Advertisment

കുവൈത്തിൽ മലയാളി ദമ്പതികളുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കാസർഗ്ഗോഡ്‌ സ്വദേശിനിയുടെ മൃതദേഹം കോവിഡ് ബാധിച്ചില്ലെന്ന് സ്ഥിരീകരിച്ചിട്ടും നാട്ടിലേക്ക്‌ അയക്കാതെ കുവൈത്തിൽതന്നെ സംസ്കരിച്ചതിൽ ദുരൂഹത. മൃതദേഹം നാട്ടിലയക്കുന്നത് തടയാന്‍ ബന്ധുക്കളെ തെറ്റായ വിവരങ്ങള്‍ ധരിപ്പിച്ചു. സംഭവത്തില്‍ വ്യാപക ദുരൂഹത ?

New Update

publive-image

Advertisment

കുവൈറ്റ് : കുവൈത്തിൽ അബ്ബാസിയയിൽ കഴിഞ്ഞ ദിവസം മലയാളി ദമ്പതികളുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കാസർഗ്ഗോഡ്‌ ബളാൽ സ്വദേശിനി കോടക്കൽ ജാനകിയുടെ മൃതദേഹം കോവിഡ് ബാധിച്ചില്ലെന്ന് സ്ഥിരീകരിച്ചിട്ടും നാട്ടിലേക്ക്‌ അയക്കാതെ കുവൈത്തിൽതന്നെ സംസ്കരിച്ചതിൽ ദുരൂഹത.

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ആദിവാസി ഗോത്രത്തില്‍ ഉള്‍പ്പെട്ട യുവതിയായിട്ടും ആദിവാസി സംരക്ഷണ നിയമ പ്രകാരമുള്ള നടപടികള്‍ പാലിക്കാതെ മൃതദേഹം സംസ്കരിക്കാന്‍ ചില കേന്ദ്രങ്ങള്‍ തിടുക്കം കാട്ടുകയായിരുന്നു എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ യുവതി കോവിഡ്‌ ബാധിതയായിരുന്നില്ലെന്ന് വ്യക്തമായിരുന്നു . ഇതോടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനു തടസ്സങ്ങൾ ഇല്ലെന്നായിരുന്നു ബന്ധുക്കളുടെ പ്രതീക്ഷ. എന്നാല്‍ മൃതദേഹം നാട്ടിലേക്ക്‌ അയക്കുന്നതിനു നിരവധി തടസങ്ങൾ ഉണ്ടെന്നാണ് കുവൈറ്റില്‍ നിന്നും ബന്ധുക്കളെ വിളിച്ചവര്‍ തെറ്റിദ്ധരിപ്പിച്ചത്.

മൃതദേഹം നാട്ടിൽ എത്തിയാൽ പ്രദേശവാസികൾ മുഴുവൻ ക്വാറന്റൈനിൽ കഴിയേണ്ടി വരുമെന്നും കോവിഡ്‌ നിയന്ത്രണങ്ങൾ നില നിൽക്കുന്നതിനാൽ വീട്ടിൽ എത്തിയാൽ പോലും മൃതദേഹം ആരെയും കാണാൻ അനുവദിക്കില്ലെന്നും ചിലര്‍ ബന്ധുക്കൾക്ക്‌ തെറ്റായ വിവരം നൽകിയെന്നാണ് റിപ്പോര്‍ട്ട് .

വിമാന ടിക്കറ്റ്‌, വിമാനതാവളത്തിൽ നിന്നും വീടു വരെയുള്ള ആംബുലൻസ്‌ കൂലി മുതലായവ അടക്കം ഭീമമായ യാത്രാ ചെലവ്‌ വീട്ടുകാർ വഹിക്കേണ്ടി വരുമെന്നും ധരിപ്പിച്ചു.

ഇതിന്റെ അടിസ്ഥാനത്തിലാണു മരിച്ച ജാനകിയുടെ നിർദ്ധനരായ ബന്ധുക്കൾ മൃതദേഹം കുവൈത്തിൽ തന്നെ സംസ്കരിക്കുന്നതിനുള്ള സമ്മത പത്രം അയക്കാൻ നിർബന്ധിതരായത്‌. ബന്ധുക്കളിൽ നിന്നുള്ള സമ്മത പത്രം ലഭിച്ചതോടെ മൃതദേഹം ഇന്നലെ കുവൈത്തിൽ സംസ്കരിക്കുകയും ചെയ്തു.

