിശുദ്ധസഖ്യത്തിൻ്റെ തെളിവെന്ന് കെ.സുരേന്ദ്രൻ

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: ബി.ജെ.പി മുന്നണിയെ പരാജയപ്പെടുത്താൻ എല്ലാ രീതിയിലും പരിശ്രമിക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ പ്രസ്താവന യു.ഡി.എഫുമായി എൽ.ഡി.എഫ് ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തിൻ്റെ തെളിവാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. മഞ്ചേശ്വരത്തും കാസർഗോഡും തിരുവനന്തപുരത്തും പരീക്ഷിച്ച തന്ത്രം കേരളം മുഴുവൻ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പാലക്കാട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.

Advertisment

publive-image

പാലാരിവട്ടം പാലത്തിൻ്റെ അഴിമതി കേസിൽ മുസ്ലിം ലീഗിൻ്റെ മുൻമന്ത്രി ഇബ്രാഹിം കുട്ടിക്കെതിരായ തെളിവുകൾ നൽകുന്നതിൽ സംസ്ഥാന സർക്കാർ തടസം നിൽക്കുന്നുവെന്ന് എൻഫോഴ്സ്മെൻറ് ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നൽകിയത് ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. പാലാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇബ്രാഹിം കുട്ടിയെ ഇപ്പോൾ അറസ്റ്റ് ചെയ്യും എന്ന പ്രതീതി സൃഷ്ടിച്ച സർക്കാർ എന്തുകൊണ്ടാണ് വിജിലൻസിനെ ഉപയോഗിച്ച് കേസ് അട്ടിമറിച്ചതെന്ന് സുരേന്ദ്രൻ ചോദിച്ചു.

പിണറായി വിജയനാണ് മുസ്ലിം ലീഗിൻ്റെ മുഖപത്രം വഴി 10 കോടി കള്ളപ്പണം വെളുപ്പിച്ച കേസ് അട്ടിമറിച്ചത്. പിണറായിയുടെ കാരുണ്യത്തിൽ രക്ഷപ്പെടുന്ന യുഡിഎഫ് നേതാക്കൾക്ക് എങ്ങനെയാണ് എൽ.ഡി.എഫ് സർക്കാരിൻ്റെ അഴിമതികളെ ചോദ്യം ചെയ്യാനാവുക. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നയിക്കുന്ന യു.ഡി.എഫ് നേതൃത്വത്തിൻ്റെ വിശ്വാസത പൂർണമായും തകർന്നെന്ന് സുരേന്ദ്രൻ പറഞ്ഞു. അതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയെ പോലെയുള്ള തീവ്രവാദസംഘടനകളുമായി മുസ്ലിംലീഗ് സഖ്യമുണ്ടാക്കുന്നതിനെ അവർക്ക് അനുകൂലിക്കേണ്ടി വരുന്നത്.

പാലക്കാട് നഗരസഭയിൽ ഇടതു-വലത് അവിശുദ്ധസഖ്യ നീക്കം ആരംഭിച്ചു കഴിഞ്ഞതായി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം കോർപ്പറേഷനിൽ ചില വാർഡുകളിൽ പൊതു സ്ഥാനാർത്ഥി ചർച്ച കോൺഗ്രസ് -സി.പി.എം നേതാക്കൾ തുടങ്ങി കഴിഞ്ഞു. പത്തനംത്തിട്ടയിലും തൃശൂരിലും ഇതിനുള്ള നീക്കങ്ങൾ സജീവമാണ്.

1,000 കോടിയുടെ സോളാർ അഴിമതി പുറത്തുവന്നിട്ടും യു.ഡി.എഫ് പ്രതികരിക്കാത്തത് ഇതുകൊണ്ടാണ്. ഇടതു-വലതു മുന്നണികളുടെ ദുഷിച്ച രാഷ്ട്രീയത്തിന് തദ്ദേശ തിരഞ്ഞെടുപ്പിൽ ജനം കനത്ത മറുപടി നൽകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, ജില്ലാപ്രസിഡൻറ് അഡ്വ.ഇ.കൃഷ്ണദാസ്, ജില്ലാ ജനറൽ സെക്രട്ടറി പി.വേണുഗോപാലൻ എന്നിവർ പങ്കെടുത്തു.

kodiyeri statement
Advertisment