Advertisment

കോട്ടയത്ത് കറക്കുന്ന പശുവിനെ വിറ്റ് അറക്കുന്ന കാളയെ വാങ്ങിയ അവസ്ഥയിലാണ് യുഡിഎഫെന്ന് ഡിസിസി യോഗത്തില്‍ രൂക്ഷ വിമര്‍ശനം ! 50 വര്‍ഷം കേരളാ കോണ്‍ഗ്രസിനുവേണ്ടി പോസ്റ്ററൊട്ടിച്ചുനടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേതൃത്വം വീണ്ടും പിജെ ജോസഫിനു മുമ്പില്‍ അടിയറവ് വച്ചെന്നും നേതാക്കള്‍ ! വിമര്‍ശനങ്ങള്‍ മുല്ലപ്പള്ളിയുടെ സാന്നിധ്യത്തില്‍ !

New Update

publive-image

Advertisment

കോട്ടയം: ജില്ലയില്‍ ദുര്‍ബലമായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ജില്ലാ പഞ്ചായത്തില്‍ 9 സീറ്റുകള്‍ അനുവദിച്ചതിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഡിസിസി യോഗത്തില്‍ രൂക്ഷമായ വിമര്‍ശനവും വാക്പോരും.

കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി കേരളാ കോണ്‍ഗ്രസിനുവേണ്ടി വെള്ളം കോരിയ കോട്ടയത്തെ കോണ്‍ഗ്രസുകാരെ ഇപ്പോള്‍ വീണ്ടും പിജെ ജോസഫിന്‍റെ കാല്‍ക്കല്‍ അടിയറവ് വച്ചിരിക്കുകയാണെന്ന് ബ്ലോക്ക് പ്രസി‍ഡന്‍റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം അഴിച്ചുവിട്ടു.

കറവയുള്ള പശുവിനെ കൊടുത്തിട്ട് അറക്കുന്ന കാളയെ വാങ്ങിയ അവസ്ഥയിലാണ് കോട്ടയത്തെ യുഡിഎഫിന്‍റെ സ്ഥിതിയെന്നായിരുന്നു മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനം.

കോട്ടയത്ത് കോണ്‍ഗ്രസിനെ വളര്‍ത്താനാണെന്നുപറഞ്ഞ് കൂടുതല്‍ പ്രവര്‍ത്തക പിന്തുണയുള്ള ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിട്ട് അഞ്ഞൂറു പ്രവര്‍ത്തകര്‍ തികച്ചില്ലാത്ത ജോസഫ് വിഭാഗത്തിന് സീറ്റുകള്‍ മുഴുവന്‍ തീറെഴുതിക്കൊടുത്തത് ആരുടെ അജണ്ട നടപ്പിലാക്കാന്‍ വേണ്ടിയായിരുന്നെന്ന് നേതാക്കള്‍ തുറന്നടിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ നിന്നുകൊണ്ടുതന്നെ മുന്നണി സ്ഥാനാര്‍ഥിക്കെതിരായി പ്രവര്‍ത്തിച്ചവര്‍ക്കുവേണ്ടി തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വീണ്ടും പോസ്റ്ററൊട്ടിക്കാനും വോട്ടുപിടിക്കാനും പോകേണ്ട അവസ്ഥയാണ് പാലായിലെ കോണ്‍ഗ്രസുകാര്‍ക്കെന്ന് പാലായില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് പ്രതികരിച്ചു.

കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ 50 വര്‍ഷം വോട്ടുചെയ്ത പാര്‍ട്ടി ഇന്ന് മുന്നണിയിലില്ല. 20 വര്‍ഷം ഇടതുമുന്നണിയില്‍ അട്ടിപ്പേറ് കിടന്നിട്ട് ആകാശത്തും ഭൂമിയിലും കൊള്ളരുതായ്മകള്‍ കാണിച്ചതിന് അവര്‍ പുറത്താക്കിയപ്പോള്‍ തിരികെ വന്നവര്‍ക്കുവേണ്ടി വീണ്ടും കോട്ടയത്തെ പ്രവര്‍ത്തകര്‍ വെള്ളം കോരണമെന്നാണോ നേതൃത്വം പറയുന്നതെന്ന് ബ്ലോക്ക് പ്രസിഡന്‍റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദിച്ചു.

എങ്കില്‍ കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഇനി ആര്‍ക്കുവേണ്ടിയാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതെന്നായിരുന്നു നേതാക്കളുടെ ചോദ്യം.

കേരളാ കോണ്‍ഗ്രസുകളുടെ പിളര്‍പ്പുകള്‍ക്കു പിന്നാലെ ജോസഫ് ഗ്രൂപ്പിലേയ്ക്ക് ആളെ കൂട്ടാന്‍ ഓടി നടന്ന ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പും കെസി ജോസഫ് എംഎല്‍എയും ആ ആത്മാര്‍ത്ഥത സ്വന്തം പാര്‍ട്ടിയോ‍ട് കാണിച്ചിരുന്നെങ്കില്‍ ഇന്ന് കോട്ടയത്തെ കോണ്‍ഗ്രസിന് ഈ ഗതി വരില്ലായിരുന്നെന്നും നേതാക്കള്‍ തുറന്നടിച്ചു.

ജോസ് കെ മാണിയെ പുറത്താക്കാന്‍ ഓടിനടന്ന ജോസഫിന്‍റെ തനിനിറം കണ്ടില്ലേ എന്നും നേതാക്കള്‍ ചോദിച്ചു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെസി ജോസഫ്, ജോസഫ് വാഴയ്ക്കന്‍, അഡ്വ. ടോമി കല്ലാനി, ജോഷി ഫിലിപ്പ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.

കുഞ്ഞ് ഇല്ലമ്പള്ളി, എകെ ചന്ദ്രമോഹന്‍, അഡ്വ. പിപി സിബിച്ചന്‍, അ‍ഡ്വ. സനീഷ് കുമാര്‍ എന്നിവര്‍ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അഴിച്ചുവിട്ടത്.

 

kottayam news
Advertisment