ഇതിൽ ദുരൂഹത ഉയരുന്നുണ്ട്‌. കുവൈത്തിൽ നിലവിൽ കോവിഡ്‌ ബാധിതരായി മരിച്ചവർ ഒഴികെയുള്ളവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക്‌ കൊണ്ട്‌ പോകുന്നതിനു തടസ്സങ്ങളില്ല.

ഇതോടെ ആദിവാസി വിഭാഗത്തിൽ പെട്ട ജാനകിയുടെ ഏക മകനു മാതാവിന്റെ മൃതദേഹം അവസാനമായി ഒരു നോക്ക്‌ കാണാനുള്ള അവസരമാണു നഷ്ടമായത്‌.

രാജ്യത്തെ നിയമ പ്രകാരം വിദേശികളുടെ മൃതദേഹം കുവൈത്തിൽ സംസ്കരിക്കുന്നതിനു ബന്ധുക്കളിൽ നിന്ന് അനുമതി പത്രം ആവശ്യമാണു. കുവൈത്ത്‌ കോവിഡ്‌ ബാധിത രാജ്യമായതിനാൽ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടു വരുന്നതിനു ഏറെ തടസ്സങ്ങൾ ഉണ്ടെന്നായിരുന്നു യുവതി ജോലി ചെയ്ത മലയാളിയായ വീട്ടുടമ മുഖേനെ നാട്ടിലെ ചില പാർട്ടി നേതാക്കൾ ബന്ധുക്കളെ അറിയിച്ചത്‌.

മരിച്ച യുവതി ആദിവാസി വിഭാഗത്തിൽ പെട്ടതിനാൽ വിമാന കൂലി അടക്കമുള്ള സൗജന്യങ്ങൾ എംബസിയിൽ നിന്ന് ലഭ്യമാക്കുവാനും സാധിക്കുമായിരുന്നു. വിമാന താവളത്തിൽ നിന്ന് നോർക്കയുടെ നേതൃത്വത്തിൽ മൃതദേഹം സൗജന്യമായാണു വീട്ടിൽ എത്തിക്കുന്നതും .

ആദിവാസി സംരക്ഷണ നിയമ പ്രകാരം അസ്വാഭാവികമരണം സംഭവിക്കുന്ന സാഹചര്യത്തിൽ പ്രത്യേക നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ മൃതദേഹം അടക്കം ചെയ്യാൻ പാടുള്ളൂ എന്നാണു ചട്ടം.

ഈ സാഹചര്യത്തിലാണു ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ച്‌ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകാതെ കുവൈത്തിൽ അടക്കം ചെയ്തത്‌ എന്നതും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

കഴിഞ്ഞ ബുധനാഴ്ച കാലത്താണു അബ്ബാസിയ ഹൈഡൈൻ സൂപ്പർ മാർക്കറ്റിനോട്‌ ചേർന്നുള്ള കെട്ടിടത്തിൽ കാസർഗ്ഗോഡ്‌ ബളാൽ സ്വദേശിനിയായ ജാനകി കോടക്കൽ ( 48) നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌.

മരിക്കുന്നതിന്റെ തലേ ദിവസം വൈകീട്ടാണു അവസാനമായി ഇവർ നാട്ടിൽ വിളിച്ചത്‌. മകനുമായി സംസാരിച്ച ശേഷം പിറ്റേന്ന് വീണ്ടും വിളിക്കാമെന്ന് പറഞ്ഞാണു ഇവർ ഫോൺ വെച്ചത്‌ . അന്ന് ഇവരുടെ സംസാരത്തിൽ യാതൊരു വിധ അസ്വാഭാവികതയും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു. പൊടുന്നനെ യുവതി ആത്മഹത്യ ചെയ്യാൻ ഉണ്ടായ പ്രേരണ സംബന്ധിച്ചും ബന്ധുക്കൾ സംശയം ഉയർത്തുന്നുണ്ട്‌.

രണ്ടര വർഷം മുമ്പാണു കാസർഗ്ഗോഡ്‌ സ്വദേശികളായ മലയാളി ദമ്പതികളുടെ വീട്ടു ജോലിക്കായി യുവതി കുവൈത്തിൽ എത്തിയത്‌. നാട്ടിലും ഇവർ തമ്മിൽ നേരത്തെ പരിചയക്കാരായിരുന്നു.

ആദിവാസി വിഭാഗത്തിലെ മാവിലാൻ സമുദായത്തിൽ പെട്ട ജാനകിയുടെ ഭർത്താവ്‌ രാഘവനും ഒരു മകളും നേരത്തെ മരണമടഞ്ഞിരുന്നു.

ഏകമകൻ രാജീവൻ കൂലിപ്പണിക്കാരനാണ് .

covid kuwait
Advertisment