കുവൈത്ത് പൊതുമേഖലയിലും സ്വദേശിവൽക്കരണം നടപ്പിലാക്കുന്നു. മലയാളികളും പുറത്തേയ്ക്ക് ?

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, June 13, 2018

കുവൈത്ത് : സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി അടുത്തമാസം ആദ്യം പൊതുമേഖലയിലെ 3140 വി​ദേ​ശി​ക​ളെ ഒ​ഴി​വാ​ക്കു​മെ​ന്ന്​ സി​വി​ൽസര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കി. ഇതോടെ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാ‌ർക്ക് ജോലി നഷ്ടപ്പെടും. കുവൈത്ത് സിവിൽ സര്‍വീസ് കമ്മീഷനാണ് നടപടി പ്രഖ്യാപിച്ചത്.

സിവില്‍ സര്‍വീസ് കമ്മീഷനില്‍ റജിസ്റ്റര്‍ ചെയ്ത ബിരുദ യോഗ്യതയുള്ള സ്വദേശികളുടെ പട്ടിക അടുത്തമാസം പ്രഖ്യാപിക്കും. റജിസ്റ്റര്‍ ചെയ്ത അപേക്ഷകരുടെ ഡാറ്റ പദ്ധതി കമ്മിഷന്‍ പാര്‍ലമെന്‍റ് സമിതിക്ക് മുന്നില്‍ അവതരിപ്പിച്ചു. സമിതി ഇത് ഐക്യകണ്ഠേന അംഗീകരിച്ചു. പാര്‍ലമെന്‍റിലെ സ്വദേശിവല്‍ക്കരണ സമിതിയുടെ പ്രത്യേക യോഗം ഞായറാഴ്ച നടക്കും. സര്‍ക്കാര്‍ ജോലിക്കായി സിവില്‍ സര്‍വീസ് കമ്മീഷനില്‍ പേര് റജിസറ്റര്‍ ചെയ്ത് കാത്തിരിക്കുന്ന 10,000 സ്വദേശി യുവാക്കളുടെ നിയമനകാര്യമാണ് യോഗത്തിലെ പ്രധാന അജണ്ട.

സെക്കന്‍ററിയോ അതിന് താഴെയോ യോഗ്യതയുള്ളവരാണ് ഇവരില്‍ അധികവും. കമ്മീഷനില്‍ പേര് റജിസറ്റര്‍ ചെയ്തെങ്കിലും യോഗ്യതക്കുറവ് കാരണം ഇവരെ ഇതുവരെ പരിഗണിച്ചിരുന്നില്ല. യോഗ്യതയ്ക്കനുസരിച്ച തസ്തികകളില്‍ നിയമനം നല്‍കി ഈ വിഭാഗത്തിന്‍റെ പ്രശ്നം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് സ്വദേശി വല്‍ക്കരണ സമിതി മേധാവി അറിയിച്ചു.

×