Advertisment

കോഴിക്കോട് ഓട്ടോറിക്ഷ തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും

New Update

കോഴിക്കോട്: ഓട്ടോറിക്ഷ തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇലക്‌ട്രിക് ഓട്ടോകള്‍ക്കെതിരെ ഓട്ടോതൊഴിലാളികള്‍ പണി മുടക്കുന്നത്.

Advertisment

publive-image

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മോട്ടോര്‍ വാഹന നയത്തിന്റെ ഭാഗമായി, സബ്‌സിഡിയോടു കൂടി ഇലക്‌ട്രിക് ഓട്ടോകള്‍ വാങ്ങി സര്‍വീസ് നടത്തുന്ന മുപ്പതോളം തൊഴിലാളികളാണ് കോഴിക്കോട്ടുളളത്. എന്നാല്‍ ഇത്തരത്തില്‍ പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുവദിക്കുന്നത് തൊഴില്‍ നഷ്ടമുണ്ടാക്കുന്നുവെന്നാണ് സംയുക്ത സമര സമിതിയുടെ പരാതി. ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് വേണ്ടെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നതാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. മറ്റ് ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇലക്‌ട്രിക് ഓട്ടോകളിലേക്ക് മാറാന്‍ സാവകാശം അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ മാസം ഇതേവിഷയം ഉന്നയിച്ച്‌ ഓട്ടോതൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. ഇലക്‌ട്രിക് ഓട്ടോകളിലെ യാത്രക്കാരെ ഇറക്കിവിടുന്നതടക്കമുളള പ്രതിഷേധങ്ങളും അരങ്ങേറി. ജില്ലാ കലക്ടര്‍ പ്രശ്‌നപരിഹാരത്തിനായി വിളിച്ച ചര്‍ച്ച ലക്ഷ്യം കണ്ടതുമില്ല. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം അടുത്ത മാസം അനിശ്ചിത കാല സമരം തുടങ്ങാനാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം.

Advertisment