Advertisment

പ്രവാസികളുടെ കോവിഡ് പരിശോധന: ദുബൈ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി ഹൈക്കോടതിയിലേക്ക്

New Update

ദുബൈ : പലവിധ കാരണങ്ങളാൽ നാട്ടിലേക്ക് തിരിച്ചു പോകാൻ പ്രയാസപ്പെടുന്ന പ്രവാസികളുടെ മേൽ കോവിഡ് പരിശോധന കൂടി നിർബന്ധമാക്കുന്ന കേരള സർക്കാർ നടപടിക്കെതിരെ ദുബൈ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു .

Advertisment

ജോലിയില്ലാതെ നീണ്ട നിർബന്ധ അവധിയിൽ കഴിയുന്നവരും സന്ദർശന വിസയിലെത്തി കുടുങ്ങിയവരും രോഗികളും ഗർഭിണികളും ഉൾപ്പെടെ ആയിരക്കണക്കിന് മലയാളികളാണ് വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നത് . ഇവർക്ക് ഭക്ഷണം എത്തിക്കാനും മറ്റു സഹായങ്ങൾക്കുമായി മാസങ്ങളായി വിശ്രമമില്ലാതെ ഓടുകയാണ് ഓരോ സന്നദ്ധ സംഘടനാ പ്രവർത്തകരും . ഇതിനിടയിൽ തങ്ങളുടെ സഹജീവികൾ മരിച്ചു വീഴുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടിയും വരുന്നു .

കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കേ യാതൊരുവിധ മാനുഷിക പരിഗണനയും പ്രവാസി സമൂഹത്തിന് കേരള സർക്കാർ നൽകുന്നില്ല . കോവിഡ് ടെസ്റ്റ് പോസിറ്റിവ് ആയ ആരെയും യാത്ര ചെയ്യാൻ ഒരു എയർപോർട്ടിലും അനുവദിക്കില്ല എന്നിരിക്കേ കേരള മന്ത്രിസഭ പാസാക്കിയ ഈ തലതിരിഞ്ഞ ആവശ്യം അംഗീകരിക്കാൻ കഴിയുന്നതല്ല .

പ്രയാസപ്പെടുന്ന പ്രവാസിയെ വീണ്ടും ബുദ്ധിമുട്ടിലാക്കാൻ മാത്രമേ ഈ നിയമം കൊണ്ട് ഉപകരിക്കൂ എന്ന് മനസ്സിലാക്കി തിരുത്തേണ്ടതുണ്ട് . കേരള മന്ത്രി സഭാ യോഗ തീരുമാനത്തിനെതിരെ പ്രവാസി സമൂഹത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി ദുബൈ കെ.എം.സി.സി പാലക്കാട് ജില്ലാ പ്രസിഡണ്ട് ഫൈസൽ തുറക്കലും ജനറൽ സെക്രട്ടറി ജംഷാദ് മണ്ണാർക്കാടും ട്രഷറർ നജീബ് ഷൊർണൂരും അറിയിച്ചു .

മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി.കെ.കെ ബാവയുടെ മകൻ അഡ്വ: പി കെ കെ ഷാഫിയും പാലക്കാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടും മുൻ എം എൽ എ യുമായ കളത്തിൽ അബ്ദുല്ല സാഹിബിന്റെ മകൻ അഡ്വ:നൗഫൽ കളത്തിലുമാണ് ജില്ലാ കെ.എം.സി.സിക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരാവുന്നത് .

kuwait kmcc
Advertisment