Advertisment

കണ്‍നിറയെ കൊല്ലം കണ്ടതിന്റെ സന്തോഷത്തില്‍ മാക്രോ സംഘം ; 18 പേര്‍ ചേര്‍ന്ന് കേരളത്തെ ചുറ്റിക്കണ്ടത് ആറ് ഓട്ടോറിക്ഷകളില്‍ ; പ്ലാവിലയില്‍ ഈര്‍ക്കില്‍ കുത്തി കുടിക്കുന്ന കഞ്ഞിസദ്യയും ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സദ്യയും പുതിയ അനുഭവകാഴ്ച്ചകള്‍ ; പായസം ഉള്‍പ്പെടെയുള്ള ശുദ്ധസസ്യാഹാരവും ആവോളം ആസ്വദിച്ച് 18 അംഗ പോര്‍ച്ചുഗീസ് സംഘം !!

New Update

കൊല്ലം : കൺനിറയെ കൊല്ലം കണ്ടതിന്റെ സന്തോഷത്തിലാണ് പോർച്ചുഗീസിൽ നിന്നെത്തിയ 18 അംഗ സംഘം.  എൻജിനീയർ ആയിരുന്ന ഇഗോർ സോറസിന്റെയും ഡിജിറ്റൽ മാർക്കറ്റിങ് നടത്തിയിരുന്ന ഭാര്യ ‍ഡയാന ബാപ്റ്റിസ്റ്റയുടെയും നേതൃത്വത്തിലുള്ള ‘മാക്രോ’ സംഘത്തിൽ 17 പേരും വനിതകളാണ്.

Advertisment

publive-image

6 ഓട്ടോറിക്ഷകളിലായി സഞ്ചരിച്ച് തൃക്കടവൂർ ക്ഷേത്രവും വിവാഹവും ജങ്കാറും അഞ്ചാലുംമുട് ചന്തയും കയർ പിരിക്കലും ഒക്കെയായി അവർ കേരളത്തെ കണ്ടു. പോർച്ചുഗീസിലെ ‘മാക്രോ വ്യാഗൻസി’ന്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ്, പതിവ് സ്ഥലങ്ങൾ ഒഴിവാക്കി ജീവിത കാഴ്ചകളിലേക്ക് ഇറങ്ങിയത്. മുംബൈയിൽ നിന്ന് ‘അഷ്ടമുടി വില്ലാസിൽ’ എത്തിയ സംഘം അവിടെ നിന്നാണ് ഓട്ടോറിക്ഷകളിൽ കൊല്ലം കാണാൻ പുറപ്പെട്ടത്.

ചീനവല കണ്ടശേഷം തൃക്കടവൂർ ക്ഷേത്രത്തിൽ. മണ്ഡലച്ചിറപ്പിന്റെ ഭാഗമായി അവിടെ കഞ്ഞിസദ്യ. ഈർക്കിൽ കൊണ്ടു പ്ലാവില തയ്ച്ച് കഞ്ഞികുടിക്കുന്നതു കൗതുകത്തോടെ നോക്കി നിന്നു. തുടർന്ന് അഞ്ചാലുംമൂട് സികെപി ചന്തയിലേക്ക്. തെരുവു കച്ചവടക്കാരെയും മീൻവിൽപനയും ആളും തിരക്കും കണ്ടപ്പോൾ ആവേശം. ഓഡിറ്റോറിയത്തിലെ വിവാഹവും സദ്യയും പുതിയ അനുഭവകാഴ്ചകളായി.

ഈഞ്ചിവിളയിലെ വൃദ്ധസദനവും സമീപത്തെ കയർ പിരിക്കലും കണ്ടു പെരുമൺ കടവിലെത്തി. ഓട്ടോറിക്ഷയുമായി ജങ്കാറിലേക്ക്. ജങ്കാർ നീങ്ങിയപ്പോൾ ത്രില്ലടിച്ചു. ചിലർ ഓട്ടോയിൽ നിന്നു ജങ്കാറിലേക്കു ചാടിയിറങ്ങി. ചിത്രങ്ങൾ പകർത്തി. മൺറോത്തുരുത്തിൽ രമണനും മകൻ രാഹുലും ബന്ധുക്കളും വള്ളവുമായി കാത്തു നിൽക്കുകയായിരുന്നു.. ഒരു മണിക്കൂറോളം കൈത്തോടുകളിലൂടെ യാത്ര. തുടർന്ന് രമണന്റെ വീട്ടിലെത്തി ഭക്ഷണം. സഞ്ചാരികളും തവിയെടുത്ത് വീട്ടുകാരോടൊപ്പം കൂടി.

പായസം ഉൾപ്പെടെ ശുദ്ധ സസ്യാഹാരം കഴിച്ച് മടക്കം. സന്ധ്യക്ക് കൊല്ലത്തു നൃത്തപരിപാടി ആസ്വദിച്ചു. ഇന്നു കാട്ടിൽമേക്കതിൽ ക്ഷേത്രത്തിലേക്ക് ആണ് ആദ്യ യാത്ര. അവിടെ നിന്നു മാതാ അമൃതാനന്ദമയി മഠത്തിലേക്ക്. 2 ദിവസം അവിടെ ഉണ്ടാകും.

Advertisment