Advertisment

കുവൈറ്റ്‌ പ്രഖ്യാപിച്ച പൊതുമാപ്പിന് അര്‍ഹരായവര്‍ക്ക് തിരിച്ചുപോകാന്‍ വിമാനയാത്രാ ചെലവും വഹിക്കാമെന്ന് കുവൈറ്റ്‌ സര്‍ക്കാര്‍. പിഴ ഒഴിവാക്കി, പുതിയ വിസയിൽ തിരികെ വരാനും അനുമതി. ദുരിതകാലത്ത് പ്രവാസി സമൂഹത്തെ ഹൃദയത്തോട് ചേര്‍ത്ത് കുവൈറ്റ്‌ !

New Update

publive-image

Advertisment

കുവൈറ്റ് : കൊറോണ പ്രതിസന്ധിയുടെ ഭാഗമായി കുവൈറ്റ്‌ പ്രഖ്യാപിച്ച പൊതുമാപ്പിന് അര്‍ഹരായവര്‍ക്ക് സ്വന്തം നാടുകളിലേയ്ക്ക് തിരിച്ചുപോകാനുള്ള വിമാന യാത്രാ ചെലവുകൂടി സർക്കാർ വഹിക്കുമെന്ന് നിര്‍ണ്ണായക പ്രഖ്യാപനം.

ഇതനുസരിച്ചു താമസ നിയമ  ലംഘകർക്കു പിഴയൊന്നും അടക്കാതെ സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാമെന്നു മാത്രമല്ല ഇവർക്കുള്ള വിമാന യാത്രാ ചെലവ് കുവൈത്ത് സർക്കാർ വഹിക്കുമെന്നാണ് പ്രഖ്യാപനം. ഒരു രാജ്യത്തെ നിയമലംഘകര്‍ക്കും പിഴ കൂടാതെ പൊതുമാപ്പ് നല്‍കുന്നതും അവരെ സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തിക്കുന്നതും ഒരു രാജ്യത്ത് അപൂര്‍വ്വമായ നടപടിയാണ്.

ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പൊതുമാപ്പ് സംബന്ധിച്ച വിശദീകരണമുള്ളത്. മാത്രമല്ല ഇളവ് പ്രയോജനപ്പെടുത്താൻ മുന്നോട്ടു വരുന്നവർക്ക് നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് യാത്ര പുറപ്പെടുന്നത് വരെയുള്ള താമസ സൗകര്യവും അധികൃതർ ഒരുക്കും. ഇത്തരക്കാർക്ക് പുതിയ വിസയിൽ പിന്നീട് കുവൈത്തിലേക്ക് വരുന്നതിനും തടസ്സമുണ്ടാകില്ല.

ഇളവ് ഏപ്രില്‍ മാസത്തേയ്ക്ക്

ഏപ്രിൽ ഒന്ന് മുതൽ ഒരു മാസക്കാലത്തേക്കാണ് ഇളവ്. പൊതുമാപ്പ് നടപടികൾക്കായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ രാജ്യക്കാർക്കും പ്രത്യേക കാലയളവും ആഭ്യന്തര മന്ത്രാലയം നിശ്‌ചയിച്ചു നൽകിയിട്ടുണ്ട്. താമസ നിയമലംഘകരായ ഇന്ത്യക്കാർ ഏപ്രിൽ 11 മുതൽ ഏപ്രിൽ 15 വരെയുള്ള തിയ്യതികളിലാണ് തിരിച്ചു പോക്കിനുള്ള നടപടികൾ പൂർത്തിയാക്കേണ്ടത് .

പുരുഷന്മാർ അൽ മുത്തന്ന ബോയ്സ് സ്‌കൂളിലും (ഫർവാനിയ, ബ്ലോക്ക് 1 , സ്ട്രീറ്റ് 122 ) , സ്ത്രീകൾ ഫർവാനിയ ഗേൾസ് സ്‌കൂളിലും (ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76) ആണ് ഇതിനായി ഹാജരാകേണ്ടത് .

publive-image

ക്രമീകരണങ്ങള്‍ ഇങ്ങനെ 

രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു മണി വരെയാണ് പ്രവർത്തന സമയം. ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ ഫിലിപ്പീൻസുകാർ, ഏപ്രിൽ ആറുമുതൽ 10 വരെ ഈജിപ്​തുകാർ, 11 മുതൽ 15 വരെ ഇന്ത്യക്കാർ, 16 മുതൽ 20 വരെ ബംഗ്ലാദേശികൾ, 21 മുതൽ 25 വരെ ശ്രീലങ്കക്കാർ, 26 മുതൽ 30 വരെ മറ്റു രാജ്യക്കാർ എന്ന രീതിയിലാണ്​ നടപടിക്രമങ്ങൾക്ക്​ തീയതി നിശ്ചയിച്ചിട്ടുള്ളത്​.

യാത്രാവിലക്കോ കോടതി വ്യവഹാരങ്ങളോ ഉള്ളവർക്ക് താമസകാര്യ ജനറൽ അഡ്​മിനിസ്​ട്രേഷനെ സമീപിച്ച്​ കേസിൽ പുനഃപരിശോധന ആവശ്യപ്പെട്ട്​ പരിഹാരം കണ്ടതിന്​ ശേഷമേ പൊതുമാപ്പ്​ പ്രയോജനപ്പെടുത്താനാവൂ.

ഇവര്‍ക്ക് മാത്രം താമസരേഖ ശരിയാക്കി ഇവിടെ തുടരാം 

കുവൈത്ത് പൗരന്മാരുടെ വിദേശി ഭാര്യമാർ, കുവൈത്ത് പൗരന്മാരുടെ വിദേശികളായ മാതാപിതാക്കൾ, കുവൈത്തി വനിതകളുടെ വിദേശി ഭർത്താക്കമാരും അവരുടെ മക്കളും, കുവൈത്തികളിൽനിന്ന്​ വിവാഹമോചനം നേടുകയോ വിധവയാവുകയോ ചെയ്ത എന്നാൽ തങ്ങളുടെ സംരക്ഷണത്തിൽ കഴിയുന്ന മക്കളുള്ള വിദേശവനിതകൾ, ഗാർഹിക തൊഴിലാളികൾ, 2020 മാർച്ച് ഒന്നിന്​ ശേഷം താമസനിയമം ലംഘിച്ചവർ എന്നിവർക്ക്​ പിഴ അടച്ച്​ താമസരേഖ ശരിയാക്കി ഇവിടെ തുടരാൻ അനുമതി നൽകുന്നുണ്ട്.

ഇത്രയും അനുഭാവ പൂര്‍വ്വം സര്‍ക്കാര്‍ പ്രവര്‍ത്തിച്ച ശേഷവും ഇളവ് പ്രയോജനപ്പെടുത്താതെ രാജ്യത്തു തുടരുന്ന നിയമലംഘകർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും  മുന്നറിയിപ്പുണ്ട്. അതേസമയം ഇന്ത്യയിലേയ്ക്കും പുറത്തേയ്ക്കും വിമാന സര്‍വ്വീസുകള്‍ക്ക് വിലക്ക് നിലനില്‍ക്കുന്നതിനാല്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് നാട്ടിലേയ്ക്ക് വരുന്നതിനുള്ള സാഹചര്യം എങ്ങനെ സൃഷ്ടിക്കും എന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

corona kuwait
Advertisment